Sorry, you need to enable JavaScript to visit this website.

ദൽഹി കലാപം: 160 കുടുംബങ്ങളെ  പുനരധിവസിപ്പിച്ച് വിഷൻ 2026

കോഴിക്കോട് -53 പേരുടെ മരണത്തിനും കോടികളുടെ ധന നഷ്ടത്തിനും ഇടയാക്കി വടക്ക് കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി അവസാന വാരം നടമാടിയ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ട ഇരകൾക്ക് വേണ്ടി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ 'വിഷൻ 2026' രൂപം നൽകിയ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 160 കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി അറിയിച്ചു. 


കോവിഡ് ലോക്ഡൗൺ കാരണം അൽപം വൈകിയാണ് പുനരധിവാസ പദ്ധതികൾ തുടരാനായത്. ദീർഘകാല പുനരധിവാസ പദ്ധതിയുടെ ഭാഗമായി 70 കുടുംബങ്ങൾക്ക് ജീവനോപാധികൾ, തകർക്കപ്പെട്ട 15 വ്യാപാര സ്ഥാപനങ്ങളുടെയും 44 വീടുകളുടെയും പുനർനിർമാണം, അറ്റകുറ്റപണികൾ, 33 അനാഥകളുടെ സംരക്ഷണം, 12 വിധവകൾക്ക് പെൻഷൻ, 15 വിദ്യാർഥികൾക്ക് തുടർ പഠന സഹായം തുടങ്ങി 160 കുടുംബങ്ങൾക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. 


സംരക്ഷണം ഏറ്റെടുത്ത കലാപത്തിൽ കൊല്ലപ്പെട്ടവരുടെ അനാഥരായ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വിഷൻ ഉറപ്പ് വരുത്തും. കലാപ ഇരകളിലെ പഠനത്തിൽ മികവ് പുലർത്തുന്ന പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികളാണ് വിഷന് കീഴിലെ വുമൺ എജ്യുക്കേഷൻ എംപവർമെൻറ് ട്രസ്റ്റ് (ട്വീറ്റ്) നടപ്പിൽ വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ഇരകളെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിപുലമായ പദ്ധതികളാണ് അടുത്ത ഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 
ഗുരുതരമായി പരിക്കേറ്റ 9 പേർക്ക് സൗജന്യ ഫോളോഅപ്പ് ചികിത്സ വിഷന് കീഴിലുള്ള അൽ ഷിഫ ആശുപത്രിയിൽ തുടരുകയാണ്. 

 

Latest News