അബുദാബി- സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും സൂപ്പര്‍വൈസര്‍മാരും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലാണിത്.
ദുബായ് എമിറേറ്റില്‍ സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ദുബായ് മീഡിയ ഓഫീസ് സംഘടിപ്പിച്ച ആസ്‌ക്ഡിഎക്സ്ബി ഒഫീഷ്യല്‍ പരിപാടിയില്‍ സംസാരിക്കവെ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.അബ്ദുല്ല അല്‍കറം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഏഴ് സ്‌കൂളുകളില്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഞങ്ങള്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കര്‍ശനമായ ആരോഗ്യമാനദണ്ഡങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അവ പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനായി സ്‌കൂളുകളില്‍ പരിശോധനയുണ്ടാകും- അദ്ദേഹം പറഞ്ഞു.
ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്.