മസ്‌കത്ത്- ആറു മാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങിയെത്തുന്ന തദ്ദേശവിസയുള്ള വിദേശികള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധം. ഒമാന്‍ റോയല്‍ പോലീസില്‍ നിന്ന് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിര്‍ദ്ദേശം. ഇതിന് വേണ്ട രേഖകള്‍ റോയല്‍ പോലീസ് പുറത്തിറക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് ആന്റ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആന്റ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നല്‍കണം. തൊഴിലാളിക്ക് സാധുവായ തൊഴില്‍ വിസ ഉണ്ടായിരിക്കണമെന്നും റോയല്‍ പോലീസ് വ്യക്തമാക്കി.
തൊഴിലാളിയെ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, പാസ്പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പികള്‍, കമ്പനി സിഗ്‌നേച്ചര്‍ കോപ്പി, കമ്പനി കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കോപ്പി, 14 ദിവസം കാലാവധിയുള്ള വിമാന ടിക്കറ്റ് കോപ്പി എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. താമസ വിസയുള്ള വിദേശികള്‍ക്ക് സാധാരണഗതിയില്‍ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു നില്‍ക്കാനാവില്ല. കോവിഡ് കാരണമാണ് ഇക്കാര്യത്തില്‍ ഇളവു നല്‍കുന്നതെന്ന് റോയല്‍ പോലീസ് വക്താവ് അറിയിച്ചു.