തിരുവനന്തപുരം- ജനം ടി.വി ബി.ജെ.പിയുടെ ചാനൽ അല്ലെന്നും ഒരുകൂട്ടം ദേശ സ്‌നേഹികളാണ് ചാനൽ നടത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തുക്കേസിൽ ജനം ടി.വി കോഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
ജനം ബി.ജെ.പി ചാനൽ അല്ല, ബി.ജെ.പി നിയന്ത്രിക്കുന്നതല്ല, ഒരുകൂട്ടം ദേശ സ്‌നേഹികളാണ് ചാനൽ നടത്തുന്നത്. അനിൽ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് താൻ അറിഞ്ഞില്ല. പോയിട്ട് വരട്ടെ അത് ബി.ജെ.പിയുമായി കൂട്ടി കുഴയ്ക്കരുതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അനിൽ നമ്പ്യാർ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് അനിൽ നമ്പ്യാർക്ക് നോട്ടീസ് നൽകിയിരുന്നു.