കൊച്ചി- നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അടുത്ത ദിവസം സമര്‍പ്പിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇരുപതോളം നിര്‍ണായക തെളിവുകളോടൊപ്പമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തുക. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവയുടെ പട്ടിക അനുബന്ധമായി നല്‍കും.
കേസിന്റെ പ്രാധാന്യവും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കാനും ആലോചിക്കുന്നുണ്ട്. കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന നിര്‍ണായക തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.