Sorry, you need to enable JavaScript to visit this website.

പ്രതിഭയും രാഷ്ട്രീയവും മാറ്റുരച്ച അവിശ്വാസ പ്രമേയ ചർച്ച

 പ്രതിഭയുടെ  തിളക്കമുള്ളവർക്ക്  മാത്രം അതിജീവിക്കാൻ കഴിയുന്ന  രാഷ്ട്രീയ കാലം വരികയാണോ?  നവമാധ്യമ സജീവതയുടെ പുതുകാലത്ത് പല ഘട്ടത്തിലും ഉയർന്നു വന്ന ചോദ്യമാണിത്. കേരള നിയമസഭയിൽ തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ച കണ്ടവരും ഈ സംശയത്തിന് സ്വയം ഉത്തരം കണ്ടെത്തിയിട്ടുണ്ടാകും.  കണ്ടില്ലേ,  വക്കീൽ കോഴികൊത്തുന്നത് പോലെ കൊത്തുന്നു എന്ന്  ഏതെങ്കിലും പൊട്ടവക്കീലിന്റെ നിലവാരം കുറഞ്ഞ വാദം കേട്ട് വാ പൊളിക്കുന്നവരല്ല ഇന്ന് ജനം- ബഹുഭൂരിപക്ഷത്തിനും എല്ലാം അറിയാം.  പതിനഞ്ച് വർഷത്തിന് ശേഷമാണ് കേരള നിയമസഭയിൽ ഒരു അവിശ്വാസ പ്രമേയം ചർച്ചക്ക് വന്നത്. വൻ ഭൂരിപക്ഷമുള്ള സർക്കാരിനെ താഴെയിറക്കലായിരുന്നില്ല പ്രതി പക്ഷ ലക്ഷ്യമെന്ന കാര്യം വ്യക്തം. സർക്കാരിനെ തുറന്നു കാണിക്കാനുള്ള ഒരു വഴി.  ആരോപണങ്ങളിൽ മുങ്ങിയ മന്ത്രിസഭക്കെതിരെ ഇങ്ങനെയൊരു അവിശ്വാസ പ്രമേയം വന്നില്ലെങ്കിലായിരുന്നു അതിശയം.  


ഈ വിഷയത്തിൽ  മന്ത്രി ഇ.പി. ജയരാജന്റെ ഏറ്റവും പുതിയ പ്രതികരണം ഇങ്ങനെ: അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ജനവഞ്ചന തുറന്നു കാട്ടാൻ സർക്കാരിന് കഴിഞ്ഞു. എല്ലാ കാര്യങ്ങളും അക്കമിട്ട് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ തൊലി ഉരിഞ്ഞുകളഞ്ഞു. സാധാരണ സി.പി.എം പ്രവർത്തകർക്ക് പറയാനും പിടിച്ചു നിൽക്കാനും പറ്റിയ ന്യായമായി അടിമുടി പാർട്ടിക്കാരനായ മന്ത്രിയുടെ വാക്കുകൾ കാണാം.   അതേ സമയം ആരോപണ കോലാഹലങ്ങളിൽപ്പെട്ട മന്ത്രി കെ.ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചിട്ട  ഫെയ്‌സ് ബുക്ക്  പോസ്റ്റ് പാർട്ടി അണികൾ എങ്ങനെയായിരിക്കും കാണുക? മന്ത്രി ജലീലിന്റെ വാക്കുകൾ ഇങ്ങനെ 'ഇടതു സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ ജനങ്ങൾ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചയ്ക്കാണ് ഇന്നലെ കേരളം സാക്ഷിയായത്. യു.ഡി.എഫ് ഉയർത്തിയ അർത്ഥശൂന്യമായ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തിൽ തന്നെ വേറിട്ട ഒരനുഭവമായിരുന്നു. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒട്ടും തളർച്ചയേശാതെ, നുണ പുരട്ടി ഉതിർത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓർമിക്കപ്പെടും.''


 യു.ഡി.എഫുകാർ കെ.എം. ഷാജി, ഷാഫി പറമ്പിൽ   എന്നിവർ അവിശ്വാസ പ്രമേയ ചർച്ചയിൽ നടത്തിയ പ്രസംഗങ്ങൾ എടുത്ത് പറഞ്ഞാണ്  വിജയാഘോഷം നടത്തുന്നത്. പ്രമേയ അവതാരകൻ വി.ഡി.സതീശനും അവർക്ക് കൂട്ടുണ്ട്. പക്ഷേ ഇടതുപക്ഷത്തിന്  അഭിമാനപൂർവം ഉയർത്തിക്കാണിക്കാൻ ഒരാൾ മാത്രം- എം. സ്വരാജ്.  ഒരു കാര്യം ഓർക്കണം - പ്രതിപക്ഷ നിരയിൽ ഇനിയുമുണ്ട് സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ നിരവധി  യുവ പുലികൾ- കെ.എസ്. ശബരീനാഥ്,  എൻ. ഷംസുദ്ദീൻ ... . ഭരണ കക്ഷി യുവനിരയിൽ  ആ ലിസ്റ്റ് എം.സ്വരാജിൽ ഒതുങ്ങുന്നുവെന്ന അപ്രിയ സത്യം  അംഗീകരിക്കാൻ അവർ തയാറാകുമെന്ന് തോന്നുന്നില്ല. 


 പത്തര മണിക്കൂർ നീണ്ടുനിന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മൂന്നേ മുക്കാൽ മണിക്കുർ മറുപടി പറഞ്ഞ മുഖ്യമന്ത്രി   തനിക്കറിയാവുന്ന തന്ത്രം തിരിച്ചു പയറ്റുകയായിരുന്നു.  തൊഴിൽ തർക്ക ചർച്ചകളിൽ വാദങ്ങൾ ദീർഘമായി ഉന്നയിച്ച് തൊഴിലുടമ പക്ഷത്തെ മടുപ്പിലേക്ക് നയിച്ച് തോൽപിക്കുന്ന പഴയകാല ട്രേഡ് യൂനിയൻ നേതാക്കളുടെ തന്ത്രം മുഖ്യമന്ത്രി പിണറായി വിജയനും നന്നായി അറിയുമായിരിക്കും.  നിയമസഭയിലും  പുറത്തും പല ഘട്ടങ്ങളിലും അദ്ദേഹം ആ തന്ത്രം പുറത്തെടുക്കുന്നുണ്ട്. . കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ദീർഘ മറുപടി നൽകി അദ്ദേഹം ചോദ്യമുന്നയിച്ചവരെ തോൽപിച്ചു കളഞ്ഞത് കേരളം തത്സമയം കണ്ടിരുന്നു. അതിന്റെയൊരു തനിയാവർത്തനം മാത്രമായിരുന്നു തിങ്കളാഴ്ച നിയമസഭയിലും കേട്ടത്.  


അവിശ്വാസ പ്രമേയ ചർച്ചക്കിടയിലുണ്ടായ മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പരം വിരൽ ചൂണ്ടി മുഖാമുഖം നിന്നത്. സൗമ്യ ഭാവമൊക്കെ വിട്ട ചെന്നിത്തലയുടെ ഉശിരും ആവേശവും കാലം കാത്തു വെച്ച അനിവാര്യതയായിരിക്കാം.  നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ യുവ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം മുഴക്കിയ മുദ്രാവാക്യത്തിലെ വാക്കുകളുടെ നിലവാരമില്ലായ്മയും  കാവ്യ നീതിയായിരിക്കുമോ? സ്വാതന്ത്ര്യ സമര സേനാനി കെ.കരുണാകരനെ ചില പ്രത്യേക പദങ്ങൾ ചേർത്തല്ലാതെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ വിളിക്കാറുണ്ടായിരുന്നില്ല. സന്ദർഭ വശാൽ കോൺഗ്രസിലെ പി.ടി.തോമസ് ഒരു പഴയ മുദ്രാവാക്യത്തിന്റെ പാരഡി  സഭയുടെ ഓർമയിലെത്തിച്ചിരുന്നു. അതിങ്ങനെയായിരുന്നു- അച്യുതമേനോൻ കമ്യൂണിസ്റ്റാണോ, അല്ലേ അല്ല. എന്നതിന് പകരം പിണറായി വിജയൻ കമ്യൂണിസ്റ്റാണോ, അല്ലേ, അല്ല. എന്ന്. പി.ടി. തോമസിനെതിരെ നല്ലൊരു വിജിലൻസ് കേസ് വന്നിട്ടുണ്ട് കേട്ടോ.


മുഖ്യമന്ത്രി പിണറായി വിജയന്റെ  സുദീർഘമായ മറുപടി പ്രസംഗം തന്റെ പാർട്ടിയുടെ  വരുംകാല രാഷ്ട്രീയത്തിലേക്കുള്ള കരുതിവെപ്പുകളായിരുന്നു. ചില വരികൾ ഉദാഹരണമായി ഇനി പറയുന്നു-
'അയോധ്യാ വിഷയത്തിൽ ബി.ജെ.പിയോട് കോൺഗ്രസും കോൺഗ്രസിനോട് ലീഗും ചേർന്നു നിൽക്കുന്നുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞു. അവിശ്വാസ പ്രമേയത്തിലും അത്തരമൊരു ചേർത്തു നിൽപു തന്നയെല്ലേ നാം കാണുന്നത്. ഇത്തരത്തിൽ ഒരു പൊതു രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയർന്നു വരുന്നുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോം.


ഹാഗിയ സോഫിയ വിഷയത്തിൽ കൂടി ജമാഅത്തെ ഇസ്‌ലാമി  നിലപാട് ചേർത്തു വെച്ചാൽ ഇത് കൃത്യമായി മനസ്സിലാക്കാം. ഇവയെല്ലാം ചേർന്നതാണ് ഈ പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം.
ജമാഅത്തെ ഇസ്‌ലാമിയുടെ മതമൗലിക വാദം ലീഗിനെ ഹൈജാക്ക് ചെയ്തു. ബി.ജെ.പിയുടെ ഹിന്ദുത്വ വാദം കോൺഗ്രസിനെ ഹൈജാക്ക് ചെയ്തു. ഇവരെല്ലാം ഈ കമ്യൂണിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ പ്ലാറ്റ്‌ഫോമിൽ ഒരുമിക്കുന്നു,'  ഇ.എം.എസ് പഴയ കാലത്ത് നൽകി വരാറുള്ള രാഷ്ട്രീയ വിശകലങ്ങളുടെ ഏകദേശ രൂപമായി ഇതിനെ കാണാം.  
ഇതൊക്കെ വെച്ചാകും വരുംകാല കേരള രാഷ്ട്രീയം മുന്നോട്ട് നീങ്ങുകയെന്ന കാര്യം ഉറപ്പിച്ചു നിർത്താനും  അവിശ്വാസ പ്രമേയ ചർച്ച ഉപകരിച്ചുവെന്നുറപ്പ്. മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടുപോയപ്പോൾ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് ഉന്നയിച്ച പശു വളർത്തലിനെക്കുറിച്ചുള്ള ചോദ്യവും മുഖ്യമന്ത്രിയുടെ ഹൃദ്യമായ മറുപടിയുമൊന്നും  വെറുതെയായിരിക്കില്ല.പ്രതിഭയും  രാഷ്ട്രീയവും  മാറ്റുരച്ച അവിശ്വാസ പ്രമേയ ചർച്ച 

Latest News