തിരുവനന്തപുരം- സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കിൽ സ്പെഷ്യൽ സെൽ എസ്.പി വി. അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്.
സ്വർണക്കടത്ത് ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാൻ ഫയലുകൾ കത്തിച്ചതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്ന സംഭവം അന്വേഷിക്കാന്‍ രണ്ട് സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. ദുരന്ത നിവാരണ കമീഷണർ ഡോ. കൗശിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എ.ഡി.ജി.പി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിൽ പോലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കില്‍ തീപിടിത്തമുണ്ടായത്. ഈ ബ്ലോക്കിലെ പ്രോേട്ടാകോൾ ഓഫീസിലും ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഓഫിസിന് സമീപം വരെയും തീപടർന്നു. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെ ചീഫ് ജോയന്റ് പ്രോട്ടോകോള്‍ ഓഫിസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ഓഫിസിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്ച ഉച്ചയോടെ ആരോഗ്യവിഭാഗം സീല്‍ ചെയ്ത ഓഫിസുകളിൽ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജീവനക്കാര്‍ വരേണ്ടെന്ന് നിർദേശിച്ചിരുന്നു. എന്നാല്‍, തീപിടിത്തമുണ്ടായപ്പോള്‍ രണ്ട് ജീവനക്കാരുടെ സാന്നിധ്യമുണ്ടായത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത്, മതഗ്രന്ഥം കൊണ്ടുവന്ന സംഭവം എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടത് പൊതുഭരണ വകുപ്പിനോടും പ്രോട്ടോകോള്‍ ഓഫിസറോടുമാണ്. അതുകൊണ്ടുതന്നെ തീപിടിത്തം സ്വാഭാവികമല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.