കത്ത് ബോംബ് എന്നൊക്കെയാണ് മാധ്യമങ്ങൾ അതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് 23 മുതിർന്ന പാർട്ടി നേതാക്കൾ പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് നൽകിയ കത്തിനെ. കത്ത് കിട്ടിയതിനു പിന്നാലെ പാർട്ടി അധ്യക്ഷ പദത്തിൽനിന്ന് സോണിയ രാജി സന്നദ്ധത അറിയിച്ചു. കോൺഗ്രസ് പാർട്ടിയിൽ വലിയ കലാപം വരാൻ പോകുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പരന്നു. പക്ഷേ ഒന്നും നടന്നില്ല. ഒരു ദിവസം കൊണ്ട് എല്ലാം കഴിഞ്ഞു. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെ ചേർന്ന പ്രവർത്തക സമിതി യോഗത്തിനു ശേഷം കാര്യങ്ങൾ പഴയ പടിയായി. സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരും. ആറ് മാസത്തിനകം പാർട്ടി പുതിയ പ്രസിഡന്റിനെ കണ്ടെത്തുമെന്ന ഒരിക്കലും നടക്കാനിടയില്ലാത്ത തീരുമാനവുമെടുത്തു. എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെയായി.
കപിൽ സിബൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ശശി തരൂർ തുടങ്ങി പാർട്ടിയിലെ കാര്യവിവരമുള്ള ഒരു സംഘം നേതാക്കളാണ് സോണിയക്ക് കത്ത് നൽകിയത്. കോൺഗ്രസിന് ഒരു മുഴുവൻ സമയ പ്രസിഡന്റ് അത്യാവശ്യമാണെന്നും രാഹുൽ ഗാന്ധി തയാറല്ലെങ്കിൽ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ എത്രയും വേഗം കണ്ടെത്തണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. ഒരുപക്ഷേ പാർട്ടിയിലെ താഴേക്കിടയിലുള്ള നേതാക്കളും അണികളും ഉള്ളിൽ കൊണ്ടുനടന്ന വികാരമായിരുന്നു ആ കത്തിലൂടെ പ്രതിഫലിച്ചത്. ഇതിങ്ങനെ എത്ര നാൾ എന്ന വികാരം. രോഗിയും അവശയുമായ സോണിയാ ഗാന്ധിക്ക് പാർട്ടി ചുമതലകൾ മുഴുവൻ വഹിക്കാനുള്ള ആരോഗ്യമില്ല. കഴിഞ്ഞ തെരഞ്ഞെടപ്പ് തോൽവിയോടെ അധ്യക്ഷ പദം രാജിവെച്ച രാഹുൽ ഗാന്ധിയാവട്ടെ, തീരുമാനം മാറ്റില്ലെന്ന് ശപഥമെടുത്തിരിക്കുകയാണ്. സഹോദരി പ്രിയങ്കയെയും ആ ഉത്തരവാദിത്തമേൽക്കാൻ രാഹുൽ സമ്മതിക്കില്ല. നെഹ്‌റു കുടുംബത്തിൽനിന്ന് പുറത്തൊരാളെ കണ്ടെത്തണമെന്ന വാശിയിലാണ് രാഹുൽ. അതേ അഭിപ്രായം തന്നെയാണ് കത്തെഴുതിയ നേതാക്കളും പ്രകടിപ്പിച്ചത്.
പക്ഷേ കത്ത് പുറത്തു വന്നതോടെ രാഹുൽ ക്ഷുഭിതനായി. ബി.ജെപിയുമായി കൂട്ടുചേർന്നാണ് കത്തെഴുതിയതെന്ന രാഹുലിന്റെ പരാമർശം കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവരെ ചൊടിപ്പിച്ചു. രാഹുലിനെതിരെ കപിൽ ട്വിറ്ററിൽ കുറിപ്പിട്ടു. ഒടുവിൽ രാഹുൽ താൻ അങ്ങനെ ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞ് സമാധാനിപ്പിച്ചതോടെയാണ് സിബൽ ട്വീറ്റ് പിൻവലിച്ചത്. ഇത്തരം ചില നാടകീയ സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ ഏഴ് മണിക്കൂർ നീണ്ട യോഗം സാധാരണ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനങ്ങളൊന്നും എടുത്തില്ല. ഒരുപക്ഷേ ഇത്ര ദീർഘമായ യോഗം ചേർന്നു എന്നതാവും ഒരു പുതുമ.
കോൺഗ്രസ് നേതൃത്വത്തിൽ കുറെ കാലമായി നിലനിൽക്കുന്ന ഭീരുത്വം ഒരിക്കൽ കൂടി പുറത്തു വന്നു എന്നതാണ് വാസ്തവത്തിൽ ഈ യോഗത്തിന്റെ ബാക്കിപത്രം. സ്വന്തമായി ഒരു പ്രസിഡന്റിനെ പോലും കണ്ടെത്താൻ കഴിയാത്ത പാർട്ടി എങ്ങനെ നരേന്ദ്ര മോഡിയെപ്പോലൊരു കരുത്തനെ നേരിടും എന്ന ജനങ്ങളുടെ ന്യായമായ ചോദ്യം അവശേഷിക്കുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പാർട്ടി അധ്യക്ഷ പദം രാജിവെച്ച് പകരം പുതിയൊരാളെ കണ്ടെത്താൻ രാഹുൽ മുമ്പ് നേതാക്കളോട് ആവശ്യപ്പെട്ടപ്പോഴും ഇതേ ഭീരുത്വം പ്രകടമായി. അന്നും അങ്ങനെയൊരാളെ കണ്ടെത്താതെ സോണിയാ ഗാന്ധിയിൽ തന്നെ നേടുകയായിരുന്നു ഇവർ. ഫലം പാർട്ടി തകർച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കുന്നു. രാജ്യത്തെ ഭരണഘടനയെയും മതേതരത്വത്തെയും ജനാധിപത്യത്തെയും ചവിട്ടിമെതിച്ചും സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയും മോഡിയും അമിത് ഷായും സംഘപരിവാറും രണഭേരി മുഴക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ പോയിട്ട് ഒന്ന് പ്രതിഷേധിക്കാൻ പോലും കഴിയാത്ത വിധം ദുർബലമായിരിക്കുന്നു പാർട്ടി. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പ്രസ്താനവകൾ മാറ്റിനിർത്തിയാൽ പാർട്ടി എന്ന നിലയിൽ കേന്ദ്ര സർക്കാർ നടപടികളെ ചോദ്യം ചെയ്യുന്ന ഒരു നീക്കവും കോൺഗ്രസിൽ നിന്നുണ്ടാവുന്നില്ല.
കോൺഗ്രസ് നേരിടുന്ന തകർച്ചയുടെ ആഴം ശരിക്കും കണ്ടത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണ്. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിടുമെന്നോ, സച്ചിൻ പൈലറ്റ് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമെന്നോ അടുത്ത കാലം വരെ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. പക്ഷേ അതും സംഭവിച്ചു. രണ്ട് വർഷം മുമ്പ് ബി.ജെ.പിയുടെ മർമത്തിന് പ്രഹരം നൽകി കോൺഗ്രസ് തിരിച്ചുപിടിച്ച മധ്യപ്രദേശിൽ ജ്യോതിരാദിത്യ ബി.ജെ.പിയിൽ ചേർന്ന് പിന്നിൽ നിന്ന് കുത്തുമ്പോൾ കോൺഗ്രസ് ഒന്ന് ഞരങ്ങുക പോലും ചെയ്യാതെ നിർജീവമായി കിടന്നു.
രാജസ്ഥാനിൽ പക്ഷേ സച്ചിൻ പൈലറ്റ് അത്രത്തോളം ദ്രോഹം ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ മതേതര പ്രതിബദ്ധത ഒന്നുകൊണ്ട് മാത്രമാവും. പക്ഷേ അശോക് ഗഹ്‌ലോട്ട് സർക്കാരും വീഴുമെന്ന ഘട്ടമെത്തിയപ്പോൾ കപിൽ സിബൽ ഇങ്ങനെ ചോദിച്ചിരുന്നു. 'ലായത്തിൽനിന്ന് കുതിരകളെല്ലാം പോയ ശേഷമേ നമ്മൾ ഉണരുകയുള്ളോ' എന്ന്. പാർട്ടിയുടെ ഈ പരിതാപകരമായ അവസ്ഥയാവാം എക്കാലവും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരായിരുന്ന കപിൽ സിബലിനെയും ഗുലാം നബിയെയും പോലുള്ളവർ പോലും നേതൃമാറ്റം എന്ന ആവശ്യമുന്നയിക്കാൻ കാരണം.
നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനെയോ അധ്യക്ഷയെയോ കണ്ടെത്താൻ കോൺഗ്രസിന് കഴിയാത്തത് പല കാരണങ്ങൾ കൊണ്ടാവാം. മോഡിയെ നേരിടാൻ ഭയന്ന് കോൺഗ്രസ് നേതാക്കൾ സ്വയം പിന്മാറുന്നതാവും ഒന്ന്. ഇനി അധ്യക്ഷ പദം ഏറ്റെടുത്താൽ അത് നെഹ്‌റു കുടുംബത്തിന്റെ അപ്രീതിക്ക് കാരണമാവുമോ എന്ന ഭയമാവും രണ്ടാമത്തേത്. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു നേതാവ് അധ്യക്ഷ പദത്തിലെത്തിയാൽ പാർട്ടിയിലെ മറ്റു നേതാക്കൾ ആ വ്യക്തിയെ അംഗീകരിക്കുമോ എന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ഗ്രൂപ്പുകളും ക്ലിക്കുകളും കൂടിച്ചേർന്നതാണല്ലോ കോൺഗ്രസ് പാർട്ടി. എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്നത് നെഹ്‌റു കുടുംബത്തെ മാത്രവും.
ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള ഫസ്റ്റ് ചോയ്‌സ്. ഇന്ത്യയിൽ മോഡിയെ ഇത്ര വീറോടെയും പേടിയില്ലാതെയും നിരന്തരമായും ചോദ്യം ചെയ്യുന്ന മറ്റൊരു രാഷ്ട്രീയ നേതാവില്ല. അരുന്ധതി റോയിയെയും രാജ്‌മോഹൻ ഗാന്ധിയെയും പോലുള്ള എഴുത്തുകാരും ചിന്തകരും മതേതര വാദികളുമെല്ലാം സാക്ഷ്യപ്പെടുത്തുന്ന യാഥാർഥ്യമാണത്. മോഡിയെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ മാത്രമാണ് സംഘപരിവാർ നേതാക്കളിൽനിന്നും അണികളിൽനിന്നും രാഹുൽ നിരന്തരം ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിടുന്നതും. മോഡിയെ നേരിടാൻ പോന്ന നേതാവാണ് താനെന്ന് രാഹുൽ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. പക്ഷേ പൊതു തെരഞ്ഞെടുപ്പിൽ കഥ മാറി. അതു പക്ഷേ പുൽവാമ ഭീകരാക്രമണവും സർജിക്കൽ സ്‌ട്രൈക്കുമെല്ലാമായി സൃഷ്ടിക്കപ്പെട്ട ദേശീയ ബോധം കൊണ്ടായിരുന്നു.
മോഡിക്കും കേന്ദ്ര സർക്കാരിനുമെതിരെ താൻ നടത്തുന്ന നീക്കങ്ങൾക്ക് പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതാവാം പുറത്തുനിന്നൊരാൾ വരട്ടെ എന്ന രാഹുലിന്റെ ഉറച്ച തീരുമാനത്തിന് പിന്നിൽ. പക്ഷേ ആ തീരുമാനത്തിന് പാർട്ടി വലിയ വില കൊടുക്കേണ്ടിവരുന്നതുകൊണ്ട് അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് രാഹുലിനും ഒഴിഞ്ഞു മാറാനാവില്ല. രാഹുൽ പാർട്ടി പ്രസിഡന്റായിരുന്നെങ്കിൽ ജ്യോതിരാദിത്യ ഒരിക്കലും കോൺഗ്രസ് വിടുമായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പ്രവർത്തകരും. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് തിരിച്ചുവന്നത് രാഹുലിന്റെയും പ്രിയങ്കയുടെയും ഇടപെടലിനുശേഷമാണ്. പാർട്ടി ശിഥിലമാവുന്നത് കണ്ട് നേതാക്കൾ കൂടുമാറുമ്പോൾ അതിന്റെയെല്ലാം പിന്നിൽ ബി.ജെ.പിയാണെന്ന് വിലപിച്ചിട്ട് എന്തു കാര്യം? രാഹുൽ അധ്യക്ഷ പദം ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ ഒരു കാര്യം അദ്ദേഹത്തിന് ചെയ്യാവുന്നതാണ്. പുതിയ പ്രസിഡന്റിനെ നാമനിർദേശം ചെയ്യാം. അപ്പോൾ നെഹ്‌റു കുടുംബത്തിന്റ പിന്തുണയുണ്ടെന്ന് പാർട്ടി നേതാക്കൾക്കും അണികൾക്കും ബോധ്യമാവും. അതിനായി സമ്പൂർണ എ.എ.സി.സി സമ്മേളനം വിളിക്കട്ടെ. പുതിയ അധ്യക്ഷന് ഒരു വർഷം സമയം കൊടുക്കുക, പരാജയപ്പെട്ടാൽ അതിനു ശേഷം പുതിയൊരാളെ കൊണ്ടുവരിക. അങ്ങനെ പാർട്ടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാവട്ടെ.
പുതിയ അധ്യക്ഷനാവുന്നത് ആരായാലും തരക്കേടില്ല. മോഡി- ഷാ കൂട്ടുകെട്ടിന്റെ വർഗീയ അജണ്ടകളെ മതേതര ബോധത്തോടെ നേരിടുന്നയാളാവാണമെന്ന് മാത്രം. എങ്കിൽ മാത്രമേ കോൺഗ്രസിന്റെ അവശേഷിക്കുന്ന അണികളെയെങ്കിലും പിടിച്ചുനിർത്താനാവൂ. അതുപോലെ മതേതര കക്ഷികളുടെ പിന്തുണ ആർജിക്കാനും. അല്ലാതെ ബി.ജെ.പിയുടെ ബി ടീമാവാൻ പോയാൽ ഗുണം മോഡിക്കായിരിക്കും.