കൊച്ചി- നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ ജനം ടി.വി തലവൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജനം ടി.വി കോഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരോട് നിർദേശിച്ചിരിക്കുന്നത്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് നിർദ്ദേശം. സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പരാമർശിച്ചിട്ടുള്ളത്. സ്വപ്നയെ വിളിച്ചിരുന്നതായി അനിലും സമ്മതിച്ചിട്ടുണ്ട്.