കൊച്ചി - ദുബായിൽനിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായി ഫോൺവിളി നടത്തിയ സംഘ്പരിവാർ മാധ്യമപ്രവർത്തകനെ കസ്റ്റംസ് ചോദ്യം ചെയ്തു. ബി.ജെ.പി ചാനലായ 'ജനം ടിവി'യുടെ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. അഞ്ചു മണിക്കൂർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തു. അനിലിന്റെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയുണ്ടായില്ല.
അനിൽ നമ്പ്യാരുടെ മൊഴി സ്വപ്‌നയുടെ മൊഴികളുമായി ഒത്തുനോക്കിയ ശേഷം വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്. രാവിലെ 10 മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം മൂന്നര വരെ നീണ്ടു. സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യും.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്‌ന അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്‌ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വർണക്കടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ സരിത്തിനോട് ആവശ്യപ്പെടണമെന്ന് അനിൽ നിർദേശിച്ചതായാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോൾ, തന്നെ അനിൽ ഫോണിൽ വിളിച്ചുവെന്നും പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സ്റ്റേറ്റ്‌മെന്റ് നൽകിച്ചാൽ മതിയെന്ന് ഉപദേശിച്ചതായും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു.
ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയ നിമിഷത്തിൽ തന്നെ അനിൽ നമ്പ്യാർ സ്വപ്‌ന സുരേഷിനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. സ്വപ്‌നയുടെ മൊഴിയിൽ മൂന്നിടത്ത് അനിൽ നമ്പ്യാരുടെ പേര് പരാമർശമുണ്ട്. സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ് സരിത് വഴി രണ്ടുവർഷംമുമ്പാണ് അനിൽ പരിചയപ്പെട്ടതെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. ദുബായിൽ വഞ്ചനാ കേസുള്ളതിനാൽ അനിൽ നമ്പ്യാർക്ക് അവിടേയ്ക്ക് യാത്രാ വിലക്കുണ്ട്. ഈ വിലക്ക് നീക്കിക്കിട്ടാനാണ് സ്വപ്‌നയുമായി അടുത്തത്. തുടർന്ന് യു.എ.ഇ കോൺസുലേറ്റ് ഇടപെട്ട് വിലക്ക് നീക്കി കിട്ടി. ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖത്തിനായിരുന്നു ഇത്.
തിരുവനന്തപുരത്ത ഹോട്ടലിൽ വെച്ച് കണ്ടുമുട്ടുകയും സൗഹൃദം ദൃഢമാകുകയും ചെയ്തുവെന്നും ബി.ജെ.പിയെ സഹായിക്കാൻ കോൺസുലേറ്റിനോട് അഭ്യർത്ഥിക്കണമെന്ന് അനിൽ ആവശ്യപ്പെടുകയും ചെയ്തുവെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.
അനിൽ നമ്പ്യാരിലേക്ക് അന്വേഷണം എത്തിച്ചേർന്നതോടെ അദ്ദേഹവുമായി ഉറ്റബന്ധമുള്ള കേന്ദ്രമന്ത്രിയടക്കം സംശയത്തിന്റെ നിഴലിലാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പലവട്ടം ആവർത്തിച്ചിരുന്നു. എൻ.ഐ.എയും കസ്റ്റംസും അക്കാര്യം ഉറപ്പിച്ചുപറഞ്ഞിട്ടും തിരുത്തിയിട്ടില്ല. ഇതിനിടെയാണ് ബിജെപി ചാനലിന്റെ മേധാവി, സ്വപ്‌ന സുരേഷിനെ വിളിച്ചതും വി. മുരളീധരൻ പിന്നീട് ആവർത്തിക്കുന്ന കാര്യം പറയാൻ നിർബന്ധിച്ചുവെന്നതും പുറത്തുവന്നത്.
സംസ്ഥാന ടൂറിസംമന്ത്രിയായിരുന്ന കെ.വി തോമസിനെ 300 കോടിയുടെ ഹവാല ഇടപാടിൽ ബന്ധപ്പെടുത്തുന്ന വ്യാജരേഖ സംപ്രേഷണം ചെയ്ത കേസിൽ അനിൽ നമ്പ്യാരെ 2002ൽ അറസ്റ്റ് ചെയ്തിരുന്നു. അനിൽ നമ്പ്യാർ അന്ന് സൂര്യ ടി.വിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. കെ.വി തോമസിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചതായി സൂര്യ ടിവിയിൽ വാർത്ത നൽകിയതാണ് കേസിന്റെ തുടക്കം. കെ.വി തോമസ് രാജിവയ്‌ക്കേണ്ടിവരുമെന്നും വാർത്ത നൽകി. വിജിലൻസ് റിപ്പോർട്ടും തെളിവുകളും വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയതോടെ അനിൽ നമ്പ്യാർക്കും ശോഭന ജോർജിനുമെതിരെ കേസെടുത്തു. തുടർന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ഒളിവിൽ പോയ ഇയാൾ, വൈകാതെ പോലീസിൽ കീഴടങ്ങി. പിന്നീടാണ് ബി.ജെ.പി അനുകൂല ചാനലായ 'ജനം ടിവി'യിൽ സുപ്രധാന തസ്തികയിൽ നിയമിതനായത്.