കൊച്ചി- കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ കണ്ണുരുട്ടിയാൽ സി.പി.എം പ്രവർത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബി.ജെ.പി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനക്കെതിരെ പരാതിയുമായി സിനിമാ നടൻ അലൻസിയർ പോലീസ് സ്‌റ്റേഷനിൽ. ചവറ പോലീസ് സ്‌റ്റേഷനലിലാണ് കണ്ണ് കറുത്ത തുണിയുമായി കെട്ടി അലൻസിയർ പരാതി നൽകാനെത്തിയത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മറ്റി അംഗവും ചവറ ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ ഹരികൃഷ്ണനോടൊപ്പമാണ് പരാതി നൽകാൻ അലൻസിയർ എത്തിയത്.
ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ ആക്രമണത്തിന് സി.പി.എം പ്രവർത്തകർ എത്തിയാൽ അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു പാണ്ഡെ ഇന്നലെ ഭീഷണി മുഴക്കിയത്. ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണെന്നും എന്നാൽ ജനാധിപത്യം തകർക്കണമെങ്കിൽ അത് ഞങ്ങൾക്ക് ശ്രമകരമായ ദൗത്യമല്ലെന്നും സരോജ് പാണ്ഡ്യേ ഭീഷണി മുഴക്കിയിരുന്നു.