നെടുമ്പാശേരി- ദീപാവലി ആഘോഷ സീസണായതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെയുള്ള രാജ്യത്തിന്റെ വിമാന താവളങ്ങൾ വഴി സ്വർണം അനധികൃതമായി കടത്തുന്നതായി വിവരം ലഭിച്ചു. ഇതിനാൽ കസ്റ്റംസ് പരിശോധനകൾ കർശനമാക്കിയപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ അനധികൃത സ്വർണക്കടത്ത് വേട്ട തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം മൂന്ന് പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പേ അനധികൃതമായി സ്വർണം കടത്തുവാൻ ശ്രമിച്ച അടുത്ത കേസ് കൂടി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കുലാലംപൂരിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ എയർ ഏഷ്യയുടെ എഫ്.ഡി 170 വിമാനത്തിൽ വന്ന യാത്രക്കാരനായ പഞ്ചാബ് സ്വദേശി നരീന്ദ്രകുമാർ ജൽഹോത്രയിൽ നിന്നും 29 ലക്ഷം രൂപയുടെ അനധികൃത സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനമിറങ്ങിയ നരീന്ദ്രകുമാർ ജൽഹോത്ര പരിശോധനകൾ പൂർത്തീകരിച്ചതിന് ശേഷം പുറത്തേക്ക് പോകാനുള്ള ശ്രമത്തിനിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾ തലമുടിയിൽ ഇടുന്ന റബർ റിംഗിൽ ചെറിയ ചതുര കഷ്ണമായി ഘടിപ്പിച്ചാണ് സ്വർണം കടത്തിയത്. കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ പുല്ലേല നാഗേശ്വര റാവുവിന്റെയും അഡീഷണൽ കമ്മീഷണർ എസ്. അനിൽകുമാറിന്റെയും നിർദ്ദേശത്തെ തുടർന്നാണ് വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയത്. ഞായറാഴ്ച രാത്രിയും ഇന്നലെ പകലുമായി മൂന്ന് യാത്രക്കാരിൽനിന്ന് ഒരു കോടിയിലേറെ രൂപയുടെ മൂന്നേ കാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സിദ്ദിഖിൽ നിന്നും സ്പീക്കറിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച രണ്ട് കിലോയിലേറെ സ്വർണമാണ് പിടിച്ചെടുത്തത്. സ്പീക്കറിനകത്തുളള ട്രാൻസ്ഫോർമറിനുളളിലെ ചെമ്പുകമ്പി നീക്കം ചെയ്തശേഷം പകരം സ്വർണം കമ്പി രൂപത്തിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് സ്വർണ ബിസ്‌ക്കറ്റും ഇയാളിൽ നിന്നും കസ്റ്റംസ്പിടിച്ചെടുത്തു.
ജെറ്റ് എയർവേയ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കർണാടക സ്വദേശി സിയാവുൾ ഹക്ക് കാൽപാദങ്ങൾക്കടിയിൽ ഒട്ടിച്ച് കടത്തികൊണ്ടുവന്ന 466 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്തിൽ നിന്നും ഇറങ്ങിയ ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയതാണ് പിടിയിലാകാൻ കാരണം. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ പാലക്കാട് സ്വദേശി നിയാസ് അബ്ദുൾറഹ്മാനാണ് പിടിക്കപ്പെട്ട മൂന്നാമത്തെ യാത്രക്കാരൻ. പെർഫ്യൂം ബോട്ടിലിന്റെ അടപ്പിനകത്താണ് ചെറിയ മുത്തുകളുടെ രൂപത്തിൽ 703 ഗ്രാം സ്വർണം ഇയാൾ ഒളിപ്പിച്ചിരുന്നത്.നെടുമ്പാശേരിയിൽ യാത്രക്കാരുടെ ബാഗേജ് പരിശോധന കൂടുതൽ കർക്കശമാക്കിയതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർമാരായ ഇ.വി. ശിവരാമൻ, റോയി വർഗീസ് എന്നിവർ അറിയിച്ചു. പരിശോധനകൾക്ക് കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എസ്. ബിജുമോൻ, കെ.കെ. സോമസുന്ദരം, കെ.ജി. ശ്രീകുമാർ, കെ. സതീഷ്, ഇൻസ്‌പെക്ടർമാരായ പ്രശാന്ത് രാജൻ, ധീരജ് കുമാർ, എം. സുരേഷ്, പി.കെ. ഷിജുമോൻ, കെ.സി. നിസക്ൺ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.