ആലപ്പുഴ -ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കൊലപാതകങ്ങൾക്കു പിന്നിൽ തഴച്ചുവളരുന്ന മദ്യ-മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘങ്ങളും. പ്രാദേശിക തലത്തിൽ ഇക്കൂട്ടരുടെ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന സാധാരണക്കാരായ യുവാക്കളാണ് നടുറോഡിലും മറ്റും ദാരുണമായി കൊല്ലപ്പെടുന്നത്.
കൊലയാളികളെ രക്ഷിക്കാൻ ബാറുടമകളും രാഷ്ട്രീയക്കാരും പോലീസുകാരുമുള്ളപ്പോൾ നിർഭയമായി ക്വട്ടേഷൻ സംഘങ്ങൾ വിലസുന്നു. ക്വട്ടേഷൻ ടീമുകളുടെ കുടിപ്പകയും അക്രമങ്ങൾക്കും കൊലപാതകത്തിനും കാരണമാകുന്നുണ്ട്. ഏറ്റവുമൊടുവിൽ കായംകുളത്തെ സി.പി.എം പ്രവർത്തകൻ സിയാദാണ് ക്വട്ടേഷൻ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായത്.
സംഭവുമായി ബന്ധപ്പെട്ട് പോലീസ് സജീവമാകുന്നതായി തോന്നിപ്പിക്കുകയും രാഷ്ട്രീയ നേതാക്കൾ പ്രതിഷേധങ്ങളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുമെങ്കിലും ആത്യന്തികമായി കൊലയാളികളെ അമർച്ച ചെയ്യാനുള്ള കാര്യമായ ഒരു നീക്കവും നടത്താറില്ല. സിയാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വെറ്റമുജീവെന്ന മുജീബ് നിരവധി കൊലക്കേസുകളിൽ പ്രതിയാണ്.
അക്രമങ്ങൾക്കും എതിരാളികളെ വകവരുത്തുന്നതിനും ഇയാളെപ്പോലുള്ളവരെ ഇടതു,വലതു വ്യത്യാസമില്ലാതെ ഉപയോഗപ്പെടുത്തുന്നതാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് തണലാകുന്നത്. പോലീസ് പിടികൂടിയാൽ തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി എത്രയും വേഗം ഇവരെ പുറത്തിറക്കാനും പോലീസ്-രാഷ്ട്രീയ കൂട്ടുകെട്ടുകളും സജീവമാകുന്നു. രാഷ്ട്രീയക്കാരുമായുള്ള ബന്ധം, പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ തലങ്ങളിലുള്ള സ്വാധീനം, അഭിഭാഷകരുമായുള്ള ബന്ധം, ബാറുൾപ്പെടെയുള്ള ഉന്നത വ്യാപാരികളുമായുള്ള സഹകരണം തുടങ്ങിയവയെല്ലാം ക്വട്ടേഷൻ രാജാക്കന്മാരുടെ നിലനിൽപിന് സഹായകമാകുന്നു.
എന്തു ചെയ്താലും കോലാഹലങ്ങൾ കെട്ടടങ്ങുമ്പോൾ കേസിൽ നിന്ന് ഊരിയെടുക്കാൻ ആളെത്തുമെന്ന വിശ്വാസം ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് കൂടുതൽ തെറ്റുകൾ ചെയ്യാൻ പ്രേരണയാകുന്നു. കായംകുളം സിയാദ് കൊലക്കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ പലരും സ്വമേധയാ പോലീസിൽ കീഴടങ്ങുകയായിരുന്നുവത്രേ. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെയും അഭിഭാഷകരുടെയും സഹായത്തോടെയാണ് ഇവർ 'നിയമത്തിനുമുന്നിൽ' കീഴടങ്ങാൻ എത്തിയതെന്ന് പറയപ്പെടുന്നു. എത്ര വലിയ കേസാണെങ്കിലും സഹായിക്കാൻ ആളുണ്ടെങ്കിൽ പേടിക്കാനെന്തിരിക്കുന്നുവെന്നാണ് സിയാദ് കൊലക്കേസിലെ പ്രതികളുടെ കീഴടങ്ങലിന് സാക്ഷിയായ ഒരു പോലിസുദ്യോഗസ്ഥൻ പറഞ്ഞത്.
കായംകുളത്ത് മാത്രമല്ല, ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടാണ്. നിരത്തുകളിലൂടെയുള്ള യാത്ര പോലും പലപ്പോഴും ഭയപ്പെടുത്തുമെന്ന് ജനങ്ങൾ പറയുന്നു. വാഹനങ്ങളിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനം തട്ടിയാൽ മാരകായുധങ്ങളുമായി ചാടിയിറങ്ങി വകവരുത്തുന്ന രീതിയാണ് തുടരുന്നത്. അടുത്ത കാലത്ത് കരീലക്കുളങ്ങരയിൽ സമാന സംഭവമുണ്ടായി. വാഹനങ്ങളിൽ മാരകായുധവുമായി സഞ്ചരിക്കുന്ന ഇക്കൂട്ടരെ അമർച്ച ചെയ്യാൻ പോലീസിന് സാധിക്കുന്നില്ല. കായംകുളത്തെ സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞത് ക്വട്ടേഷൻ സംഘത്തിന് രാഷ്ട്രീയ ബന്ധം ഇല്ലെന്നാണ്. രാഷ്ട്രീയക്കാരും പോലീസുകാരും തമ്മിള്ള അഡ്ജസ്റ്റുമെന്റാണ് ഇതിനു പിന്നിൽ.
മയക്കുമരുന്ന് മാഫിയയുടെ ശല്യമേറെയുള്ളത് ആലപ്പുഴ ബീച്ചിലും നഗരപ്രദേശത്തുമാണ്. സ്‌കൂൾ-കോളേജ് അവധിയായതിനാൽ മയക്കുമരുന്ന് മാഫിയക്ക് വേണ്ടത്ര കസ്റ്റമേഴ്‌സിനെ ലഭിക്കുന്നില്ല. മുൻപ് സ്‌കൂൾ, കോളേജ് കുട്ടികളെ ലക്ഷ്യമിട്ട് കലാലയങ്ങളുടെ സമീപത്ത് ഇവർ തമ്പടിച്ചിരുന്നു. ഇപ്പോൾ ബീച്ച്, നഗരത്തിലെ പ്രധാനയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നത്.
മയക്കുമരുന്ന് മാഫിയക്ക് തണലൊരുക്കുന്ന പോലീസുകാരും രാഷ്ട്രീയക്കാരുമുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവരെ ഇരുചെവിയറിയാതെ ഊരിക്കൊണ്ടു പോകുന്നതിന രാഷ്ട്രീയക്കാർ സജീവമായി രംഗത്തുണ്ടാകും. ഇവരെ ഉപയോഗപ്പെടുത്തിയാണ് പാർട്ടികൾ സമരവും മറ്റും സംഘടിപ്പിക്കുന്നതെന്നതിനാൽ ഇവരെ കുടുക്കാൻ പാർട്ടി നേതൃത്വത്തിന് ഒട്ടും താൽപര്യമില്ല.
സിയാദ് കൊലക്കേസിനെത്തുടർന്ന് കോൺഗ്രസ്, സിപിഎം വാക്‌പോര് നടന്നെങ്കിലും യഥാർഥ പ്രശ്‌നത്തിൽ നിന്ന് പാർട്ടികളെല്ലാം ഒളിച്ചോടുകയാണ്. മദ്യവും മയക്കുമരുന്നിന്റെയുമൊക്കെ പേരിൽ രാപ്പകൽ വ്യത്യാസമില്ലാതെ പരസ്പരം ആയുധമെടുക്കുന്നവരെ അവസാനം രാഷ്ട്രീയക്കാർ രക്തസാക്ഷിയാക്കിയെടുക്കുന്നു. അപ്പോഴത്തെ രാഷ്ട്രീയ ലക്ഷ്യം മാത്രം നോക്കുന്നതിനാൽ ക്വട്ടേഷൻ, ഗുണ്ടാസംഘങ്ങൾ രക്ഷപ്പെടുകയും ചെയ്യുന്നു.
ഇതിനിടെ കായംകുളത്ത് സിപിഎം പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയതിനു പിന്നാലെ സുഹൃത്ത് റജീസിനെ കൊലപ്പെടുത്താനും
ശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റു ചെയ്തിരുന്നു.
ക്വട്ടേഷൻ നേതാവ് നൽകിയ ലിസ്റ്റിലുള്ളവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കായംകുളത്തെ ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വിവര ശേഖരണത്തെ തുടർന്നാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം. നഗരത്തിലെ മീറ്റർ പലിശ ഇടപാടുകാരനായ ക്വട്ടേഷൻ നേതാവിനെ ചോദ്യം ചെയ്തപ്പോൾ നാൽപതിലധികം പേരുടെ വിവരങ്ങളാണ് ലഭിച്ചത്. ഇയാളുടെ പണമിടപാടുകൾ സംബന്ധിച്ച രേഖകളും ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇയാൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടവരെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യും. ക്വട്ടേഷൻ ഇടപാടുകളിലൂടെയും ബ്ലേഡ് പണമിടപാടുകളിലൂടെയും ലഭിക്കുന്ന പണം സംബന്ധിച്ച വിവരങ്ങൾ നൽകിയെന്നാണു സൂചന. ഭരണ, പ്രതിപക്ഷ സംഘടനകളിലെ നേതാക്കളുൾപ്പെടെയുള്ളവർ പട്ടികയിലുണ്ടെന്നും സൂചനയുണ്ട്. പ്രതിപക്ഷ വിദ്യാർഥി സംഘടനയുടെ ജില്ലാ നേതാവ്, ഭരണകക്ഷി യുവജന സംഘടനയുടെ മേഖലാ നേതാക്കൾ, ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങിയവർ ലിസ്റ്റിലുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ തടിക്കച്ചവടം, തുണിക്കച്ചവടം, പോത്തുകച്ചവടം തുടങ്ങിയവയിൽ ഏർപ്പെടുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.