തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ലോക്കൽ എംപ്ലോയ്‌മെൻറ് അഷ്വറൻസ് പ്രോഗ്രാമിൻറെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം 50,000 പേർക്ക് ഈ വർഷം തൊഴിൽ നൽകുന്നതിനായി 'അതിജീവനം കേരളീയം' എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങൾ ഉണ്ടാകും.
മറ്റ് പദ്ധതികൾ:
യുവ കേരളം പദ്ധതി (60 കോടി)
10,000 യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ള അംഗങ്ങളായിരിക്കും ഇതിൻറെ ഗുണഭോക്താക്കൾ. പട്ടികവർഗവിഭാഗത്തിലുൾപ്പെടുന്നവർക്കും ഭിന്നശേഷിക്കാർക്കും 45 വയസ്സുവരെ അംഗങ്ങളാകാം. 100 ശതമാനം സൗജന്യ പരിശീലനം, സൗജന്യ യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്‌മെൻറ് സപ്പോർട്ട് , കൗൺസിലിങ്, ട്രാക്കിങ് (ഒരു വർഷം) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.
കണക്ട് ടു വർക്ക്
തൊഴിൽ വൈദഗ്ധ്യവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും അഭിമുഖങ്ങളെ മികച്ച രീതിയിൽ നേരിടുന്നതിനു കഴിയാത്തതിനാൽ തൊഴിൽ ലഭിക്കാതെ പോകുന്ന ധാരാളം യുവതീയുവാക്കൾ ഉണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ. ഇത്തരം യുവതീ യുവാക്കളുടെ മൃദുനൈപുണികൾ (സോഫ്റ്റ് സ്‌കിൽ) വികസിപ്പിക്കുക, അവർക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക ഈ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പരിപാടിയാണ് 'കണക്ട് ടു വർക്ക്.' 5,000ത്തോളം യുവതീ യുവാക്കൾക്ക് പരിശീലനം നൽകി ഇവരെ തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തി തൊഴിൽ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കേരള സംരംഭകത്വ വികസന പദ്ധതി
തെരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളിൽ കാർഷിക കാർഷികേതര മേഖലകളിൽ 16,800പുതിയ സംരഭങ്ങൾ ആരംഭിക്കും. ഏകദേശം 20,000ത്തോളം ആളുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും. സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാം. സംരഭകർക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക്തല സമിതികൾ ലഭ്യമാക്കും. വ്യക്തിഗത സംരഭങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുമാണ് വായ്പയായി അനുവദിക്കുക. നാലുശതമാനം പലിശയാണ് ഈടാക്കുക. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.
എറൈസ് പദ്ധതി
202021 സാമ്പത്തിക വർഷം 10,000 യുവതീ യുവാക്കൾക്ക് എറൈസ് പദ്ധതിയിലുൾപ്പെടുത്തി തൊഴിൽ ലഭ്യമാക്കും. തൊഴിൽ വിപണിയിൽ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളിൽ യുവതീ യുവാക്കൾക്കും, കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി വേഗത്തിൽ വേതനം ലഭിക്കുന്ന തൊഴിൽ (വേജ് എംപ്ലോയ്‌മെൻറ്) ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് പ്രളയക്കെടുതികൾമൂലം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടവർക്കായി 201819 വർഷത്തിലാണ് 'എറൈസ്' പ്രോഗ്രാം ആരംഭിച്ചത്.
സൂക്ഷ്മ സംരംഭക വികസന പദ്ധതി
ഈ പദ്ധതി പ്രകാരം 3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ ലഭ്യമാക്കും. ഏകദേശം 10,000 പേർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. വ്യക്തിഗത സംരംഭകർക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി പത്തു ലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകൾ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാൻ കഴിയും.