റിയാദ്- സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തിയ വനിതാ ഉദ്യോഗസ്ഥയെ ടൂറിസം മന്ത്രാലയത്തിലെ ഉന്നത പദവിയിൽ നിയമിച്ചതിൽ ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. വിവാദ ഉദ്യോഗസ്ഥയെ ജോലിയിൽനിന്ന് പിരിച്ചുവിടാനും മന്ത്രി ഉത്തരവിട്ടു. ഇവരെ മന്ത്രാലയത്തിലെ പദവിയിലേക്ക് നാമനിർദേശം ചെയ്യുകയും മന്ത്രാലയത്തിലെ ജോലിയിൽ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തവർക്കെതിരെയാണ് മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സൗദി അറേബ്യയെ അപകീർത്തിപ്പെടുന്ന ഏതാനും സന്ദേശങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വനിതയെ ടൂറിസം മന്ത്രാലയത്തിൽ ഉന്നത പദവിയിൽ നിയമിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.