കണ്ണൂർ- തലശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ നാലു ബീമുകൾ തകർന്ന് വീണു. തലശ്ശേരി മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകർന്ന് വീണത്. കണ്ണൂരിൽ നിന്ന് മറ്റു ജില്ലകളിലേക്കുള്ള യാത്രയിൽ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമിക്കുന്നത്.
നിർമാണത്തിലിരിക്കുന്ന ഒരു ബീം ചരിഞ്ഞ് പോയപ്പോൾ മറ്റു ബീമുകൾ കൂടി വീഴുകയായിരുന്നെന്ന് എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. ബീമുകൾ പരസ്പരം ലോക്ക് ചെയ്തിരുന്നില്ലെന്നും അതിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്നും എം.എൽ.എ പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉത്തരവിട്ടു.