റിയാദ് - കോൺട്രാക്ടിംഗ് മേഖലയിൽ സൗദിവൽക്കരണ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റിയും തുടക്കം കുറിച്ചു. കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഏതാനും തൊഴിൽ മേഖലകൾ സൗദിവൽക്കരിക്കാനാണ് ശ്രമം. കോൺട്രാക്ടിംഗ് മേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ സമഗ്രമായി പുനഃപരിശോധിച്ച് നാലു തൊഴിൽ മേഖലകൾ സൗദിവൽക്കരിക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. കോൺട്രാക്ടിംഗ് മേഖലയിൽ 30 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 90 ശതമാനത്തിലേറെയും വിദേശികളാണ്.
സൂപ്പർവൈസർ, കൺസ്ട്രക്ഷൻ ടെക്‌നിഷ്യൻ, സ്‌പേസ് ടെക്‌നിഷ്യൻ, റോഡ് ടെക്‌നിഷ്യൻ എന്നീ നാലു തൊഴിലുകളിൽ യോഗ്യരായ സൗദി യുവാക്കൾക്ക് കോൺട്രാക്ടിംഗ് കമ്പനികളിൽ തൊഴിൽ ലഭ്യമാക്കാനാണ് പദ്ധതിയെന്ന് മാനവശേഷി വികസന നിധി പറഞ്ഞു. സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ അംഗീകാരമുള്ള പരിശീലന കേന്ദ്രങ്ങൾ വഴി ഈ തൊഴിലുകളിൽ സൗദി യുവാക്കൾക്ക് പരിശീലനങ്ങൾ നൽകുകയും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും ചെയ്യും. പരിശീലന കാലത്തും ജോലിയിൽ പ്രവേശിച്ച ശേഷവും യുവാക്കൾക്ക് പദ്ധതി വഴി തൊഴിൽ മാർഗനിർദേശങ്ങൾ നൽകുകയും അവരെ നിരീക്ഷിക്കുകയും ചെയ്യും. മാനവശേഷി വികസന നിധി സാമ്പത്തിക സഹായത്തോടെയാണ് ഇവർക്ക് പരിശീലനവും കോൺട്രാക്ടിംഗ് സ്ഥാപനങ്ങളിൽ ജോലിയും ലഭ്യമാക്കുകയെന്നും മാനവശേഷി വികസന നിധി പറഞ്ഞു.
സൗദിയിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമാണ്. എൻജിനീയറിംഗ് മേഖലയിൽ 20 ശതമാനം സൗദിവൽക്കരണം നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദിവസങ്ങൾക്കു മുമ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത് ജനുവരി 14 മുതൽ പ്രാബല്യത്തിൽ വരും. അഞ്ചും അതിൽ കൂടുതലും എൻജിനീയർമാരെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി എൻജിനീയർമാരുടെ മിനിമം വേതനം 7000 റിയാലിൽ കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
ആദ്യ ഘട്ടത്തിൽ ഏഴായിരം സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാക്കാൻ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ രാജ്യത്ത് ഉദ്യോഗാർഥികളായി കഴിയുന്ന മുഴുവൻ സ്വദേശി എൻജിനീയർമാർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഇരുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുതിലൂടെ സാധിക്കും. നിലവിൽ 5000 ത്തോളം സൗദി എൻജിനീയർമാരാണ് ഉദ്യോഗാർഥികളായി കഴിയുന്നത്. സമീപ ഭാവിയിൽ എൻജിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഇരുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ സാധിക്കും. ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന എൻജിനീയറിംഗ് ബിരുദധാരികളുടെ എണ്ണത്തിന് അനുസരിച്ച് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ സൗദിവൽക്കരണ അനുപാതം ഓരോ കൊല്ലവും ഉയർത്തുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എൻജിനീയറിംഗ് മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിക്കും. സ്ഥാപനങ്ങൾക്കുള്ള ഓൺലൈൻ സേവനങ്ങൾ നിർത്തിവെക്കൽ അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുക. എൻജിനീയറിംഗ് പ്രൊഫഷനിൽ പുതിയ വിസകൾ നിർത്തിവെക്കൽ, വിദേശ എൻജിനീയർമാരുടെ സ്‌പോൺസർഷിപ്പ് മാറ്റം വിലക്കൽ, പ്രൊഫഷൻ മാറ്റം വിലക്കൽ, വിദേശ എൻജിനീയർമാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്നതും നിർത്തിവെക്കൽ എന്നിവ അടക്കമുള്ള ശിക്ഷാ നടപടികളാണ് എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കുക.