Sorry, you need to enable JavaScript to visit this website.

കൃഷിയിടങ്ങളിൽ  കണ്ണീര് പടരുന്നു

കോവിഡ് കാല പ്രതിസന്ധികളിലും പിടിച്ചു നിൽക്കുന്ന ഉൽപാദന മേഖലകളിൽ ഒന്നാണ് കാർഷിക രംഗം. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനമായ ഭക്ഷണത്തിന്റെ സ്വയംപര്യാപ്തയിൽ കർഷകരുടെ പങ്ക് സുപ്രധാനമാണ്. മഹാമാരികളുടെ കാലത്ത് ഉൽപാദനം കുറയുകയും അന്യദേശങ്ങളിൽ നിന്നുള്ള ഭക്ഷ്യപദാർഥങ്ങൾ ലഭ്യമാകുന്നതിൽ തടസ്സം നേരിടുകയും ചെയ്യുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിയെ ഒരളവു വരെ പിടിച്ചു നിർത്തുന്നത് പ്രാദേശികമായ കാർഷിക ഉൽപാദനത്തിന്റെ വർധനയാണ്.


മലബാറിന്റെ കാർഷിക മേഖലയിൽ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത് കർഷകന്റെ കണ്ണീരാണ്. മണ്ണിൽ വിയർപ്പൊഴുക്കുന്നവർ കഷ്ടപ്പാടിന്റെയും ചൂഷണത്തിന്റെയും കഥകൾ മാത്രം പറയുന്നു. സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാകേണ്ട കാർഷിക മേഖലയിൽ നിന്ന് നിരാശയുടെ ശബ്ദങ്ങൾ ഉയരുന്നതിന് പ്രധാന കാരണം ഈ മേഖലയിൽ നടപ്പാക്കുന്ന നയങ്ങളുടെ വൈകല്യമാണ്. സർക്കാർ രേഖകളിൽ പദ്ധതികൾ ഏറെയുണ്ട്. എന്നാൽ അതിലേറെയും കർഷകരിലേക്ക് എത്തുന്നില്ലെന്ന് മാത്രം.
മലബാറിന്റെ വിവിധ മേഖലകളിൽ നെൽപാടങ്ങൾ സജീവമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. മഴക്കു മുമ്പെ വിതച്ച വിത്തുകൾ വിളഞ്ഞ് കൊയ്ത്തിന് പാകമായി നിൽക്കുന്നു. അടുത്ത വിളവിന് ഞാറു പാകി നടീൽ തുടങ്ങാൻ കാത്തു നിൽക്കുന്ന കർഷകർ വേറെയും. ഇത്തവണ കനത്ത മഴയും പ്രളയവുമുണ്ടാകുമെന്ന് പേടിച്ച് കൃഷിയിൽ നിന്ന് മാറി നിന്നവരുമുണ്ട്. എല്ലാവർക്കും പറയാനുള്ളത് ഇല്ലായ്മയുടെ കഥകൾ മാത്രമാണ്.


കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധിയാണ് കർഷകരെ ഏറെ വലക്കുന്നത്. നെൽകൃഷിയിൽ ഒരു പതിറ്റാണ്ടായി ബംഗാളികളാണ് പ്രധാന തൊഴിലാളികൾ. ഇവർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതിനാൽ കർഷകർക്ക് സമയത്തിന്റെയും പണത്തിന്റെയും ലാഭമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഈ തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങിയതിനാൽ കടുത്ത തൊഴിലാളി ക്ഷാമമാണ് നേരിടുന്നത്. മലയാളികളായ കാർഷിക തൊഴിലാളികളെ പല പ്രദേശത്തും ലഭിക്കുന്നില്ല. അവരെല്ലാം തൊഴിലുറപ്പു ജോലികളിലേക്ക് നീങ്ങിയതോടെ പാടിത്തിറങ്ങാതായി. തദ്ദേശീയരായ തൊഴിലാളികൾക്ക് കൂലി കൂടുതലായതിനാൽ കൃഷി ചെലവേറിയതായി മാറുകയും ചെയ്യും. ആസൂത്രികമായ തൊഴിൽ ബാങ്ക് എന്ന ആശയം ഇനിയും സർക്കാരിന്റെ മുൻഗണനയിൽ വന്നിട്ടുമില്ല.


നെൽകൃഷിയിലെ യന്ത്രവൽക്കരണം ഏറെക്കുറെ നടക്കുന്നുണ്ടെങ്കിലും യന്ത്രങ്ങളുടെ ലഭ്യത കർഷകരെ വലക്കുന്നു. കൊയ്ത്തു യന്ത്രം കിട്ടാതെ കർഷകർ വലയുകയാണ്. തമിഴ്‌നാട്ടിൽ നിന്നാണ് മലബാർ മേഖലയിലേക്ക് യന്ത്രങ്ങൾ പ്രധാനമായും വരുന്നത്. കോവിഡ് മൂലം ഗതാഗത തടസ്സം നേരിടുന്നതും ഡ്രൈവർമാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കേരളത്തിലേക്ക് എത്താൻ കഴിയാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ വാങ്ങിയ യന്ത്രങ്ങൾ പലതും ഉപയോഗശൂന്യമായി കിടക്കുകയാണ്. നെല്ല് സമയത്ത് കൊയ്‌തെടുക്കാനായില്ലെങ്കിൽ ഉണ്ടാകുന്ന വിള നഷ്ടത്തെ കുറിച്ചുള്ള ആശങ്കയിലാണ് കർഷകർ.


അടുത്ത വിളവിന് തയാറെടുക്കുന്നവർക്ക് ഇത്തവണ വിത്തു പോലും വലിയ വില കൊടുത്താണ് വാങ്ങേണ്ടി വന്നിട്ടുള്ളത്. വിത്തിന് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സബ്‌സിഡി നിർത്തലാക്കുകയോ കുറക്കുകയോ ചെയ്തതോടെയാണ് വില വർധിച്ചത്. ശരാശരി 40 രൂപ കിലോക്ക് നൽകിയാണ് കർഷകർ വിത്തു വാങ്ങുന്നത്. ചിലയിടങ്ങളിൽ മാത്രം കർഷകർക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കുന്നുണ്ട്. വിത്ത് മുതൽ പൂട്ടുകൂലി വരെ സർക്കാർ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും യഥാസമയം കർഷകരിലേക്ക് എത്തുന്നില്ല. വിളവെടുപ്പിന് ശേഷം നെല്ല് വിൽക്കുമ്പോഴും കർഷകർ ചൂഷണം ചെയ്യപ്പെടുന്നു. സർക്കാർ തലത്തിൽ സംഭരിക്കുന്ന നെല്ലിന്റെ പണം ലഭിക്കാൻ സമയമെടുക്കുന്നു. സ്വകാര്യ കച്ചവടക്കാരാകട്ടെ, വില കുറച്ചാണ് നൽകുന്നത്. കൃഷിയിറക്കാൻ പണമില്ലാതെ വായ്പയെടുക്കുന്ന കർഷകൻ നാട്ടിലെ നിത്യകാഴ്ചയാണ്. ആ വായ്പ തിരിച്ചടയ്ക്കാനാകാതെ ജീവിതമവസാനിപ്പിക്കുന്ന കർഷകരെയും നാം കാണുന്നു.
ആനുകൂല്യങ്ങളുടെ കണക്കെടുത്താൽ കൃഷിയോളം ലാഭമുള്ള മറ്റൊരു മേഖലയില്ല. എന്നാൽ യാഥാർഥ്യം മറിച്ചാണ്. അർഹരിലേക്കെത്താതെ പോകുകയോ യഥാസമയം ലഭിക്കാതെ പോകുകയോ ചെയ്യുന്ന ആനുകൂല്യങ്ങൾ തന്നെയാണ് കൃഷിയിലെ പ്രധാന വില്ലൻ. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കർഷകരെ ആകർഷിക്കുകയും അവ യഥാസമയം നൽകാതെ അവരെ നിരാശരാക്കുകയും ചെയ്യുന്നതാണ് സർക്കാർ നിലപാട്.


കാർഷികാനുബന്ധ മേഖല വേണ്ടത്ര വികസിക്കാത്തത് കാർഷിക മേഖലയിൽ വളർച്ചയുടെ സാധ്യതകൾ ഇല്ലാതാക്കുന്നുണ്ട്. വിവിധ കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന സമാന്തര മേഖല വളർന്നു വരേണ്ടതുണ്ട്. ഇത് കർഷകർക്ക് വരുമാനം വർധിപ്പിക്കുന്നതിനും ജനങ്ങൾക്ക് വ്യത്യസ്തമായ ഉൽപന്നങ്ങൾ നാട്ടിൽ തന്നെ ലഭിക്കുന്നതിനും സഹായിക്കും.
കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് പ്രതിരോധത്തിന്റെ കോട്ടകളായി മാറേണ്ട മേഖലകളിൽ പ്രധാനമാണ് കാർഷിക രംഗം. കൃഷിയെ ഉപജീവനമാക്കിയെടുത്തവർക്ക് കൈത്താങ്ങായും നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രോൽസാഹനം നൽകിയും ഈ മേഖലയെ അതിജീവനത്തിന്റെ വേദികളാക്കി മാറ്റേണ്ടതുണ്ട്. 
നേരിട്ടുള്ള കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള സാധ്യതകൾ പുത്തൻ തലമുറയെ കൂടി ബോധ്യപ്പെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന പാടശേഖര സമിതികളെ ശക്തിപ്പെടുത്തുകയും കർഷകർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കൃഷിയിലെ സാധ്യതകളെ തല്ലിക്കെടുത്തി കർഷകന്റെ കണ്ണീർ പടരുന്ന പാടങ്ങൾ ബാക്കിയാക്കുന്നത് വരും തലമുറയോട് നാം ചെയ്യുന്ന ക്രൂരതയാകും.

Latest News