റിയാദ് - വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കാൻ അവരുടെ പേരിലുള്ള ഫോൺ ബില്ലുകൾ ഉൾപ്പെടെ മുഴുവൻ ബില്ലുകളും അടക്കുകയും ബാധ്യതകൾ തീർക്കുകയും വേണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിന് ഫോൺ ബില്ലുകൾ അടക്കണമെന്ന് വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സന്ദർശന വിസയിലുള്ള വിദേശികളുടെ വിസാ കാലാവധി അബ്ശിർ വഴി ദീർഘിപ്പിക്കാമെന്നും ഇതിന് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ജവാസാത്ത് വ്യക്തമാക്കി. ആറു മാസത്തിനു ശേഷവും ഫാമിലി വിസിറ്റ് വിസ ദീർഘിപ്പിക്കാൻ കഴിയുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.
വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് സൗദിയിൽ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസോ സ്വന്തം രാജ്യത്തെ ലൈസൻസോ ഉപയോഗിച്ച് വിസിറ്റ് വിസക്കാർക്ക് വാഹനമോടിക്കാവുന്നതാണ്. ഈ ലൈസൻസുകൾ കാലാവധിയുള്ളവയായിരിക്കണം. വിസിറ്റ് വിസക്കാർക്ക് വിദേശ ലൈസൻസുകൾ ഉപയോഗിച്ച് ഒരു വർഷക്കാലം വരെയോ ലൈസൻസ് കാലാവധി അവസാനിക്കുന്നതു വരെയോ, ഏതാണ് ആദ്യമെത്തുന്നതെങ്കിൽ അതുവരെ വാഹനമോടിക്കാവുന്നതാണ്.