Sorry, you need to enable JavaScript to visit this website.

തിരിച്ചുപിടിക്കണം മാവേലിയേയും ഓണത്തേയും  

കോവിഡ് തകർത്തെറിഞ്ഞെങ്കിലും ഒരു ഓണക്കാലം കൂടി. തീർച്ചയായും ഓണത്തെ തിരിച്ചുപിടിക്കണം. കോവിഡിൽ നിന്നുമാത്രമല്ല, മറ്റു പലതിൽ നിന്നും. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി മലയാളി കാണുന്ന മഹാബലിയെയാണ് ആദ്യം തിരിച്ചുപിടിക്കേണ്ടത്. ഒരു വശത്ത് സവർണനും മറുവശത്ത് കോമാളിയുമായി ചിത്രീകരിച്ചിക്കുന്ന മാവേലിയിലെ അസുരസ്വത്വമാണ് തിരിച്ചുപിടിക്കേണ്ടത്. ഇക്കാര്യം അടുത്ത കാലത്തായി കേരളത്തിൽ സജീവ ചർച്ചയായിട്ടുണ്ട്. അത്തരത്തിലുള്ള മാവേലിയുടെ ചിത്രങ്ങളും പ്രചാരത്തിലായിട്ടുണ്ട്. മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നടപടിക്കെതിരേ നടപടി വേണമെന്നും അസുര ചക്രവർത്തിക്കു ചേർന്ന രൂപം നൽകാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദളിതു സംഘടനകൾ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയിരുന്നു. അതേസമയം സംഘപരിവാർ ശക്തികൾ ഓണം മാവേലി സ്മരണയല്ല, വാമന സ്മരണയാണെന്ന വാദം ഉയർത്തിക്കൊണ്ടു വന്നിരുന്നു. അമിത് ഷാ പോലും ഒരിക്കലങ്ങനെ പറഞ്ഞിരുന്നു. തൃക്കാക്കര വാമന ക്ഷേത്രത്തിൽ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ചിലർ രംഗത്തെത്തുകയും ചെയ്തു. അസുര ഗണത്തിൽപെടുന്ന മാവേലി ദേവഗണത്തിൽ പെടുന്ന വാമനമൂർത്തി  ക്ഷേത്രത്തിൽ പാടില്ല എന്നായിരുന്നു അവരുടെ ആവശ്യം. 
വാസ്തവത്തിൽ ആരായിരുന്നു മഹാബലി? മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ... എന്ന വരികൾ പാടാത്തവരുണ്ടാകില്ല. എന്നാൽ സഹോദരൻ അയ്യപ്പൻ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികൾ ആരും പാടാറില്ല. ആ വരികൾ ആരാണ് മാവേലി എന്നു വ്യക്തമാക്കും.

 

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി, ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശലമാർന്നൊരു വാമനനെ, വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ, ശീർഷം ചവിട്ടിയാ യാചകനും
അന്നുതൊട്ടിന്ത്യയധഃപതിച്ചു, മന്നിലധർമം സ്ഥലം പിടിച്ചു.

അന്ന് തൊട്ട് ഇന്ത്യ അധഃപതിച്ചെന്നും മന്നിലധർമം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്. മാവേലി യാഥാർത്ഥ്യമായിരുന്നിരിക്കാം, മിത്തായിരുന്നിരിക്കാം. മിത്തുകളും താനെ ഉണ്ടാകുകയില്ലല്ലോ. അക്കാലം മുന്നോട്ടുവെച്ച മനോഹരമായ സമത്വസങ്കൽപമാണ് വാമനന്റെ വരവോടെ തകർന്നടിഞ്ഞത് എന്നർത്ഥം. ഇപ്പോഴെന്താണ് വാസ്തവത്തിൽ നടക്കുന്നത്? മാവേലിയുടെ അപദാനങ്ങൾ പാടി വാമനനെ പൂജിക്കുകയാണ് നാം. ഒപ്പം ഒരു വശത്ത് മാവേലിയെ സവർണനും മറുവശത്ത് കോമാളിയുമാക്കി. 


ഓണം മലയാളികളുടെ മൊത്തം ആഘോഷമായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ വിവിധ സമൂഹങ്ങളിലെ ആഘോഷ രീതികളിൽ വലിയ അന്തരങ്ങൾ ഉണ്ടായിരുന്നു. കാർഷിക ജീവിതവും പ്രാദേശിക പുതുവർഷവും ഒക്കെയാണു അതിനെ ആഘോഷമാക്കി മാറ്റിയിട്ടുള്ളത്. കാലാവസ്ഥയുടെയും ഭൂമിശാസ്ത്രത്തിന്റെയും കാർഷിക വൃത്തിയുടെയും പ്രാദേശിക മിത്തിന്റെയുമൊക്കെ സ്വാധീനം ഓണത്തിനുണ്ട്. തീർച്ചയായും മാവേലി ഒരു അവർണരാജാവാണെന്നു അനുമാനിക്കാം. അതാണല്ലോ മാവേലി ഭരണത്തിൽ അസൂയാലുക്കളായ ദേവന്മാർ ആ ഭരണത്തെ തകർക്കാൻ തീരുമാനിച്ചത്. ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളിലെ പ്രകടമായ അവർണ ആധിപത്യം ഇതേ കുറിച്ചു പഠിച്ചവർ ചൂണ്ടിക്കാട്ടുന്നുണ്ട്. പാണൻ, വണ്ണാൻ, മണ്ണാൻ, വേലൻ, പറയർ, പുലയർ, കണക്കർ, ചെറുമർ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളിൽ വലിയ പങ്കും പാടി നടന്നിരുന്നത്. എന്നാൽ ഏറെക്കാലമായി അതെല്ലാം മാറിയിരിക്കുന്നു. ഓണവും മാവേലിയുമൊക്കെ ഹൈജാക് ചെയ്യപ്പെട്ടിരിക്കുന്നു. 


ഓണം ഹൈജാക് ചെയ്യപ്പെട്ടതിൽ പലർക്കും ഉത്തരവാദിത്തമുണ്ട്. ഇടതുപക്ഷക്കാർ അവരുടെ സോഷ്യലിസ്റ്റ് സങ്കൽപപ്രകാരം മാവേലിയെ കമ്യൂണിസ്റ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചിരുന്നു. കർഷക യൂനിയനുകളുടെ വ്യാപനകാലത്ത് ഓണത്തിനു കാർഷിക ഉത്സവമെന്ന വ്യാഖ്യാനം വന്നു. ഐക്യകേരള പ്രസ്ഥനത്തോടെ അത് ദേശീയ ഉത്സവമായി മാറി. സവർണ ശക്തികൾ ദേശീയതയെന്നാൽ കാളനും കൈകൊട്ടിക്കളിയും സെറ്റു സാരിയുമാണെന്ന സങ്കൽപവും കൂട്ടിച്ചേർത്തു.  അങ്ങനെ മാവേലിയുടെ രൂപം മാറി. കസവുപുതപ്പും ഓലക്കുടയും കുംഭവയറുമെല്ലാം പ്രത്യക്ഷപ്പെട്ടു. ദൃശ്യമാധ്യമങ്ങളും മിമിക്രി പരിപാടികളും ആ രൂപം വ്യാപകമാക്കി. പ്രവാസം ശക്തമായതോടെ ഓണത്തെ കുറിച്ചുള്ള ഗൃഹാതുരത്വ സങ്കൽപവും ശക്തമായി. വാസ്തവത്തിൽ കസവുസാരി എങ്ങനെയാണ് മലയാളിയുടെ ദേശീയ വസ്ത്രമാകുന്നത്? കാളൻ എങ്ങനെയാണ് ദേശീയ ആഹാരമാകുന്നത്? കാളനൊപ്പം കാളയും മലയാളികളുടെ ഭക്ഷണമല്ലേ? സവർണവൽക്കരണത്തോടൊപ്പം കച്ചവടവൽക്കരണവും ആയപ്പോൾ ചിത്രം പൂർത്തിയായി. 


സത്യത്തിൽ കേരളത്തെ സംബന്ധിച്ച് ചിങ്ങമെന്നത് മാവേലിയുടെ വരവിന്റെ മാത്രമല്ല, നമ്മുടെ നവോത്ഥാന മാസം കൂടിയാണ്. നാരായണഗുരു, അയ്യങ്കാളി, ബ്രഹ്മാനന്ദ ശിവയോഗി, സഹോദരൻ അയ്യപ്പൻ, ചട്ടമ്പിസ്വാമികൾ  തുടങ്ങിയ നവോത്ഥാന നായകർ ജനിച്ചത് ഈ മാസമാണ്.  
ഇവരെല്ലാം മാവേലിയുടെ പിന്തുടർച്ചക്കാർ തന്നെ. അവരുടയെല്ലാം പോരാട്ടങ്ങളും സവർണ സംസ്‌കാരത്തിനും മനുസ്മൃതി മൂല്യങ്ങൾക്കുമെതിരായിരുന്നു. ചിങ്ങമാസത്തിൽ അവരുടെ സന്ദേശങ്ങളിൽ നിന്നും പോരാട്ടങ്ങളിൽ നിന്നും ഊർജമുൾക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്. ഒപ്പം യഥാർത്ഥ മാവേലിയെ തിരിച്ചുപിടിക്കാനും. അങ്ങനെയാണ് മലയാളികൾക്ക് യഥാർത്ഥ ഓണം ആഘോഷിക്കാനാവുക. കോവിഡ് പോലും അവിടെ പ്രശ്‌നമാകില്ല.

Latest News