തിരുവനന്തപുരം-വെഞ്ഞാറമൂട് ഫൈസൽ വധശ്രമത്തിൽ പ്രതികൾക്കായി ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അത് തെളിയിക്കണമെന്നും അടൂർ പ്രകാശ് എം.പി. 'വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എല്ലാ ആധുനിക സംവിധാനങ്ങളും വെച്ച് കൊണ്ട് എന്നെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ, കോൾ വിവരങ്ങൾ എടുത്ത് അങ്ങനൊരു സംഭവംഉണ്ടായിട്ടുണ്ടോ, അതിൽ ഞാൻ ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ എന്നും പറയാൻ പറ്റണം. അതല്ലാതെ വെറുതെ എന്തെങ്കിലും വർത്തമാനം പറഞ്ഞിട്ട് കാര്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
മനോരമ ചാനലിൽ ആവർത്തിച്ച് തന്നോട് ചോദിച്ചിരുന്ന ഒരു കാര്യം താൻ ഒരു കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് കൊണ്ട് ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്നാണ്. എം.പിയായിട്ട് താൻ ഒന്നേകാൽ വർഷം ആകുന്നേയുള്ളു. ആ കാലയളവിനുള്ളിൽ നിരവധി പേർ തന്നെ വിളിച്ചിട്ടുണ്ട്. അതിൽ അവരുടെ ആവശ്യങ്ങൾ കേൾക്കുകയും അത് മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ന്യായമാണ് എന്ന് തോന്നുന്ന ബന്ധപ്പെടേണ്ട കാര്യങ്ങൾക്ക് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് ചാനൽ ചർച്ചയിലടക്കം പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു.
തനിക്കെതിരായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഒന്നും മറച്ചുവെച്ച് സംസാരിക്കുന്ന വ്യക്തിയല്ല ഞാൻ. സത്യങ്ങൾ പുറത്തുവരണം. കേരളത്തിലെ ജനങ്ങൾക്ക് സത്യം അറിയേണ്ട ആവശ്യമുണ്ട്. ഞങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുകയാണെന്നും അടൂർ പ്രകാശ് ആരോപിച്ചു.