കോഴിക്കോട് - കേരളം തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കോൺഗ്രസ് വലിയ അഗ്നിപർവതത്തെ ഗർഭം ധരിച്ച അവസ്ഥയിലാണ്. കോൺഗ്രസിനെ ആരു നയിക്കും എന്നതാണ് വലിയ വെല്ലുവിളി. ക്രിസ്ത്യൻ വോട്ടിനെ സ്വാധീനിക്കാൻ ഉമ്മൻചാണ്ടിയെ തന്നെ രംഗത്തിറക്കണമെന്നും ബി.ജെ.പിയുടെ കടന്നുകയറ്റം തടയാൻ രമേശ് വേണമെന്ന അഭിപ്രായവും ഉണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനെ പൊട്ടലും ചീറ്റലുമില്ലാതെ നേരിടാൻ കഴിയണമെന്നില്ല, ഹൈക്കമാന്റ് ദുർബലമായ ഇക്കാലത്ത് പ്രത്യേകിച്ചും.
കേരളത്തിലെ കോൺഗ്രസിനെ നിയമസഭയിൽ നയിക്കാൻ ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലക്ക് അവസരം ലഭിച്ചത് ഉമ്മൻചാണ്ടി ആ സ്ഥാനം വഹിക്കാനില്ലെന്ന് അറിയിച്ചതു കൊണ്ടാണ്. 2016 ലെ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കൂടി ഉത്തരവാദിത്തമേറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന് ചാണ്ടി കട്ടായം പറയുകയും പിന്നീട് ദേശീയ തലത്തിൽ സംഘടനാ പ്രവർത്തന ചുമതല ഏൽക്കുകയുമായിരുന്നു. തെലങ്കാനയുടെയും ആന്ധ്രയുടെയും സംഘടനാ ചുമതല ഏറ്റ ഉമ്മൻചാണ്ടിക്ക് അവിടെ വിജയിക്കാനായില്ലെന്ന് മാത്രമല്ല, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ദേശീയ തലത്തിൽ ഇനി എന്ത് എന്ന ചോദ്യമുയരുകയും ചെയ്തിട്ടുണ്ട്.
സംഘടനയിലും നിയമസഭാംഗങ്ങൾക്കിടയിലും ഭൂരിപക്ഷമുള്ള എ വിഭാഗത്തിന്റെ നേതാവ് ഇപ്പോഴും ഉമ്മൻചാണ്ടിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് എ വിഭാഗം. ചാണ്ടി തൽക്കാലത്തേക്ക് ഒഴിഞ്ഞു കൊടുത്ത സീറ്റായാണ് നിയമസഭയിലെ നേതൃപദവിയെ എ വിഭാഗം കാണുന്നത്. അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയിൽ നാലു വർഷം പൂർത്തിയാക്കിയ രമേശിന് ഇനി മുഖ്യമന്ത്രി സ്ഥാനാർഥിയാവാതെ വയ്യ.
എ ഇതര വിഭാഗങ്ങളുടെയെങ്കിലും മുഴുവൻ പിന്തുണ രമേശിന് ലഭിക്കുമോ എന്നും വ്യക്തമായിട്ടില്ല. രമേശിന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും ഉമ്മൻചാണ്ടിയുടെ കീഴിൽ എ ഗ്രൂപ്പും തുടരുമ്പോൾ ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്ത നിരവധി നേതാക്കൾ പാർട്ടിയിൽ നിർണായക സ്ഥാനത്തുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ, കെ.സുധാകരൻ, വി.എം. സുധീരൻ തുടങ്ങിയവർ എ, ഐ ഗ്രൂപ്പുകളിൽ പെടാത്തവരാണ്.
കേന്ദ്ര നേതൃത്വത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന എ.കെ.ആന്റണിക്ക് കേരളക്കാര്യത്തിൽ ഇപ്പോൾ എത്രമാത്രം ഇടപെടാനാകും എന്ന് ഉറപ്പില്ല. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എ, ഐ ഗ്രൂപ്പുകൾ സഹകരിച്ചാണ് നീങ്ങിയത്. പ്രത്യേകിച്ച് വി.എം. സുധീരന്റെ നേതൃത്വത്തിൽ ഗ്രൂപ്പുകളുടെ വേരറുക്കാൻ ശ്രമമുണ്ടായപ്പോൾ ചെറുക്കാൻ ഇരുവരും കൈ കോർത്തു. ഇതേ തുടർന്നാണ് സുധീരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
ഗ്രൂപ്പുകളുടെ വീതം വെക്കലിൽ താൽപര്യമില്ലാത്തയാളാണ് മുല്ലപ്പള്ളിയും. അതുകൊണ്ടു തന്നെയാണ് തുടങ്ങിവെച്ച സംഘടനാ പുനഃസംഘടന പോലും പൂർത്തിയാക്കാൻ കഴിയാത്തത്. ഒമ്പത് വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരുമായി കെ.പി.സി.സിയെ വിപുലീകരിച്ചെങ്കിലും ജനറൽ സെക്രട്ടറിമാർക്ക് കീഴിലെ സെക്രട്ടറിമാരെയും നിർവാഹക സമിതി അംഗങ്ങളെയും നിശ്ചയിക്കാൻ കഴിഞ്ഞില്ല. കെ.പി.സി.സി സെക്രട്ടറിമാരായി 70 പേരെ വെക്കേണ്ടതിന് പകരം ഹൈക്കമാൻഡിലേക്ക് പോയത് 110 പേരുടെ പട്ടികയാണ്. ഇത് ഹൈക്കമാൻഡ് അംഗീകരിച്ചില്ല. നിർവാഹക സമിതിയിലുണ്ടായിരുന്ന പലരും ഡി.സി.സി പ്രസിഡന്റായിരുന്ന രണ്ടു പേരും കെ.പി.സി.സി ഭാരവാഹികളായപ്പോൾ ഈ ഒഴിവുകളും നികത്താനായിട്ടില്ല.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിട്ടുവെന്നതാണ് കോൺഗ്രസിന് ഇന്നുള്ള ആത്മവിശ്വാസം. അതേസമയം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയ ദൗർബല്യം പിന്നാലെയുണ്ടെന്ന് വിളിച്ചുപറയുന്നു. കോന്നിയിലെ സ്ഥാനാർഥിയെ നിർണയിച്ചപ്പോൾ മുൻ കോന്നി എം.എൽ.എ അടൂർപ്രകാശ് ഉയർത്തിയ പ്രതിഷേധം വോട്ടെടുപ്പിലും പ്രതിഫലിച്ചു. അരൂരിലെ വിജയത്തിലാണ് നാണക്കേസ് തെല്ല് ഒഴിവായത്. ചെങ്ങന്നൂരിലെയും പാലായിലെയും പരാജയം ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടിലെ ചോർച്ച വ്യക്തമാക്കുന്നു.
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കോൺഗ്രസിൽ മേൽക്കൈയുള്ള നായർ, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള നേതാക്കൾ കൂടിയാണ്. 2016 ലെ തെരഞ്ഞെടുപ്പിൽ തന്നെ രമേശിനെ തോൽപിക്കാൻ ചില ശ്രമങ്ങൾ ഹരിപ്പാട് മണ്ഡലത്തിലുണ്ടായെന്ന് ആരോപണമുയർന്നതാണ്. ഉമ്മൻചാണ്ടി ഇനിയും നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിലേ നിയമസഭാ പാർട്ടി നേതൃസ്ഥാനത്ത് രമേശിന് ഭാവിയുള്ളൂ. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനവും നിയമസഭാ നേതൃസ്ഥാനവും എ, ഐ ഗ്രൂപ്പുകൾ പങ്കുവെച്ചു വരികയായിരുന്നു ഇതുവരെ. പ്രത്യക്ഷത്തിൽ ഗ്രൂപ്പു രഹിതനാണ് മുല്ലപ്പള്ളിയെങ്കിലും മുന്നണി കൺവീനർ ബെന്നി ബഹനാൻ എ വിഭാഗക്കാരനാണ്.
ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കണമെങ്കിൽ ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തിയേ പറ്റൂ എന്ന സ്ഥിതി വരും. രമേശിന് അവസരം നിഷേധിക്കുന്നതാവട്ടെ നായർ സമുദായത്തിന് രുചിക്കില്ല. മുസ്‌ലിം, ക്രിസ്ത്യൻ സമുദായ നേതൃത്വങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാൻ സി.പി.എം കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നതും കോൺഗ്രസിലെ സമുദായ സമവാക്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. മുസ്‌ലിം സമുദായത്തിൽ നിന്ന് മുതിർന്ന നേതാക്കൾ ഇപ്പോൾ കോൺഗ്രസിനില്ലെന്ന് പറയാതിരിക്കാൻ എം.എം.ഹസൻ മാത്രമേയുള്ളൂ. മുസ്‌ലിം സമുദായ നേതാക്കളുമായി ബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു അന്തരിച്ച എം.ഐ.ഷാനവാസ്.
മാണി മകൻ ജോസ് മറുകണ്ടം ചാടിയാൽ ക്രിസ്ത്യൻ വോട്ടിനെ സ്വാധീനിക്കാൻ ഉമ്മൻചാണ്ടിയെ തന്നെ രംഗത്തിറക്കണമെന്ന സ്ഥിതി വരും. ബി.ജെ.പിയുടെ കടന്നുകയറ്റം തടയാൻ രമേശ് വേണമെന്ന അഭിപ്രായവും ഉണ്ട്.
അതേസമയം, ഉമ്മൻചാണ്ടി വരികയാണെങ്കിൽ സോളാർ കേസ് പുറത്തിടാൻ തയാറായി നിൽക്കുകയാണ് സി.പി.എം. സോളാർ കേസിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന് മേലുള്ള നടപടികളുടെ ഭാഗമായി ഉമ്മൻചാണ്ടിയടക്കമുള്ളവരെ പ്രതി ചേർത്ത് കേസെടുക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ സാധ്യമായിട്ടല്ല. കേസിന് ആധാരമായി എടുത്തിരുന്ന സരിത നായരുടെ കത്ത് അസാധുവായി കോടതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സോളാറിന് രാഷ്ട്രീയ പ്രചാരണ രംഗത്ത് ഇനിയും സാധ്യതയുണ്ടെന്ന് തന്നെയാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. പ്രമുഖരായ എല്ലാരും മത്സര രംഗത്തുണ്ടാവട്ടെ, വിജയത്തിന് ശേഷം നായകനെ തീരുമാനിക്കാമെന്ന സമവായത്തിലേക്കേ ഹൈക്കമാൻഡിനും പോകാനാകൂ.