Sorry, you need to enable JavaScript to visit this website.

സൗദിയിൽ അന്താരാഷ്ട്ര അറബി  ഭാഷാ കോംപ്ലക്‌സ് സ്ഥാപിക്കുന്നു

റിയാദ് - അറബി ഭാഷാ സേവനത്തിന് സൗദിയിൽ അന്താരാഷ്ട്ര കോംപ്ലക്‌സ് സ്ഥാപിക്കാൻ തീരുമാനം. കിംഗ് സൽമാൻ ഇന്റർനാഷണൽ അറബി ഭാഷാ കോംപ്ലക്‌സ് എന്ന പേരിൽ പുതിയ കോംപ്ലക്‌സ് സ്ഥാപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
വാഹന വാടക കരാറുകൾ പൊതുഗതാഗത അതോറിറ്ററി വെബ്‌സൈറ്റ് വഴി ഓൺലൈൻവൽക്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. എല്ലാ ഇനങ്ങളിൽ പെട്ട വാഹനങ്ങളുടെയും വാടകക്ക് ഇത് ബാധകമാണ്. 


പ്രാദേശിക, ആഗോള തലങ്ങളിൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും മുഴുവൻ ഗവൺമെന്റ് ജീവനക്കാരും ജോലി സ്ഥലങ്ങളിൽ ഡ്യൂട്ടി പുനരാരംഭിച്ചതും മന്ത്രിസഭാ യോഗം വിലയിരുത്തി. മുൻകരുതൽ, പ്രതിരോധന നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും എല്ലാവരും കർക്കശമായി പാലിക്കണമെന്നും കൊറോണ വ്യാപനം തടയുന്ന മുഴുവൻ പ്രോട്ടോകോളും നടപ്പാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. 


പുതിയ അധ്യയന വർഷം ആരംഭിച്ചതിൽ വിദ്യാർഥികളെയും അധ്യാപകരെയും മന്ത്രിസഭ അനുമോദിച്ചു. സാധ്യമായ ഏറ്റവും മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് ഇ-പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഓൺലൈൻ പഠന സമ്പ്രദായത്തിൽ കുടുംബങ്ങൾ തങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും ഭംഗിയായി നിർവഹിക്കണം. സൗദി അറാംകോ അൽജൗഫിലും ഉത്തര അതിർത്തി പ്രവിശ്യയിലും പുതിയ എണ്ണ, ഗ്യാസ് പാടങ്ങൾ കണ്ടെത്തിയത് അഭിമാനകരമാണ്. സൗദിയിൽ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് പിന്തുണ നൽകുന്നതിന് ഇവിടങ്ങളിൽ പര്യവേക്ഷണ, ഉൽപാദന ശ്രമങ്ങൾ നടത്തുന്ന ഊർജ മന്ത്രാലയത്തെയും സൗദി അറാംകോയെയും മന്ത്രിസഭ പ്രശംസിച്ചു. 


സൗദിയിൽ സിവിലിയൻ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തവിട്ട് ഹൂത്തി മിലീഷ്യകൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതിനെ മന്ത്രിസഭ അപലപിച്ചു. സുഡാനിൽ ഗവൺമെന്റും വിപ്ലവകാരികളും സമാധാന കരാർ ഒപ്പുവെച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തതായും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു.
 

Latest News