Sorry, you need to enable JavaScript to visit this website.

പൂവിളി പൂവിളി പൊന്നോണമായി

എല്ലാ പ്രതീക്ഷകളും നിരാശ പരത്തുകയും എല്ലാ ആഹ്ലാദങ്ങളും അസ്തമിക്കുകയും എല്ലാ ശാന്തിയും അശാന്തി തീർക്കുകയും ചെയ്യുന്ന രോഗാതുരതയുടെ ഈ അഭിശപ്ത കാലത്തും ശ്രീകുമാരൻ തമ്പിയുടെ ഈ ഓണപ്പാട്ടുകളെ നമുക്ക് അതിജീവനത്തിന്റെ കരുത്തായി കൂടെ കൂട്ടാം. 

ഓണാഘോഷത്തെക്കുറിച്ചുള്ള നിറപ്പകിട്ടാർന്ന കാൽപനിക ബിംബ മാസ്മരികത സൃഷ്ടിച്ച പാട്ടെഴുത്തുകാരൻ ശ്രീകുമാരൻ തമ്പിയാണ്. സിനിമാ പാട്ടുകളായും ലളിതഗാനങ്ങളായും അവ നമ്മുടെ ഇന്ദ്രിയങ്ങളിൽ ഇലഞ്ഞിപ്പൂമണമായി ഒഴുകിപ്പരന്ന് ഒരുപിടി ഗൃഹാതുരമായ ഓർമകളുടെ ഉണർത്തുപാട്ടായി മാറുകയായിരുന്നു. കോവിഡ് മഹാമാരി ഒരു അശനിപാതമായി നമ്മെ വേട്ടയാടി വശംകെടുത്തുമ്പോഴും ആ പാട്ടുകൾ നമ്മെ ഊർജസ്വലരാക്കി പുതിയൊരു ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടേയും ഉൻമേഷത്തിന്റെയും നവലോകത്തേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പൂവിളിയുമായി വീണ്ടുമൊരു പൊന്നോണമെത്തുമ്പോൾ അവയുടെ പ്രസക്തിയും പ്രാധാന്യവും വർധിക്കുകയാണ്.

ഉത്രാടപ്പൂനിലാവെ വാ
മുറ്റത്തെ പൂക്കളത്തിൽ 
വാടിയ പൂവനിയിൽ
ഇത്തിരിപ്പാൽ ചുരത്താൻ വാ..വാ..വാ.. 

എന്ന ലളിതഗാനം മലയാളികൾ വർഷങ്ങളായി ഓണക്കാലത്ത് നെഞ്ചിലേറ്റി നടക്കുന്ന ആനന്ദമാണ്. ഓണമെത്തി എന്നതിന്റെ ഓർമപ്പെടുത്തലാണ് നമുക്കീ പാട്ട്. ഓണമെന്നാൽ നമ്മൾ ഒന്നായിരിക്കണം എന്നും ഒരുമയോടെയിരിക്കണം എന്നുമുള്ള ഐക്യത്തിന്റെ ആഹ്ലാദം പങ്കുവെക്കുന്ന വിശേഷ സന്ദർഭമാണ്. 
1983-ലെ തരംഗിണിയുടെ ഉത്സവഗാനം എന്ന ഓണപ്പാട്ട് കാസറ്റിലാണ് രവീന്ദ്രൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ശ്രവണസുന്ദരമായ ഈ ഗാനമുള്ളത്. 
    
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം- എന്ന ഓണം ഓർമകളുടെ നറുനിലാവ് പരത്തുന്ന മറ്റൊരു ഉജ്വല ലളിതഗാനവും ആ കാസറ്റിന് വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. ഓണം എന്നാൽ പലതരം പൂവുകളുടെ സമൃദ്ധികൊണ്ട് മനസുകളെ ഐശ്വരപൂർണമാകുന്ന ഒരു കാലത്തിന്റെ അഴകുള്ള സ്വപ്‌നങ്ങൾ നിറച്ച നിറകുടമാണെന്നു കൂടി അരക്കിട്ടുറപ്പിക്കുകയാണിവിടെ.

തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച
കാണാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും സമയമായി
ഹൃദയങ്ങളണിഞ്ഞൊരുങ്ങി

1975-ലാണ് തിരുവോണം എന്ന സിനിമയ്ക്ക് വേണ്ടി തമ്പി ഏറെ ജനപ്രിയമായ ഈ ഓണപ്പാട്ട് എഴുതുന്നത്. ഓണം എന്ന ആഘോഷത്തിന്റെ മഹനീയതയും മതേതരത്വ സ്വഭാവവും ആഹ്ലാദവും അർഥസമ്പുഷ്ടമായി ആ വരികളിൽ അവതരിപ്പിക്കാൻ ഗാനരചയിതാവിന് കഴിഞ്ഞു എന്നിടത്താണ് ആ ഗാനം ആസ്വാദകർ ഹൃദയത്തിലേറ്റിയതും അതുവഴി വമ്പിച്ച വിജയമായി തീർന്നതും.
ഓണമെന്ന ആഘോഷത്തിന്റെ പലവിധ ആഹ്ലാദ ദായകമായ മുഹൂർത്തങ്ങളെ വശ്യമനോഹരമായി അവതരിപ്പിച്ചു കൊണ്ട് മലയാളിയുടെ മനസിനെ ദീപ്തമാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു അനശ്വര ഗാനമിതാ-

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ

വിഷുക്കണി എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി സംഗീതം നൽകി യേശുദാസ് പാടിയ ഈ ഗാനം മലയാളത്തിലെ ഏറ്റവും നല്ല ഓണപ്പാട്ടുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. മലയാളിയുള്ളിടത്തെല്ലാം കാലമെത്ര കഴിഞ്ഞാലും അമരത്വഭാവം കൈവരുന്ന മാസ്മരിക പ്രഭ വിതറുന്ന ഒരു ഗാനശകലമാണിത്.

പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ
മാവേലി മന്നന്റെ മാണിക്യ തേരു വരും
മാനസ പൂക്കളങ്ങളാലാടും -എന്ന് ശ്രീകുമാരൻ തമ്പി കുറിക്കുമ്പോൾ (മിനിമോൾ എന്ന ചിത്രത്തിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് പാടിയത്) തെളിയുന്നത് കാർഷിക സംസ്ഥാനമായ കേരളത്തിൽ വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളുടെ ദൃശ്യസമൃദ്ധിയാണ്. ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരത്തെ കുറിച്ചുള്ള വേദനിപ്പിക്കുന്ന ഒരു ഓർമപ്പെടുത്തൽ കൂടിയുണ്ടതിൽ. 

പൊന്നിൻ ചിങ്ങത്തേരു വന്നു 
പൊന്നമ്പലമേട്ടിൽ
പൊന്നോണപ്പാട്ടുകൾ പാടാം 
പൂ നുള്ളാം പൂവണി വെയ്ക്കാം
പൊന്നൂഞ്ഞാലിടാം സഖിമാരേ...

 

ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി സംഗീതം നൽകി പി.ലീല പാടിയ ഈ ഗാനത്തിലും ഒരു നഷ്ടകാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ് ശ്രീകുമാരൻ തമ്പി സമന്വയിപ്പിക്കുന്നത്. 

മുത്തേ നമ്മുടെ മുറ്റത്തും
മുത്തുക്കുടകളയുർന്നല്ലോ
ഓണം വന്നൂ ഓണം വന്നൂ 
നമ്മുടെ വീട്ടിലും ഓണപ്പൂക്കൾ വിരിഞ്ഞല്ലോ

പ്രിയതമ എന്ന ചിത്രത്തിൽ പി.ലീല ആലപിച്ച ഈ ഗാനത്തിന്റെ വരികളും ശ്രീകുമാരൻ തമ്പി രചിച്ചതാണ്. ഓണാഘോഷത്തിന്റെ ആഹ്ലാദത്തിമർപ്പുകളെ ലോപമില്ലാതെ ഉൾക്കൊള്ളുന്ന ഈ രചനാ വൈഭവത്തിലൂടെ അദ്ദേഹം സങ്കടങ്ങളോട് താൽക്കാലികമായെങ്കിലും വിടപറഞ്ഞ് ആശ്വാസം കണ്ടെത്താൻ മലയാളി മനസുകളെ ആഹ്വാനം ചെയ്യുകയാണ്. മനുഷ്യരെ ഇങ്ങനെ സാന്ത്വനിപ്പിക്കാൻ കവിക്കും കലാകാരനുമേ കഴിയൂ എന്ന ആപ്തവാക്യം യാഥാർഥ്യമാവുകയാണിവിടെ.
മൗനം പോലും മധുരതരമാക്കാനുള്ള രചനാ പാടവമാണ് ശ്രീകുമാരൻ തമ്പിയുടെ സർഗസിദ്ധി. സൗഗന്ധികങ്ങളെ സമാധിയിൽ നിന്നായാലും ഉണർത്താനുള്ള അസാധാരണവും അവാച്യവുമായ ആ കഴിവാണ് അദ്ദേഹത്തിന്റെ ഓണപ്പാട്ടുകളെയും എക്കാലത്തേക്കുമായി അനശ്വരമാക്കുന്നത്. അവ സിന്ദൂര കിരണങ്ങളായി വന്ന് ഇന്ദുപുഷ്പം പോലെ നമ്മേ തഴുകി തലോടി ഓണത്തിന്റെ സമൃദ്ധിയും സാഹോദര്യവും ഉണർത്തിക്കുന്നു. സ്വർഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ എന്ന പ്രതീതി തീർത്തുകൊണ്ട് ഒരുവേള അത്ഭുതപ്പെടുത്തുക പോലും ചെയ്യുന്നു.

പൊന്നും ചിങ്ങമേഘം വാനിൽ പൂക്കളം പോലാടി
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടി-
എന്ന് ശ്രീകുമാരൻ തമ്പി എഴുതുമ്പോൾ ഓണക്കാലത്തിന്റെ തെളിമയത്രയും മലയാളിയുടെ മനസിലേക്ക് അദ്ദേഹം കോരി നിറയ്ക്കുകയാണ്. 

ഓണക്കോടിയുടുത്തൂ മാനം 
മേഘക്കസവാലെ പൊൻ-
മേഘക്കസവാലെ -എന്ന വരികൾ ചമയ്ക്കുമ്പോൾ ഓണത്തെ കുറിച്ച് നമ്മുടെ ഓർമകളിൽ തെളിയുന്ന ബിംബകൽപനകൾ മഴയുടെ കാറ്റും കോളുമൊഴിഞ്ഞ് പ്രശാന്തിയുടെ പൊൻവെയിൽ പരക്കുന്ന മാനത്തിന്റേതാണ്. തെളിഞ്ഞ മാനമെന്നത് സംഘർഷമകന്ന മനസ്സിന്റെ പ്രതിരൂപമാണ്.

Latest News