കാസർകോട് - ഇലയിൽ നിരത്തിയ വിഭവങ്ങൾ കണ്ടില്ലേ. തിരുവോണ നാളിൽ പാലക്കുന്ന് പള്ളത്തിൽ ഫമിത എന്ന വീട്ടമ്മ തയാറാക്കിയ ഓണ സദ്യയാണിത്. വീട്ടിൽ ഉണ്ടാക്കുന്ന അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കൊണ്ടല്ല, വായിൽ വെള്ളമൂറുന്ന കേക്ക് കൊണ്ടാണ് ഈ സദ്യ ഒരുക്കിയാണ് തിരുവോണ ദിവസം അയൽക്കാരെയും ബന്ധുക്കളെയും പള്ളത്തിലെ എം.എച്ച് മാൻഷനിലേക്ക് ക്ഷണിച്ചത്. ചോറിനോടൊപ്പം സാമ്പാർ, കൂട്ടുകറി, അവിയൽ, ഓലൻ, വറവ്, പച്ചടി, പുളിയിഞ്ചി, സർക്കര ഉപ്പേരി , പാൽപായസം, തൈര് , രസം, പപ്പടം തുടങ്ങിയവയും ഇതെല്ലാം വിളമ്പാനുള്ള വാഴഇല പോലും കേക്കുകൊണ്ടാണ് ഫമിത ഉണ്ടാക്കിയത്. വീട്ടിലിരുന്നു മുഷിയുമ്പോൾ ഹോബിയായി തുടങ്ങിയതാണ് വിവിധ രുചിക്കുട്ടിൽ കേക്ക് നിർമാണം. അത് രുചിച്ച് നോക്കിയവരെല്ലാം അടിപൊളിയെന്ന് മാർക്കിട്ടപ്പോൾ ഓർഡർ വാങ്ങി വിൽക്കാൻ പ്രേരണയായി. മുൻ പ്രവാസിയും ഇപ്പോൾ എറണാകുളത്ത് ചെറുകിട ബിസിനസുകാരനുമായ ഭർത്താവ് സാജിദും പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ വീട്ടിലിരുന്നു കേക്ക് ഉണ്ടാക്കലാണ് മൂന്നു മക്കളുടെ അമ്മയായ ഫമിതയുടെ ജോലി. വിവാഹം, വിവാഹ വാർഷികം, ജന്മദിനം തുടങ്ങി വീടുകളിലെ സ്വകാര്യ വിശേഷാൽ പരിപാടികൾക്കെല്ലാം കേക്കുണ്ടാക്കി കൊടുക്കാൻ വിളികൾ വരുന്നുണ്ടെന്നും വീട്ടമ്മമാർക്കിത് ചില്ലറ വരുമാന മാർഗമാണെന്നും ഫമിത പറയുന്നു.