തിരുവനന്തപുരം- വിമര്‍ശിക്കുന്ന വിദ്യാര്‍ഥികളെ വിലക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള നീക്കത്തില്‍നിന്ന് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) പിന്മാറുന്നു. കടുത്ത വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട് തിരുത്തുന്നത്.
കാസര്‍കോട്ട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആയുര്‍വേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്, ആരോഗ്യ വകുപ്പിലെ ജനറല്‍ ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലെ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് പി.എസ്.സി പറഞ്ഞിരുന്നു. ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പി.എസ്.സിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്.
ഇത് വിവാദമാവുകയും കടുത്ത വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് പി.എസ്.സി നിലപാട് തിരുത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരെ നേരിട്ട് ശിക്ഷാ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പി.എസ്.സി വ്യക്തമാക്കിയിട്ടുള്ളത്.
അവര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. വിജിലന്‍സിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കും. അതിനുശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കൂവെന്നാണ് പുതിയ നിലപാട്.