Sorry, you need to enable JavaScript to visit this website.

ലൈഫ് പദ്ധതി: അപേക്ഷകളിൽ ഇരട്ടി വർധന; മാനദണ്ഡ പരിശോധനകൾ കർക്കശമാക്കുന്നു

കൊണ്ടോട്ടി - സംസ്ഥാനത്ത് ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിക്കുന്നവരുടെ ക്രമാതീതമായ വർധനവിനെ തുടർന്ന് മാനദണ്ഡ പരിശോധന കർക്കശമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 6,39,857 കുടുംബങ്ങളാണ് വിവിധ ലൈഫ് മിഷൻ പദ്ധതികളിൽ അപേക്ഷകളായി ലഭിച്ചത്. സെപ്തംബർ ഒമ്പത് വരെ അപേക്ഷ സമർപ്പണ തീയതി നീട്ടിയതോടെ ഇനിയും വർധിക്കും. ഇതോടെയാണ് ഓരോ അപേക്ഷകളിലും മാനദണ്ഡങ്ങൾ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസ(വി.ഇ.ഒ) ർമാർ കർക്കശമാക്കുന്നത്.
സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളുമാണ് നിലവിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഗ്രാമസഭകളിലൂടെയാണ് നേരത്തെ അപേക്ഷകൾ സമർപ്പിച്ചിരുന്നത്. എന്നാൽ നിരവധി പേർക്ക് അപേക്ഷ നൽകാനാവാത്ത സാഹചര്യവും റേഷൻ കാർഡിന്റെ പേരിൽ തഴയപ്പെെട്ടന്നും പരാതികൾ ഉയർന്നതോടെയാണ് വീണ്ടും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഓൺലൈൻ വഴിയുളള സ്വീകരണത്തിലാണ് അപേക്ഷകൾ ക്രമാതീതമായ വർധനയുണ്ടായത്.


കഴിഞ്ഞ തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭകളിലൂടെ അംഗീകാരം നേടിയെടുത്ത ഭൂമിയുളള ഭവന രഹിതരുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഒരു ലക്ഷത്തിലേറെ പേരെയാണ് അനർഹരായി കണ്ടെത്തിയത്. ഇത്തവണ ഓൺലൈൻ അപേക്ഷകളില്ലാത്തതിനാൽ മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ നിരവധിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധനകൾ കർക്കശമാക്കാൻ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസ (വി.ഇ.ഒ) ർമാർക്ക് നിർദേശം ലഭിച്ചത്. അപേക്ഷകന്റെ പേരിൽ സ്വന്തമായി റേഷൻ കാർഡ് വേണമെന്നാണ് പ്രധാന ചട്ടം. എന്നാൽ കുടുംബത്തിലെ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയവർ നിരവധിയാണ്. വരുമാനം, ആവശ്യമായ രേഖകൾ തുടങ്ങിയവയും മാനദണ്ഡ പരിശോധനകൾ കർക്കശമാക്കും. സംസ്ഥാനത്ത് ലൈഫ് മിഷൻ ലൈഫ് മിഷനിൽ ഇതുവരെ 2,25,750 വീടുകളുടെ പൂർത്തീകരണത്തിന് ചെലവഴിച്ചത് 8068.70 കോടി രൂപയാണ്. ഒന്നാം ഘട്ടത്തിൽ 52,296 വീടുകളും രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരിൽ  81,437 പേർ വീടുകളും പൂർത്തിയാക്കി. മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതർക്ക് 1458 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന പി.എം.എ.വൈ-ലൈഫ് (അർബൻ) പദ്ധതിയിൽ 48,445 വീടുകളും പി.എം.എ.വൈ-ലൈഫ് (റൂറൽ) പദ്ധതിയിൽ 16,945 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്.

 

Latest News