റിയാദ് - ബിനാമി ബിസിനസ് പോരാട്ട മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ പഠിക്കുന്നതിന് ഓരോ മേഖലക്കും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വെളിപ്പെടുത്തി. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പദ്ധതികൾ പരിഷ്‌കരിക്കുന്നതിനുള്ള രണ്ടാം ഘട്ടം വൈകാതെ ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് ബിനാമി ബിസിനസ് പോരാട്ട മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ പഠിക്കുന്നതിന് ഓരോ മേഖലക്കും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുക.
ഓരോ മേഖലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുടെ അധ്യക്ഷതയിലാണ് കമ്മിറ്റികൾ രൂപീകരിക്കുക. ഓരോ മേഖലയിലും ബിനാമി ബിസിനസുകൾക്കുള്ള കാരണങ്ങൾ തമ്മിലെ വ്യത്യാസങ്ങൾ കണക്കിലെടുത്തും ഇതോടൊപ്പം സാങ്കേതിക വശങ്ങൾ പഠിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ സഹായകമായ പോംവഴികൾ തയാറാക്കാനും അതത് മേഖലകൾക്ക് മേൽനോട്ടം വഹിക്കുന്ന വകുപ്പുകളാണ് കൂടുതൽ അനുയോജ്യമെന്ന കാര്യം മുഖവിലക്കെടുത്തുമാണിത്.
ഓരോ മേഖലയിലെയും വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ബിനാമി ബിസിനസ് പ്രവണതയുടെ കേന്ദ്ര കാരണങ്ങളുമായി അവയെ ബന്ധിപ്പിക്കുകയെന്ന തത്വത്തിൽ ഊന്നി അതത് കമ്മിറ്റികൾ പ്രവർത്തിക്കും. ഓരോ മേഖലയിലും ബിനാമി വിരുദ്ധ പോരാട്ടത്തിന് നേരിടുന്ന വെല്ലുവിളികൾ കമ്മിറ്റികൾ പഠിക്കുകയും ഈ ലക്ഷ്യത്തോടെ ശിൽപശാലകൾ സംഘടിപ്പിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും അവ പ്രാവർത്തികപഥത്തിൽ നടപ്പാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യും.
ചില്ലറ, മൊത്ത വ്യാപാര മേഖലയിലും ഭക്ഷ്യവസ്തു മേഖലയിലുമാണ് ബിനാമി പ്രവണത ഏറ്റവും കൂടുതൽ. സുപ്രധാനമായ ഈ മേഖലയെ പ്രതിനിധീകരിക്കാൻ ചെറുകിട, ഇടത്തരം അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിനാമി വിരുദ്ധ ദേശീയ ദേശീയ പ്രോഗ്രാമുമായി സഹകരിക്കാനും നിയമാനുസൃത സ്ഥാപനങ്ങളെ ശാക്തീകരിക്കാനും നിരീക്ഷണ ശ്രമങ്ങൾ ഏകീകരിക്കാനും വിദേശികളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യതാ നിലവാരം ഉയർത്താനും സ്വകാര്യ മേഖലയോട് ചെറുകിട, ഇടത്തരം അതോറിറ്റി ആവശ്യപ്പെട്ടു.
പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനു ശേഷം നിയമം നിലവിൽ വരും. പരിഷ്‌കരിച്ച നിയമത്തിൽ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറും. ബിനാമി കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷത്തിനകം ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
ബിനാമി കേസ് പ്രതികളായ വിദേശികളെ ശിക്ഷ പൂർത്തിയാക്കുകയും നിയമാനുസൃത ഫീസുകളും നികുതികളും ഈടാക്കുകയും ചെയ്ത ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
ബിനാമി സ്ഥാപനം അടച്ചുപൂട്ടുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും. ബിനാമി ബിസിനസ് കേസിൽ ശിക്ഷിക്കപ്പെടുന്ന സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു.
പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം നിലവിൽ വന്ന് 180 ദിവസത്തിനകം തങ്ങളുടെ പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് സ്വമേധയാ അപേക്ഷ നൽകുന്ന ബിനാമി ബിസിനസ് കേസ് പ്രതികളെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കും.
ഇവരെ മുൻകാല പ്രാബല്യത്തോടെ ആദായ നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കും. ബിനാമി ബിസിനസിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ സമ്പാദിക്കുന്ന പണം കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നുണ്ട്.