തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെതിരെയാണല്ലോ യു.ഡി.എഫും എൽ.ഡി.എഫും നിലപാടെടുക്കുന്നത്. ഇരുകൂട്ടരുടെയും നിലപാടിലെ ആത്മാർത്ഥത വിശ്വസനീയമല്ല. അതേസമയം പാരിസ്ഥിതികമായ വൻ ഭീഷണിയുയർത്തുന്ന വിഴിഞ്ഞം തുറമുഖം അദാനിക്കു കൊടുത്തതിൽ ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. യു.ഡി.എഫ് കാലത്താണ് അത്തരമൊരു തീരുമാനമുണ്ടായത്. അന്ന് എൽ.ഡി.എഫ് എതിരായിരുന്നു. എന്നാൽ എൽ.ഡി.എഫ് ഭരണം വന്നപ്പോൾ ഇനിയൊന്നും ചെയ്യാനില്ല എന്ന ന്യായീകരണത്തിൽ മുന്നോട്ടു പോകുകയായിരുന്നു. അതിനാൽ തന്നെ വിമാനത്താവള വിഷയത്തിൽ ഇരുകൂട്ടരുടെയും നിലപാടുകൾ സത്യസന്ധമാണെന്നു പറയാനാകില്ല.
2011-2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാർ ഭൂമി സർക്കാർ ഉടമ സ്ഥതയിലും നടത്തിപ്പ് സ്വകാര്യ കമ്പനിക്കും എന്ന രീതിയിൽ ആയിരുന്നു വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്നാണ് പദ്ധതിയുടെ പേര്.
ഇന്ത്യൻ കോർപറേറ്റ് ഭീമൻ അദാനി ഗ്രൂപ്പുമായി (ഉആഎഛഠ) ഉ ഡിസൈൻ, ആ ബിൽഡ്, എ ഫിനാൻസ്, ഛ ഓപറേറ്റ്, ഠ ട്രാൻസ്ഫർ എന്ന രീതിയിൽ ആണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ അന്ന് ആ പ്രോജക്ട് നടക്കാതെ വരികയും പിന്നീട് നടന്ന സർവകക്ഷി യോഗത്തിൽ സർക്കാർ ഉടമസ്ഥതയിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
പക്ഷേ പിന്നീട് ആ തീരുമാനം അട്ടിമറിക്കപ്പെട്ടു. അദാനിക്ക് എല്ലാതരത്തിലും ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. 7525 കോടി രൂപയോളം ആണ് പദ്ധതിക്ക് ചെലവ്. അതിൽ അദാനിയുടെ ചെലവ് 4089 കോടി. കേന്ദ്രസർക്കാരിൽ നിന്ന് വൈബലിറ്റി ഗാപ് ഫണ്ട് ഇനത്തിൽ 800 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായി 800 കോടി രൂപയും ഉൾപ്പെടെ 1600 കോടി പദ്ധതിക്കായി കമ്പനിക്ക് വീണ്ടും ഗ്രാന്റായി കൊടുക്കും.
ഈ പറയുന്ന ഗ്രാന്റ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് തിരികെ നൽകേണ്ടതാണ്. അപ്പോൾ അദാനിയുടെ മൊത്തം ചെലവ് 2489 കോടി രൂപ മാത്രം. ഈ പണം അദാനി ഗ്രൂപ്പ് കണ്ടെത്തുന്നത്, കമ്പനിക്ക് നൽകിയിരിക്കുന്ന 351 ഏക്കർ ഭൂമിയുടെ ഈടിന്മേൽ എസ്.ബി.ടി ബാങ്ക് നൽകുന്ന 3000 കോടി രൂപയുടെ ബാങ്ക് വായ്പയിലാണ്. ചുരുക്കി പറഞ്ഞാൽ അദാനി ഗ്രൂപ്പ് പദ്ധതിക്കായി ഒട്ടും തന്നെ മുതൽ മുടക്കുന്നില്ല. സംസ്ഥാന താൽപര്യങ്ങളും പൊതുപണവും അവർക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ. 500 ഏക്കർ ഭൂമിയാണ് സർക്കാർ അദാനി ഗ്രൂപ്പിനു നൽകുക. ഇതിൽ പദ്ധതിക്ക് ആവശ്യം 300 ഏക്കർ മാത്രമാണ്. ബാക്കി ഭൂമി അദാനിക്ക് ഇഷ്ടമുള്ള വ്യവസായത്തിന് ഉപയോഗിക്കാവുന്നതാണ്. പദ്ധതിക്കായി ഏകദേശം 6000 കോടി രൂപയുടെ ഭൂമിയും പശ്ചാത്തല സൗകര്യങ്ങളും സർക്കാർ അദാനി ഗ്രൂപ്പിനായി ചെയ്തു കൊടുക്കും. ഇത്തരത്തിലായിരുന്നു പദ്ധതി ഡിസൈൻ ചെയ്തത്.
വിഴിഞ്ഞം പോർട്ട് പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നൽകുന്നത് 2011 ലാണ്. തുടർന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന് നിഷ്‌കർഷിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോർട്ടിനു വേണ്ടി രണ്ടു തവണ സമർപ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങൾ നിർമിക്കാൻ പാടില്ലാത്തതാണ്. വലിയ രീതിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാർബർ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ ജീവിതോപാധിയായി ഉപയോഗിക്കുന്നുണ്ട്. പുതിയ പോർട്ട് വരികയാണെങ്കിൽ മത്സ്യത്തൊഴിലാളികളെ ബാധിക്കും. ജനസാന്ദ്രത കൂടിയ പ്രദേശമാണ് വിഴിഞ്ഞം. ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം തുടക്കത്തിൽ അനുമതി നിഷേധിച്ചത്. വിഴിഞ്ഞം പോർട്ട് അദാനിക്ക് നൽകിയിരിക്കുന്നത് 40 വർഷത്തേക്കാണ്. ഇത് 60 വർഷത്തേക്ക് നീട്ടുകയും ആകാം.
രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യ കമ്പനികളുമായുള്ള കരാർ 30 വർഷത്തേക്കാണ്. സംസ്ഥാന സർക്കാരിന് വിഴിഞ്ഞം പദ്ധതിയിൽ പ്രതിവർഷം ലഭിക്കാൻ പോകുന്ന ലാഭം 20 വർഷങ്ങൾക്ക് ശേഷം 1 % ആണ്. അതുവരെ ലാഭം കമ്പനിക്കാണ്. നിയമപരമായി പടിഞ്ഞാറൻ തീരത്ത് വിനോദ സഞ്ചാര മേഖലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മേഖലയിൽ യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം സ്റ്റേ ചെയ്തിരുന്നു. അന്ന് സർക്കാർ ഹരിത ട്രിബ്യൂണലിൽ കൊടുത്ത ഉറപ്പ് ഈ പദ്ധതിയുമായി ഇനി മുന്നോട്ടു പോവില്ല എന്നായിരുന്നു. എന്നാൽ അതെല്ലാം ലംഘിച്ചാണ് പിന്നീട് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയത്.
1970 ൽ വിഴിഞ്ഞത്താരംഭിച്ച ഇപ്പോഴത്തെ ഫിഷിങ് ഹാർബർ പ്രവർത്തനം തുടങ്ങിയ ശേഷം വലിയതുറ, ബീമാപള്ളി, പൂന്തുറ കടപ്പുറങ്ങൾ 300 മീറ്റർ കടലെടുത്തതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഫിഷിങ് ഹാർബറിനായി പുലിമുട്ട് നിർമിച്ചതാണ് ഇതിന് കാരണം. 1000 ത്തിൽ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. അഞ്ചിലധികം മത്സ്യത്തൊഴിലാളി കോളനികൾ ആണ് ഇതുമൂലം രൂപം കൊണ്ടത്. ശംഖുംമുഖം ബീച്ചിന്റെ പകുതിയോളം കടൽ കൊണ്ടുപോയതിനും ഇതു കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കിലോമീറ്ററുകളോളം നീളത്തിൽ ഉണ്ടാക്കുന്ന കടൽ ഭിത്തി അനേകം മൽസ്യ തൊഴിലാളി ഗ്രാമങ്ങളെയായിരിക്കും ബാധിക്കുക. പദ്ധതിക്കായി 4 കിലോമീറ്റർ കടൽ നികത്തുമ്പോൾ 8 മുതൽ 16 കിലോമീറ്റർ വരെ വടക്കു ഭാഗത്തെ കടൽ തീരം ഇല്ലാതാകുമെന്നും വിദഗ്ധർ പറയുന്നു. അത് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നിർമാണ പ്രവർത്തനം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും കടലാക്രമണം രൂക്ഷമാകാൻ അതു കാരണമായെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 2019 ജൂൺ മാസത്തിൽ തുറന്നു സമ്മതിക്കുകയുണ്ടായി. പോർട്ടിനു വേണ്ടി നിർമിച്ചുകൊണ്ടിരിക്കുന്ന കടൽ ഭിത്തി 2 കിലോമീറ്റർ നീളം എത്താറായപ്പോഴേക്കും തീരം മുഴുവൻ ദുരന്തങ്ങളാണ്.
2019 ജൂലൈയിൽ അതിശക്തമായ മഴ പെയ്യാതിരുന്നിട്ടും വലിയതുറയിൽ കടൽ കയറി 65 കുടുംബങ്ങളിലായി 282 പേരാണ് വലിയതുറ സ്‌കൂളിലെ ക്യാമ്പിൽ എത്തിയത്. മുൻവർഷങ്ങളിൽ ഇത്ര രൂക്ഷമായ രീതിയിൽ കടൽ കയറിയിരുന്നില്ല.
നാല് കിലോമീറ്റർ വരുന്ന കടൽ ഭിത്തി നിർമിക്കാൻ 7 ലക്ഷം ടൺ പാറ കടലിൽ നിക്ഷേപിക്കേണ്ടി വരും. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തം എത്ര മാത്രം ഭീകരമായിരിക്കുമെന്നു വരുംനാളുകളിൽ അറിയാം.
4 കിലോമീറ്ററോളം നീളത്തിൽ 66 ഹെക്ടർ കടൽ നികത്തി ഉണ്ടാക്കുന്ന ബ്രേക്ക് വാൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങൾ ഗുരുതരമായിരിക്കും. 70 ലക്ഷം ടൺ പാറയാണ് കടലിന്റെ സ്വാഭാവിക തീരത്തു നിക്ഷേപിക്കുന്നത്. ഇതുണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്താണെന്നു ഇപ്പോഴും പൂർണമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഒപ്പം ഇത്രയധികം പാറയെടുക്കുന്ന പശ്ചിമഘട്ടത്തിലെ അവസ്ഥയും ഗുരുതരമായിരിക്കും.
വളരെ സാവധാനം നടക്കാൻ പോകുന്ന പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നില്ല. ഇതിനൊക്കെ ശേഷം പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ ആകെ 2650 പേർക്കാണ് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കാൻ പോകുന്നത് എന്നതാണ് സർക്കാരിന്റെ കണക്ക്. മറുവശത്ത് 18,929 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക എന്നാണ് സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നത്. ഇടതുപക്ഷ സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്തും സി.പി.ഐയും പദ്ധതി നടത്തുന്നതിനോട് വിയോജിപ്പുള്ളവരാണ്.
സി.പി.എമ്മും ആദ്യ ഘട്ടത്തിൽ പദ്ധതിക്കെതിരെ രംഗത്തു വന്നു. അദാനിക്കു നൽകുന്ന സൗജന്യങ്ങളെയായിരുന്നു അവർ പ്രധാനമായും ആക്രമിച്ചത്. എന്നാൽ ഇടതുപക്ഷ സർക്കാർ വന്നതിനു ശേഷം 2016 ജൂൺ 9 നു പിണറായി വിജയനും അദാനിയുമായി ചർച്ച നടത്തി ധാരണയിലെത്തിയത് യു.ഡി. എഫ് സർക്കാരുമായി അദാനി സംഘം ഉണ്ടാക്കിയ കരാർ പ്രകാരം തന്നെ പദ്ധതി മുന്നോട്ട് പോകും എന്നാണ്.
കരാറിലെ പല വ്യവസ്ഥകളും അംഗീകരിക്കുന്നില്ല എന്നും എന്നാൽ ഇനിയത് റദ്ദാക്കി പുതിയ ടെൻഡർ സാധ്യമല്ലെന്നും കരാറുമായി ബന്ധപ്പെട്ട് മുൻ സർക്കാർ നടത്തിയ അഴിമതികൾ അന്വേഷിക്കുമെന്നുമായിരുന്നു സർക്കാർ നിലപാട്. അതിനായി 2017 മേയിൽ രൂപീകരിച്ച ജുഡീഷ്യൽ കമ്മീഷൻ കാര്യമായ അന്വേഷണമൊന്നും നടത്തുന്നില്ല എന്നതു വേറെ കാര്യം. അതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ ഈ എതിർപ്പിൽ വലിയ കാര്യമുണ്ടെന്നു വിശ്വസിക്കാനാവില്ല.