Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി പിരിച്ചു വിട്ടേക്കും

ജിദ്ദ - ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയെ താമസിയാതെ പിരിച്ചു വിട്ടേക്കും. 
പകരം മൂന്നംഗ അഡ്‌ഹോക് സമിതിക്ക് ഭരണ ചുമതല കൈമാറുമെന്ന് അറിയുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും നിലവിലെ ഭരണ സമിതിയുടെ പ്രവർത്തനം സ്‌കൂളിന്റെ മികവുറ്റ പ്രവർത്തനത്തിന് സഹായകരമല്ലെന്ന വിലയിരുത്തലിലാണ് സമിതിയെ പിരിച്ചു വിടാനുള്ള നീക്കങ്ങൾ നടക്കുന്നത്. നിലവിലെ ഭരണ സമിതിയിൽ ഒരു മലയാളി അടക്കം ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ മൂന്നുപേരെ നിലനിർത്തി നാലു പേരെ ഒഴിവാക്കിയേക്കുമെന്നാണ് അറിയുന്നത്. 


നിലവിലെ ഭരണ സമിതിക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്. ഇവർ ചുമതലയേറ്റിട്ട് രണ്ടു വർഷമാകുന്നതേയുള്ളൂ. അതിനിടെ സ്‌കൂളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിഷയങ്ങൾ ഉണ്ടായതും അതു കൈകാര്യം ചെയുന്നതിലുണ്ടായ അപാകതകളുമാണ് പുതിയ താൽക്കാലിക ഭരണ സമിതിയെ കണ്ടെത്തുന്നതിലേക്ക് അധികാരികളെ നയിച്ചിട്ടുള്ളത്. താൽക്കാലിക സമിതിക്ക് ഭരണ ചുമതല നൽകിയ ശേഷം പിന്നീട് വിപുലമായ കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്. നിലവിലേതുപോലെ നാമനിർദേശ ഭരണ സമിതിയാവും പുതിയതായി വരിക. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ അടുത്തിടെ ഏഴംഗ സമിതിയെ സ്‌കൂളിന്റെ പേട്രൺ കൂടിയായ അംബാസഡർ നാമനിർദേശം ചെയ്തിരുന്നു. രക്ഷിതാക്കളിൽനിന്ന് അപേക്ഷ സ്വീകരിച്ച് അതിൽനിന്നു യോഗ്യരായവരെ കണ്ടെത്തിയാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. അതേ സമീപനമാവും ജിദ്ദ ഇന്ത്യൻ സ്‌കൂളിന്റെ കാര്യത്തിലും ഉണ്ടാവുക. 


ജിദ്ദ ഇന്ത്യൻ സ്‌കൂളിന്റെ ആൺകുട്ടികളുടെ വിഭാഗം കെട്ടിടവുമായി ബന്ധപ്പെട്ട കേസ്, കെട്ടിടം ഒഴിയലും പിന്നീട് വാടക കൂട്ടി നൽകലും, പുതിയ കെട്ടിടം ഏറ്റെടുക്കൽ, സ്‌കൂൾ ദൈനംദിന നടപടിക്രമങ്ങളിലെ അപകാകതകൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അടുത്തിടെ പുനഃപരിശോധനക്കും ചർച്ചകൾക്കും വന്നിരുന്നു. ഇക്കാര്യങ്ങളിൽ ചിലർ സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വന്നേക്കും. 

 

Latest News