തിരുവനന്തപുരം- കേരളത്തിലെ ബി.ജെ.പി.പ്രവർത്തകർ നൽകിയ ബലിദാനം വെറുതെയാകില്ലെന്നും കൊല ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്് ശിക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും ബി.ജെ.പി.ദേശിയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനത്ത് ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പ്രവർത്തകരുടെ കൊലപാതകത്തിന്റെ കാരണം വിശദീകരിക്കാൻ പിണറായി വിജയന് കഴിയില്ല. സി.പി.എം.കൊലപാതക കേസിലെ പ്രതിയെ പാർട്ടി ഭാരവാഹിയാക്കിയിരിക്കുകയാണ്. ബി.ജെ.പി പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനാണോ ജനങ്ങൾ സർക്കാരിന് പിന്തുണ നൽകിയത്. ഈ സർക്കാർ വന്നതിനുശേഷം 13 ബി.ജെ.പി പ്രവർത്തകരാണു കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ കൊല്ലപ്പെട്ടത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. എന്തുകൊണ്ട് ഈ യാത്ര സംഘടിപ്പിക്കേണ്ടിവന്നു എന്നതാണു പ്രധാനം. ബിജെപി പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അക്രമത്തിലൂടെ അടിച്ചമർത്താനാണു സി.പി.എം ശ്രമിക്കുന്നതെങ്കിൽ അവർക്ക് അതിനു കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിനെ രാജ്യത്ത് ഇല്ലാതാക്കിയത് അഴിമതിയും കുടുംബവാഴ്ചയുമാണെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽനിന്ന് ഇല്ലാതാക്കാൻ പോകുന്നത് അവർ നടത്തുന്ന അക്രമങ്ങൾ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രമല്ല രാജ്യത്തെ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും ജനരക്ഷായാത്ര നടന്നു. ദൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും ജനരക്ഷായാത്ര നടന്നപ്പോൾ പാർട്ടി ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ല എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാൽ ഞങ്ങളുടെ ഓഫീസുകൾ ബോംബ് വച്ച് തകർത്തവരാണ് പാർട്ടി ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ലെന്ന് പറയുന്നത്. കേരളത്തിന്റ വികസനത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്ന് പിണറായി വിജയൻ പറയുന്നു.
വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സാഹചര്യം ഒരുക്കിയാൽ അതിന് തങ്ങൾ തയ്യാറാണ്. കേരളത്തിൽ കേന്ദ്രസർക്കാർ നൽകിയ സഹായങ്ങളെക്കുറിച്ച് ഞങ്ങൾ പറയാം. ഞങ്ങളുടെ പ്രവർത്തകരെ കൊന്നതിന്റെ കാരണം പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്നും അമിത് ഷാ പറഞ്ഞു.