കേരളത്തിലെ ആദ്യത്തെ എയർപോർട്ടായ തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള ചർച്ചകളും വിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.ചർച്ചകൾക്കും വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമപ്പുറം ഇതിന്റെ പിന്നിലുള്ള സത്യാവസ്ഥയെന്താണ്?
സ്വകാര്യവൽക്കരണം ആത്യന്തികമായി ഗുണമാണോ ദോഷമാണോ നമുക്കുണ്ടാക്കുന്നത്?
മാറി വരുന്ന സർക്കാറുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും രാഷ്ട്രീയ അജണ്ടകളും കീഴ് വഴക്കങ്ങളും എന്നതിനപ്പുറം ജനങ്ങളെയും അതിന്റെ യഥാർത്ഥ ഗുണഭോക്താക്കളായ യാത്രക്കാരേയും ഇതെങ്ങനെയാണ് ബാധിക്കുന്നത്?
ഇന്റർനാഷണൽ എയർപോർട്ട് അസോസിയേഷന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വളർന്ന് കൊണ്ടിരിക്കുന്ന എയർപോർട്ട് മേഖലയാണ് ഇന്ത്യൻ എയർപോർട്ട് മേഖല.
ലോകത്ത് ഏറ്റവും കൂടുതൽ വിമാന യാത്രക്കാരുള്ളത് ഇന്ത്യയിലാണെന്നും ദിനംപ്രതി ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും ഇന്റർനാഷണൽ എയർപോർട്ട് അസോസിയേഷന്റെ കണക്കുകൾ പറയുന്നു.
ഇവരുടെയെല്ലാം അടിസ്ഥാന യാത്രാ സൗകര്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് നിലവിൽ ആ എയർപോർട്ടുകളുടെ നടത്തിപ്പവകാശമുളള ഗവൺമെന്റിന്റെ മാത്രം ചുമതലയാണ്.
എന്നാൽ ഇതിന് ഭീമമായ തുകയുടെ നിക്ഷേപവും സംവിധാനങ്ങളും ആവശ്യമായി വരുന്നു.
ഇത് ഒരു പക്ഷേ സാധാരണ ഗതിയിൽ ഗവൺമെന്റിന് വഹിക്കാനാവുന്നതിലും അപ്പുറമായിരിക്കും.
ഇത് ഗവൺമെന്റിന്റെ ദൈനംദിന കാര്യങ്ങൾക്കുളള ചിലവിനെ ബാധിക്കുകയും കടം കുന്നുകൂടുകയും ചെയ്യാൻ കാരണമാവും.
ഇത്തരം സാഹചര്യങ്ങളിലാണ് ഗവൺമെന്റ് ചില കർശന നിയന്ത്രണങ്ങളോടെ ഒരു പ്രത്യേക കാലയളവിലേക്ക് എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നത്.
തുടർന്നുള്ള ആ കാലയളയിലുള്ള നവീകരണവും വികസന പ്രവർത്തനങ്ങളുമടക്കമുളള എല്ലാ പ്രവർത്തനങ്ങളും ഈ കമ്പനികളുടെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരിക്കും. അത് മൂലം ഗവൺമെന്റിന്റെ ഭാരം കുറയുകയും മറ്റ് ജനങ്ങളുടെ നേരിട്ടുള്ള പ്രശ്‌നങ്ങളിലും വികസന പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധയും ഊന്നലും കൊടുക്കാൻ കഴിയുകയും ചെയ്യും.
എയർപോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് പലരും ഉയർത്തി കാണിക്കുന്ന ഒന്നാണ് ഗവൺമെന്റിന്റെ വരുമാനം കുറയും എന്നുള്ളത്.എന്നാൽ ഇത് തീർത്തും തെറ്റായ ധാരണയാണ്.വസ്തുതാപരമായി ഗവണ്മെന്റിന്റെ വരുമാനം വർധിക്കുകയാണ് ചെയ്യുന്നത്.
കാരണം എയർപോർട്ട് ഏത് സ്വകാര്യകമ്പനിക്കാണ് നടത്താൻ ചുമതല കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കമ്പനി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഒരു മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് നൽകുമെന്ന് പറയുന്ന തുകയുടെ ലേലത്തിനനുസരിച്ചാണ്.
ഏറ്റവും കൂടുതൽ തുക നൽകാമെന്ന് പറയുന്ന കമ്പനിക്കാവും ഇതിന്റെ നടത്തിപ്പവകാശം നിശ്ചിത കാലത്തേക്ക് ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന പണത്തിലൂടെ ഗവൺമെന്റിന്റെ വരുമാനം വലിയ ബാധ്യതയില്ലാതെ തന്നെ വർധിക്കുകയും ചിലവുകളില്ലാതെ തന്നെ നവീകരണ വികസന പ്രവർത്തനങ്ങൾ സാധ്യമാവുകയും ചെയ്യും. എയർപോർട്ട് ലോകോത്തര നിലവാരത്തിൽ ഉയർത്തപ്പെടും. നഷ്ടത്തിലോടി കൊണ്ടിരിക്കുന്നവ ലാഭത്തിലാവും.
അഴിമതി, ചുവപ്പ് നാട,തൊഴിലാളികളുടെ കാര്യക്ഷമത കുറവ് പോലെയുള്ള സർക്കാർ സംവിധാനങ്ങളിലുള്ള പോരായ്മകൾ പരിഹരിക്കപ്പെടും.
നിശ്ചിത കാലത്തിന് ശേഷം എപ്പോൾ വേണമെങ്കിലും സർക്കാർ സംവിധാനങ്ങളിലേക്ക് തിരികെ കൊണ്ട് വരാനും ഗവൺമെന്റിന് സാധിക്കും. ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന മുംബൈ, ദൽഹി, ബാംഗ്ലൂർ എന്നീ എയർപോർട്ടുകൾ ഇതിനു ഉദാഹരണമാണ്. കോഴിക്കോട് എയർപോർട്ടും പരിചയ സമ്പന്നരായ സ്വകാര്യ കമ്പനികളെ ഏൽപിക്കുകയാണെങ്കിൽ കൂടുതൽ സംവിധാനങ്ങളും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകളും യാത്രക്കാരുടെ സൗകര്യവും മെച്ചപ്പെടും. ഇനി യാത്രക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ചുമതലയിലുള്ള എയർപോർട്ടുകളെ അപേക്ഷിച്ച് വളരെ നല്ല സൗകര്യം ലഭിക്കുകയും കൂടുതൽ സുതാര്യവും വേഗവുമുള്ള ഉപഭോക്ത സേവനം ലഭ്യമാവുകയും ചെയ്യും.
സേവനങ്ങളിലെ അനാവശ്യമായ കാല താമസം ഇല്ലാതാവും. നിലവിലുള്ള സ്വകാര്യ മേഖലയിലുള്ള എയർപോർട്ടുകളുടെയും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള എയർപോർട്ടുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുതാര്യതയുടെയും വലിയ അന്തരം ഇവിടെ പരിശോധിക്കാവുന്നതാണ്.
ഒരുപാട് സ്വകാര്യ കമ്പനികൾ ഉണ്ടാവുമ്പോൾ സേവന കമ്പോളത്തിൽ മത്സരമുണ്ടാവുകയും സ്വാഭാവികമായി സേവനങ്ങൾക്ക് വില കുറയുകയും ചെയ്യും.
സർക്കാർ നിശ്ചയിക്കുന്ന ഒരു പരിധിക്കപ്പുറത്ത് സേവനങ്ങളുടെ വില വർധിപ്പിക്കാനും സ്വകാര്യകമ്പനികൾക്ക് അവകാശമില്ല. ഇത്തരം നിബന്ധനയോട് കൂടിയാണ് നടത്തിപ്പ് ചുമതല കൈമാറുന്നത്.
സ്വകാര്യവൽക്കരണം വഴി സാമ്പത്തിക മേഖലകളിൽ ഒരുപാട് പുതിയ തൊഴിലവസരങ്ങളുണ്ടാവുകയും ചെയ്യും.
വിമാന സർവീസുകൾ വർധിക്കുന്നത് വഴി നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് മുതൽ വൻകിട കച്ചവടക്കാർക്ക് വരെ അതിന്റെ അനുകൂല ഫലം ലഭിക്കുന്നു. ഇത് ഒരു പക്ഷെ തലസ്ഥാന നഗരത്തിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റിയേക്കും. അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. കൂടുതൽ വിദേശികളും ടൂറിസ്റ്റുകളും തലസ്ഥാനത്തേക്ക് ആകർഷിക്കപ്പെടും.
ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളിലും ഇത്തരം സംവിധാനത്തിലൂടെയാണ് എയർപോർട്ട് മേഖല മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്. സ്വകാര്യ മേഖലയെ അവഗണിച്ചു കൊണ്ട് ഇനിയുള്ള കാലങ്ങളിൽ സുസ്ഥിരമായ ഒരു വികസനം സാധ്യമല്ല.അതിനാൽ സ്വദേശത്തും വിദേശത്തുമുള്ള മൂലധന ദാതാക്കളെ രാഷ്ട്ര പുരോഗതിക്ക് ഉപയോഗപ്പെടുത്താനും സർക്കാർ സംവിധാനങ്ങളുടെ ചില പോരായ്മകൾ പരിഹരിക്കാനും എയർപോർട്ട് പോലെയുള്ള മേഖലകളിൽ നിയന്ത്രണങ്ങളുള്ള സ്വകാര്യവൽക്കരണം കാലത്തിന്റെ അനിവാര്യതയാണ്.