സമ്മാനത്തിനും വർത്തമാന കാലത്തിനും പ്രസന്റ് എന്നാണ് ഇംഗ്ലീഷിൽ പറയുക. ജീവിതമൊരു സമ്മാനമാണെന്ന് കരുതി സന്തോഷിക്കണമെന്നാണ് ഇതിൽ നിന്നും നാം ഗ്രഹിക്കേണ്ടത്. ഇന്നലെകളുടെ കുറ്റബോധവും നാളെയുടെ ആശങ്കകളും തളർത്താതെ ഇന്നിന്റെ പ്രസന്നതയിൽ സന്തോഷമായിരിക്കുക എന്നതിലും പുണ്യകരമായ മറ്റൊരു പ്രവൃത്തിയുമില്ല.
ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. ഇന്നലെയെന്നത് ഒരു വേസ്റ്റ് പേപ്പറാണ്. ഇന്ന് എന്നത് ന്യൂസ് പേപ്പറും നാളെ എന്നത് ക്വസ്റ്റ്യൻ പേപ്പറുമാണ്. അതിനാൽ ആലോചിച്ച്, വായിച്ച് ഉത്തരമെഴുതുക. അല്ലെങ്കിൽ ജീവിതം തന്നെ ഒരു ടിഷ്യൂ പേപ്പറാകും. അദ്ദേഹം തമാശ രൂപത്തിൽ കുട്ടികളോട് പറഞ്ഞതാണിതെങ്കിലും ഒട്ടേറെ അർഥതലങ്ങളുള്ള ഒരു വാചകമാണിത്.
ഈ നിമിഷമാണ് ജീവിതം എന്ന തിരിച്ചറിവോടെ ഇന്നിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കുന്നവരുടെ ആരോഗ്യത്തിനും മനോഭാവത്തിനുമൊപ്പം തൊഴിലിടങ്ങളിലെ ഉൽപാദന ക്ഷമതയും ഉയരുമെന്ന് പഠനം. ആ അർഥത്തിലാണ് ഇന്നിൽ ജീവിക്കൂ എന്നും ജീവിക്കൂ എന്ന ആശയം നാം വിശകലന വിധേയമാക്കുന്നത്.
കഴിഞ്ഞുപോയതിനെ കുറിച്ച് സങ്കടപ്പെടാതിരിക്കുക, വരാനിരിക്കുന്നതിനെ കുറിച്ച് ആധി പിടിക്കാതിരിക്കുക, ഈ നിമിഷത്തെ കുറിച്ച് മാത്രം ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. നമ്മുടെ ഉള്ളിലും പുറത്തും സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അത് നമ്മെ ബോധവാന്മാരാക്കും. നമ്മുടെ ചിന്തകളെ, വികാരങ്ങളെ, പ്രവൃത്തികളെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം, എങ്ങനെ അതിന്റെ പ്രയോജനം നേടാം എന്നതിനും സർവോപരി സമൂഹത്തിൽ നന്മയുടേയും സന്തോഷത്തിന്റേയും വികാരങ്ങൾ പ്രസരിപ്പിക്കാനാണ് ഇത് സാഹചര്യമൊരുക്കുക.
ഇന്നിൽ ജീവിച്ചുതുടങ്ങുമ്പോൾ നമ്മുടെ മനസ്സിന് സംഭവിക്കുന്ന മാറ്റങ്ങളെ ഒരിക്കലും വിവരിക്കാൻ കഴിയില്ല. അത് അനുഭവിച്ചു തന്നെ അറിയണം. നമ്മുടെ ശാരീരിക ആരോഗ്യവും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും, ഉത്കണ്ഠ കുറയും. മാനസികമായ ഉല്ലാസം ക്രിയാത്മകതയിലേക്ക് നയിക്കുമെന്നൊക്കെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
തൊഴിലാളികളുടെ മാനസിക സന്തോഷം വർധിപ്പിക്കണമെന്നും അതിനായി ഇന്നിന്റെ ലോകത്തേക്ക് അവരെ തിരിച്ചുകൊണ്ടുവരണമെന്നും അമേരിക്കയിലെ കേസ്‌വെസ്റ്റേൺ റിസർവ് സർവകലാശാല പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കോർപറേറ്റ് മേഖലയിൽ തൊഴിലാളികളുടെ മനസ്സിന് സന്തോഷം നൽകുന്ന പദ്ധതികൾ നടപ്പാക്കുന്നത് ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം സമ്മർദം കുറയ്ക്കാനും കൂട്ടായ പരിശ്രമത്തിനും സഹായിക്കുമെന്നും പഠനം പറയുന്നു.
ഇന്റർനെറ്റ് സെർച്ച് എൻജിൻ ഗൂഗിൾ, അമേരിക്കൻ മറൈൻ കോർപ്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ ജോലിസ്ഥലത്ത് ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏകദേശം 4000 പ്രബന്ധങ്ങൾ പരിശോധിച്ച ശേഷമാണ് കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.
ജീവിതത്തിൽ ആനന്ദത്തിന്റെ മനോഹരമായ മഴവില്ലു വിരിയുന്നത്, അനുഭൂതിയുടെ കുളിർ കാറ്റ് വീശുന്നത്, ആഹ്ളാദത്തിന്റെ പൊട്ടിച്ചിരികളും ആർപ്പുവിളികളും സമ്മാനിക്കുന്നത്. ഇളം മഞ്ഞും വെയിലും തലോടുന്നതിന്റെ സുഖമനുഭവിക്കുന്നത് തുടങ്ങി ജീവിതം സന്തോഷാതിരേകം കൊണ്ട് നിറക്കണമെങ്കിൽ ഇന്നിന്റെ സുന്ദരമായ തലത്തിൽ ആത്മാർഥമായി മുഴുകുവാൻ കഴിയണം. അപ്പോഴാണ് ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിറഞ്ഞ മനസ്സോടെ നമുക്ക് അനുഭവവേദ്യമാകുന്നത്.
നമ്മുടെ സന്തോഷം നമ്മുടെ മാത്രം ചിന്തയുടെ സൃഷ്ടിയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ ചിന്തയെ നിയന്ത്രിക്കുന്നതും അവിടെ ആശയങ്ങൾ കൊണ്ട് നിറക്കുന്നതുമനുസരിച്ചാണ് സന്തോഷം സാക്ഷാൽക്കരിക്കാനാവുക. മനസ്സിന് നാം എന്താണോ നൽകുന്നത് അത് മാത്രമേ തിരിച്ചു നൽകാനാകൂ. അതിനാൽ സന്തോഷകരമായ ചിന്തകളും ആലോചനകളും മനസ്സിനെ അനുഗ്രഹിക്കുമ്പോൾ സന്തോഷം സ്വാഭാവികമായി സംഭവിക്കും.
ജീവിതത്തിൽ നാം വരുത്തുന്ന ചില മാറ്റങ്ങളിലൂടെ എന്നെന്നും സന്തോഷമായിരിക്കാൻ കഴിയുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിന് വേണ്ടി വിദഗ്ധർ നിർദേശിക്കുന്ന ഒരു ഫോർമുലയാണ് ഡി.സി.എ ഫോർമുല.
ഡി എന്നത് ഡിലീറ്റ് അഥവാ ഒഴിവാക്കുക എന്നതിന്റെ ചുരുക്കമാണ്. ആവശ്യമില്ലാത്ത ചിന്തകളും സ്വഭാവങ്ങളും ശീലങ്ങളും ഒഴിവാക്കുകയാണ് ഇന്നിന്റെ മനോഹാരിതയിൽ സന്തോഷമായി ജീവിക്കാനുള്ള ആദ്യ പടി. അനാവശ്യമായ ബന്ധങ്ങളും സ്വഭാവങ്ങളും പലപ്പോഴും സമയം നഷ്ടപ്പെടുത്തുവാനും ജീവിതം പ്രയാസകരമാക്കുവാനുമാണ് കാരണമാകുക. അത്തരം സ്വഭാവങ്ങളും ശീലങ്ങളും എന്നെന്നേക്കുമായി ഒഴിവാക്കുന്നതിലൂടെ മനസ്സ് ശാന്തമാവുകയും ശക്തമാവുകയും ചെയ്യും. അസ്വസ്ഥതകളില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള വഴി തുറക്കുന്ന നടപടിയാണിത്.
സി എന്നത് ചേഞ്ച് അഥവാ മാറ്റുക എന്നതിനെ സൂചിപ്പിക്കുന്നു. ജീവിതത്തിൽ പുരോഗതി വേണമെങ്കിൽ മാറ്റം അനിവാര്യമാണ്. നമ്മുടെ പ്രവർത്തനങ്ങളും ശൈലികളും സ്വഭാവങ്ങളും ആവശ്യമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ സന്തോഷം സാധ്യമാകുന്നു. മാനസിക നിലയും ചിന്താഗതിയും ക്രിയാത്മകമായി മാറ്റുന്നതിലൂടെ വിജയ പാതയിലെ മുന്നേറ്റം അനായാസമാകും. ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് ജീവിതത്തിന് അർഥതലങ്ങൾ നൽകും.
എ എന്നത് ആഡ് അല്ലെങ്കിൽ ആൾട്ടർ എന്നതിനെ സൂചിപ്പിക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് ജീവിതത്തിൽ ആവശ്യമുള്ളതെങ്കിൽ അത് കൂട്ടിച്ചേർക്കുക. ഇനി എന്തെങ്കിലും വിഷയങ്ങളിൽ പരിവർത്തനമോ മോഡിഫിക്കേഷനോ ആണ് വേണ്ടതെങ്കിൽ അത് ചെയ്യുക.
ഈ മൂന്ന് കാര്യങ്ങൾ പരിശീലിക്കുവാൻ തയാറായാൽ മിക്ക കേസുകളിലും വമ്പിച്ച മാറ്റമുണ്ടാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
സ്വന്തം ആഗ്രഹത്തിനനുസരിച്ച്, സന്തോഷത്തിന് അനുസരിച്ച്, സ്വയം പരിഗണിച്ച് ജീവിക്കുകയെന്നത് ഏറെ പ്രധാനമാണ്. നാം പൂർണ സന്തോഷവാന്മാരാണെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനാവുകയുള്ളൂ. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയും അവക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ സന്തോഷം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാകും.
ജീവിതത്തിലെ ഇല്ലായ്മകളെ കുറിച്ച് വേവലാതിപ്പെടാതെ, അനുഭവിച്ചാസ്വദിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ തിരിച്ചറിയുക. അപ്പോൾ പരിഭവങ്ങൾക്ക് പകരം മനസ്സിൽ കൃതജ്ഞത നിറയുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും. മാത്രമല്ല, ഇത് നൽകുന്ന പോസിറ്റീവ് എനർജി ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും.
നല്ല കാര്യങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക, അപരാധം ചെയ്തവരോട് ക്ഷമിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യുക, നിരുപാധിക സ്നേഹത്തോടെ സഹജീവികളോടും പ്രകൃതിയോടും സഹവസിക്കുക, ഗുണകാംക്ഷയോടെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തി മുന്നോട്ടു പോവുക എന്നിവയാണ് ഇന്നിന്റെ സൗരഭ്യം നിലനിർത്തുവാൻ അത്യാവശ്യമായിട്ടുള്ളത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
നല്ലത് ചിന്തിക്കുക, നല്ലത് പറയുക, മറ്റുള്ളവർക്ക് നന്മ മാത്രം ചെയ്യുക. എങ്കിൽ ഇതൊക്കെ തന്നെയാണ് ജീവിതം തിരിച്ചു തരികയെന്നറിയുക. സന്തോഷവാന്മാരായിരിക്കാൻ ഇതിനുമപ്പുറം നമുക്ക് എന്ത് വേണം?