അബുദബി- ദുബായിലും അബുദബിയിലുമായി രണ്ടു റസ്റ്റൊറന്റുകളില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേരുടെ മരണത്തിനിടയാക്കിയ അബുദബിയിലെ എയര്‍പോര്‍ട്ട് റോഡിലെ റസ്റ്റൊറന്റില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ അതുവഴി കടന്നു പോകുന്നതിനിടെ അപകത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഗ്യാസ് കണ്ടെയ്‌നറിന്റെ ഫിറ്റിങില്‍ വന്ന അപാതകയാണ് അപകട കാരണമെന്ന് അബുദബി പോലീസ് അറിയിച്ചു.
ദുബായില്‍ ഒരു റസ്റ്റൊറന്റിനകത്ത് ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ഒരു ഏഷ്യക്കാരന്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇന്റര്‍നാഷണല്‍ സിറ്റിലിയിലെ നാലു നിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കന്ന റസ്റ്റൊറന്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.13നാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകരെത്തി ഉടന്‍ തീ അണച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുണ്ടായിരുന്ന മുഴവന്‍ പേരേയും ഒഴിപ്പിച്ചു. അഞ്ചു മണിയോടെ തീ പൂര്‍ണമായും അണച്ചു.