Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്കായി പ്രഖ്യാപിച്ച നോർക്ക  സപ്ലൈകോ സ്‌റ്റോർ പദ്ധതിയും തട്ടിപ്പ് -ഒ.ഐ.സി.സി

ദമാം - പ്രവാസികൾക്കായി പ്രഖ്യാപിച്ച നോർക്ക സപ്ലൈകോ സ്‌റ്റോർ പദ്ധതിയും തട്ടിപ്പാണെന്ന് ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി. കോവിഡ് നിയന്ത്രണങ്ങൾ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയവർക്കും അവധിയിൽ വന്ന് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്കും സർക്കാർ നൽകുമെന്ന് പറഞ്ഞ അയ്യായിരം രൂപയുടെ ധനസഹായം പോലും നാളിതുവരെ കൊടുത്തു തീർക്കാൻ കഴിയാത്ത നോർക്കയുടെ ഉദാസീനത പ്രതിഷേധാർഹമാണെന്നും ഒ.ഐ.സി.സി ദമാം കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വയം സംരംഭങ്ങൾ ആരംഭിക്കുവാൻ നോർക്ക വഴി ലോണുകൾ ലഭ്യമാക്കുമെന്ന് പറയുന്ന നോർക്ക അതിലേക്ക് വെച്ചിരിക്കുന്ന നിബന്ധനകൾ പരിഹാസ്യമാണ്. പ്രവാസികളെ കബളിപ്പിക്കുന്ന ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ച് സ്വയം അപഹാസ്യരാവുന്ന നോർക്ക പ്രവാസികളെ കഴുതകളായി കാണരുതെന്ന് ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി ഓർമിപ്പിച്ചു.


കോവിഡിന്റെ പശ്ചാത്തലത്തിൽ ദമാമിലുൾപ്പെടെ ഏതാനും ചില പ്രദേശങ്ങളിൽ നോർക്ക ഹെൽപ് ഡെസ്‌ക്കെന്ന പേരിൽ പ്രവർത്തിച്ചിരുന്നത് അതാത് പ്രദേശത്തെ മുഖ്യധാരാ സാമൂഹിക സംഘടനകളുടെ കൂട്ടായ പരിശ്രമം കൊണ്ടാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കഠിനാധ്വാനം നടത്തിയതു കൊണ്ടാണ് നോർക്ക ഹെൽപ് ഡെസ്‌ക്കെന്ന പേരിൽ ദമാം കേന്ദ്രീകരിച്ച് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ആ സംവിധാനം നോർക്കയുടെയും സർക്കാരിന്റെയും പദ്ധതിയായി അവതരിപ്പിക്കുവാൻ ഇടതുപക്ഷ അനുകൂല സംഘടനകൾ പ്രവാസികൾക്കിടയിൽ രഹസ്യ പ്രചാരണം നടത്തിയിരുന്നു. കോവിഡ് മൂലം ഗൾഫ് മേഖലയിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ചില്ലിക്കാശിന്റെ സഹായം പോലും നൽകാത്ത നോർക്കയുടെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ദമാം ഒ.ഐ.സി.സി വ്യക്തമാക്കി.


നാട്ടിലും പ്രവാസ ലോകത്തും സാധാരണക്കാരായ പ്രവാസികൾക്ക് ഗുണമില്ലാത്ത നോർക്ക ചില സഖാക്കളെയും അനധികൃത ബന്ധു നിയമനങ്ങളിലൂടെ അവരുടെ ബന്ധുക്കളെയും തീറ്റിപ്പോറ്റാനുള്ള വെള്ളാനകളുടെ കേന്ദ്രമായി അധഃപതിച്ചിരിക്കുകയാണ്. കൂടാതെ, ലോക കേരള സഭയെന്ന പേരിൽ ലോകത്തെമ്പാടുമുള്ള കുറെ മുതലാളിമാരെ യാത്രാച്ചെലവ് ഉൾപ്പെടെ നൽകി വിളിച്ചുവരുത്തി സർക്കാർ ചെലവിൽ സൽക്കരിച്ച് കോടികൾ പൊടിച്ച് ധൂർത്ത് നടത്തുവാനുള്ള ഒരു ഏജൻസി മാത്രമായെന്നും ദമാം ഒ.ഐ.സി.സി കുറ്റപ്പെടുത്തി. പ്രവാസി പുനരധിവാസത്തിന്റെ പേരിൽ പ്രഖ്യാപിക്കുന്ന പല പദ്ധതികൾക്കും വിവിധ ബാങ്കുകളിൽ നിന്നും ലക്ഷങ്ങൾ ലോണുകളായി ലഭ്യമാക്കുമെന്ന് പറയുന്ന നോർക്കയെ വിശ്വസിച്ച് ബന്ധപ്പെട്ടവരെ സമീപിക്കുമ്പോൾ ലഭിക്കുന്ന ഫലം നിരാശാജനകമാണ്. 


പ്രവാസി പുനരധിവാസമെന്ന പേരിൽ ഏറ്റവും ഒടുവിലായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് നോർക്ക സപ്ലൈകോ സ്‌റ്റോർ. മാവേലി സ്‌റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിൽ തുടങ്ങുവാൻ എൻ.ഡി.പി. ആർ.എം പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ശതമാനം മൂലധന സബ്‌സിഡിയോടെ മുപ്പത് ലക്ഷം രൂപ വരെ വിവിധ ബാങ്കുകളിൽ നിന്ന് ലോണുകൾ ലഭ്യമാക്കിത്തരുമെന്നാണ് നോർക്ക പറയുന്നത്. എന്നാൽ, ഈ പദ്ധതിക്ക് മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ പരിഹാസ്യമാണ്. 
സംരംഭം തുടങ്ങുവാനാവശ്യമായ കെട്ടിടം, ഫർണിച്ചർ, കമ്പ്യൂട്ടർ മറ്റു പ്രാഥമിക സൗകര്യങ്ങൽ ഒക്കെത്തന്നെ സംരംഭകൻ സ്വയം വഹിക്കണമെന്നു പറയുമ്പോൾ ഇത് സാധാരണക്കാരായ പ്രവാസികളെ ഉദ്ദേശിച്ചല്ലായെന്നുള്ളത് വ്യക്തമാണ്. 


കൂടാതെ, അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ മാവേലി സ്‌റ്റോറുകളോ സപ്ലൈകോകളോയില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഇത്തരം പദ്ധതികൾക്ക് അനുമതി നൽകുകയുള്ളൂവെന്ന് മറ്റൊരു നിബന്ധനയും അപഹാസ്യമാണ്. കേരളത്തിൽ ജനവാസമുള്ള കേന്ദ്രങ്ങളിൽ ഈ പറയുന്ന അഞ്ചു കിലോമീറ്റർ പരിധിയിൽ മാവേലി സ്‌റ്റോറുകൾ ഇല്ലാത്ത സ്ഥലങ്ങൾ വിരളമാണ്. അപ്പോൾ ഈ പദ്ധതി സാധാരണക്കാരായ പ്രവാസികളെ സഹായിക്കാനോ നടപ്പിൽ വരുത്താനോ ഉദ്ദേശിച്ചല്ലെന്നുള്ളത് വ്യക്തമാണെന്നും ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ സലീമും പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾക്ക് ഗുണമില്ലാത്ത നോർക്ക കുറെ വെള്ളാനകളെ തീറ്റിപ്പോറ്റുന്ന ധൂർത്ത് കേന്ദ്രമായി തുടരുകയാണെങ്കിൽ നോർക്കക്കെതിരെ വ്യാപകമായ പ്രതിഷേധ കാമ്പയിനുകൾ ദമാം ഒ.ഐ.സി.സി സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

 

Latest News