മൊയ്തുവിന് എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ശമ്പളത്തോടെ നാട്ടിൽ കുടുംബത്തോടൊപ്പം നിൽക്കാൻ അവസരം കിട്ടിയിട്ടും അയാൾ തിരികെ പറക്കുന്ന വിമാനം എന്നു വരുമെന്നറിയാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്. എപ്പോഴും അതേക്കുറിച്ച് തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഭാര്യയോടൊപ്പം ജീവിക്കാൻ കിട്ടിയ അവസരം പ്രവാസിക്ക് ഇത്ര വേഗം മടുക്കുമോ?
എല്ലാവരുടെ കണ്ണിലും മൊയ്തു ഒരു ഭാഗ്യവാനാണ്. ആറു മാസമായി നാട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്നു. അവിടെയിരുന്ന് ഗൾഫിലെ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു. ശമ്പളം റിയാലിൽ തന്നെ കൃത്യമായി കിട്ടുന്നു. കമ്പനി ഒരു റിയാൽ പോലും കുറച്ചിട്ടില്ല.
വർഷത്തിൽ സാധാരണ ഒന്നിനും തികയാത്ത 28 ദിവസം ലീവ് കിട്ടാറുള്ള മൊയ്തുവിനാണ് ലോട്ടറി പോലെ ആറു മാസം ലഭിച്ചിരിക്കുന്നത്.
കേരള ഹൗസിലെ അന്തേവാസികൾ എല്ലാവരും പറയും അവന്റെയൊക്കെ തലയിലെ ഒരു വര. അസൂയപ്പെടുന്നതിൽ തെറ്റൊന്നുമില്ല. പ്രവാസികളിൽ ചിലർക്കെങ്കിലും കോവിഡ് ഇങ്ങനെയൊരു ഭാഗ്യം കൊണ്ടുവന്നിട്ടുണ്ട്. നാട്ടിൽ സ്വന്തം വീട്ടിലിരുന്ന് ജോലി ചെയ്യാം. ശമ്പളം റിയാലിൽ കൃത്യമായി കൈപ്പറ്റുകയും ചെയ്യാം.
രോഗഭീതി മാറാതെ മാസ്‌കും ഗ്ലൗസും വലിച്ചുകയറ്റി കൃത്യമായി ജോലിക്കു പോകുന്നുണ്ടെങ്കിലും രണ്ടും മൂന്നും മാസമായി ശമ്പളം ലഭിക്കാത്തവർക്ക് തീർച്ചയായും ഇക്കാര്യത്തിൽ അസൂയപ്പെടാം.
പക്ഷേ, അവിശ്വസനീയമായ മറുവശം നോക്കൂ:
ശല്യമായിട്ടുണ്ട് മൊയ്തുവിന്റെ വിളി. രാവിലെ ഉണരുന്നതിനു മുമ്പേ അയാളുടെ വിളിയോ വോയിസ് മെസേജോ എത്തും. ഒരു ദിവസവും ഒഴിവില്ല. അറിയേണ്ടതു ഒരേ ഒരു കാര്യമാണ്.
സെപ്റ്റംബറിൽ വിമാന സർവീസ് തുടങ്ങുമോ?
വിവരം കിട്ടട്ടെ, അറിയിക്കാമെന്ന് എല്ലാ ദിവസവും മൽബു പറയുമെങ്കിലും പിറ്റേ ദിവസം മൊയ്തു പതിവ് തെറ്റിക്കില്ല. വാട്സാപ്പിൽ മെസേജ് അയച്ചിട്ടുണ്ടാകും. റിപ്ലൈ കൊടുത്തില്ലെങ്കിൽ പിന്നാലെ വിളിയെത്തും.
ഫോണിലെ അടവുകൾ പ്രയോഗിച്ച് മൽബു മെസേജ് കണ്ടില്ല എന്നു വരുത്തിത്തീർക്കുന്നതാണെന്ന് മൊയ്തുവിന് അറിയില്ലല്ലോ?
അടത്ത മാസം വിമാനം പോകുമെന്ന് പലരും നാട്ടിൽ പറയുന്നുണ്ട്. പോരാൻ ഉദ്ദേശിക്കുന്നവരുടെ പട്ടിക തയാറാക്കുന്നുമുണ്ട്. എന്തായാലും വിമാനമുണ്ടാകുമെന്ന് ചെലോര് ഉറപ്പിച്ചു പറയുന്നു എന്നാണ് മൊയ്തുവിന് ലഭിച്ചിരിക്കുന്ന വിവരം. സാദാ സർവീസ് ആരംഭിച്ചില്ലെങ്കിൽ വിമാനം ചർട്ടർ ചെയ്യുമെന്നാണത്രേ ചെലോര് പറയുന്നത്.
സർക്കാരുകളുടെ അനുമതിക്ക് വിധേയമാണെന്ന് ട്രാവൽസുകാർ അവരുടെ പരസ്യങ്ങൾക്ക് താഴെ എഴുതിയിട്ടുണ്ടല്ലോയെന്ന് മൽബു ഓർമിപ്പിച്ചാലും മൊയ്തു ചോദിക്കും..
എന്നാലും എന്തേലും സൂചനയുണ്ടോ. ഒന്നൂടി അന്വേഷിച്ചിട്ട് പറ.
എന്താണ് ഇച്ചങ്ങാതിക്ക് സംഭവിച്ചത്. എല്ലാ പ്രവാസികളെയും പോലുള്ള ഒരാളല്ല മൊയ്തു. ഭാര്യയൊടോപ്പം കൂടുതൽ മാസങ്ങൾ താമസിക്കണമെന്ന് ഡോക്ടർ അയാളോട് നിർദേശിച്ചത് മൽബുവിന് അറിയാം. വിവാഹിതനായി ആറു വർഷമായി മക്കളില്ലാത്തതിനാലാണ് പ്രശസ്തനായ ഡോക്ടറെ സമീപിച്ചത്.
15 വർഷമായിട്ടും കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാതിരുന്ന ദമ്പതികളെ ഗൾഫിൽ എ.സി മുറിയിലടച്ചിട്ടപ്പോൾ പടപടാ മക്കളുണ്ടായ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രശസ്തനായ ഡോക്ടറുടെ ഉപദേശം.
ഒന്നുകിൽ മിസ്സിസിനെ ഇക്കരേക്ക് കൊണ്ടുവരിക. അല്ലെങ്കിൽ നിങ്ങൾ അക്കരേക്ക് മടങ്ങുക. ഇപ്പോൾ നാട്ടിൽ എല്ലായിടത്തും എ.സിയുണ്ടല്ലോ. അപ്പോൾ അതൊരു തടസ്സമല്ല.
ഇദ്ദേഹത്തിന്റെ വർത്തമാനം കേട്ടാൽ ദാമ്പത്യവും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റിസർച്ച് നടത്തുന്നയാളാണെന്ന് ആർക്കും തോന്നും.
അങ്ങനെയുള്ള വിദഗ്ധോപദേശം ലഭിച്ച മൊയ്തുവിനാണ് ആരുടെയോ ഭാഗ്യത്തിന് ജോലി ചെയ്തുകൊണ്ട് തന്നെ നാട്ടിൽ തങ്ങാൻ അപൂർവ അവസരം ലഭിച്ചത്. ആ മൊയ്തുവാണ് ഇപ്പോൾ വിമാനമായോ എന്ന് അന്വേഷിച്ച് വെറുതെ തലവേദന സൃഷ്ടിക്കുന്നത്.
മൊയ്തൂ, അനുഗ്രഹത്തെ ഇങ്ങനെ നിഷേധിക്കരുത്. എന്താ അവിടെ എ.സിയില്ലാത്തതാണോ പ്രശ്നം. അതോ അവൾ ചവിട്ട് എന്നു പറഞ്ഞോ: മൽബു മൊയ്തുവിനോട് ചോദിച്ചു.
ആരു പറഞ്ഞു നിഷേധിക്കുന്നു എന്ന്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്. കുഞ്ഞിക്കാല് കാണുന്നതുവരെ അവളോടൊപ്പം ഇവിടെ തന്നെ തങ്ങണമെന്നാണ് ആഗ്രഹം.
പിന്നെ എന്തിനാണ് ദിവസവും നിങ്ങൾ വിമാനം അടുത്ത മാസമുണ്ടാകുമോ എന്ന് അന്വേഷിക്കുന്നത്: മൽബു ചോദിച്ചു.
അതേയ്, വിമാനം തുടങ്ങുന്ന കാര്യം അറിയാനല്ല എന്റെ ചോദ്യം. ഒരു എട്ടു മാസത്തേക്ക് കൂടി വിമാനം തുടങ്ങില്ല എന്നറിയാനാണ്. എല്ലാ ദിവസവും അവളാണ് എന്നെക്കൊണ്ട് മെസജ് അയപ്പിക്കുന്നത്. വിമാന സർവീസ് തുടങ്ങില്ല എന്നറിയുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ.. എന്റെ മൽബൂ... അതൊരു ഒന്നൊന്നര പുഞ്ചിരിയാണ്.
അമ്പട.. പഹയാ.. മൽബു മനസ്സിൽ പറഞ്ഞു.