Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസിന് മനുഷ്യരെന്നാൽ കൊന്നുതള്ളാനുള്ള ശരീരങ്ങൾ മാത്രം -എം. സ്വരാജ് 

തിരുവനന്തപുരം - വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി എം. സ്വരാജ് എം.എൽ.എ.
കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളതെന്ന് കൊന്നുതീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചുവളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസെന്നും സ്വരാജ് ഫെയ്‌സ്ബുക്കിൽ എഴുതി. രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല, ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്‌കാരമാണ് കോൺഗ്രസിന്റേതെന്നും കൂടെ കൊടിപിടിക്കുന്ന സഹപ്രവർത്തകരെ പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ എന്നും സ്വരാജ് ചോദിച്ചു.
ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം. ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിക്കണം. 


എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
ജീവിതത്തിന്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ ഭാരവാഹികളായ സഖാക്കൾ മിഥ്ലാജും ഹഖ് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിന്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്.
രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു. ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഡി.വൈ.എഫ്.ഐ മേഖലാ ജോ. സെക്രട്ടറി ഫൈസലിനെ കൊല്ലാൻ ശ്രമിച്ച അതേ കോൺഗ്രസ് ക്രിമിനലുകളാണ് ജയിലിൽ നിന്നിറങ്ങിയ ശേഷം ഇപ്പോൾ മിഥ്ലാജിനെയും ഹഖിനെയും അരുംകൊല ചെയ്തത്.
ഫൈസൽ അന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയാണുണ്ടായത്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ആർ.എസ്.എസിനോട് മത്സരിക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്. പക്ഷേ അവർ തമ്മിലൊരിടത്തും പറയത്തക്ക സംഘർഷമുണ്ടാവുകയുമില്ല. ആർ.എസ്.എസിനോടൊപ്പം ചേർന്ന് ആയിരങ്ങളെ കൊന്നൊടുക്കിയ സിക്ക് കൂട്ടക്കൊലയിലുൾപ്പെടെ കോൺഗ്രസിന്റെ ഭീകര മുഖം ഇന്ത്യ കണ്ടതാണ്.


കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്. കൊന്നു തീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസ്.
രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്‌കാരമാണ് കോൺഗ്രസിന്റേത്. കൂടെ കൊടി പിടിക്കുന്ന സഹപ്രവർത്തകരെ പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ?
പി.വി ബഷീർ, ഔസേപ്പ്, ശ്രീവത്സൻ, ലാൽജി, മധു, ഹനീഫ എത്രയെത്ര കോൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടിട്ടുള്ളത്. ചോര കണ്ട് അറപ്പ് തീർന്ന ചോരക്കൊതിയന്മാർക്ക് ആയുധത്തിന്റെ ഭാഷ മാത്രമേ അറിയൂ. മനുഷ്യരെന്നാൽ അവർക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങൾ മാത്രമാണ്.
നാടിന്റെ കാവൽക്കാരായി നിലയുറപ്പിച്ചവരാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. 
കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ഖദർ ചുളിയാതെ അസംബന്ധ നാടകം കളിക്കുന്ന അപഹാസ്യ കഥാപാത്രങ്ങൾക്കിടയിൽ വേറിട്ടുനിന്ന് നാടിന്റെ കാവൽക്കാരായ ചെറുപ്പക്കാരാണ് തിരുവോണ മുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്നത്.


പാഴ്‌വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റും മണ്ണ് ചുമന്നും കൃഷിയിറക്കിയും പതിനൊന്നു കോടി രൂപ കേരളത്തിനു നൽകിയ ചെറുപ്പക്കാരിൽ രണ്ടു പേരാണീ ചലനമറ്റു കിടക്കുന്നത്. കായംകുളത്ത് സിയാദിനെ കൊന്നു തള്ളിയത് കഴിഞ്ഞ ദിവസമാണ്. ദുരന്ത കാലത്തു പോലും ആയുധം താഴെ വെയ്ക്കാത്ത കോൺഗ്രസ് കേരളത്തിന് ഭീഷണിയാണ്.
കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിന്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിക്കേണ്ട സന്ദർഭമാണിത്.
ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസ്സിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല. യുവാക്കളുടെ രോഷത്തിന്റെയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിക്കും. തീർച്ച.
ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം. ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിക്കണം. അന്നേ നമ്മുടെ നാട്ടിൽ സമാധാനമുണ്ടാവൂ.

 

Latest News