Sorry, you need to enable JavaScript to visit this website.

‍സൗദി റോയല്‍ കമ്മീഷന്‍ യാമ്പു മാള്‍ പദ്ധതി ലുലു ഗ്രൂപ്പിന്; 30 കോടി റിയാല്‍ മുതല്‍മുടക്കും

ജിദ്ദ- സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു.  യാമ്പു  സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ വിജയിയായതിനെ തുടർന്നാണ് പദ്ധതി ലുലു വിന് ലഭിച്ചത്.

 യാമ്പു റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ അദ് നാൻ ബിൻ ആയേഷ്  അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ കരാർ ഒപ്പു വെച്ചു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ്.  യാമ്പു റോയൽ കമ്മീഷൻ ജനറൽ മാനേജർ എഞ്ചിനിയർ സെയ് ദൻ യൂസഫ്, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു,

 യാമ്പുവിൻ്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിംഗ് സമുച്ചയം ഉയരുക.  300 മില്യൺ സൗദി റിയാലാണ്  (600 കോടി രൂപ) പദ്ധതിക്കായി ലുലു ഗ്രൂപ്പ് യാമ്പുവിൽ നിക്ഷേപിക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ എം.എം.സി. യുടെ  സാന്നിധ്യം  യാമ്പു  മാളിൻ്റെ സവിശേഷതയാണ്.

റീട്ടെയിൽ രംഗത്തെ പ്രമുഖരും  ദീർഘകാലത്തെ അനുഭവസ്ഥരുമായ   ലുലു ഗ്രൂപ്പുമായി യാമ്പു മാൾ പദ്ധതിക്കുവേണ്ടി  കൈക്കോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് യാമ്പു റോയൽ കമീഷൻ സി.ഇ.ഒ. എഞ്ചിനിയർ അദ് നാൻ ബിൻ ആയേഷ്  അൽ വാനി പറഞ്ഞു. യാമ്പുവിലെയും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് നവീന അനുഭവമായിരിക്കും പദ്ധതി പൂർത്തിയാകുന്നതോടെ ലഭ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.

യാമ്പു ഷോപ്പിംഗ് മാൾ പദ്ധതിക്കായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമെണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.  ഇതിനായി ലുലുവിന് അവസരം നൽകിയതിൽ സൗദി ഭരണാധികാരികൾക്കും   യാമ്പു റോയൽ കമ്മിഷനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.   റോയൽ കമ്മീഷനുമായി  സഹകരിച്ചുള്ള  പദ്ധതി യാമ്പുവിലെ സ്വദേശികൾക്കും വിദേശികൾക്കും ഏറ്റവും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും നൽകുക. പദ്ധതി പൂർത്തിയാകുന്നതോട് കൂടി  അഞ്ഞൂറിൽപ്പരം മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു.

സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലെ പ്രധാന വ്യാവസായിക നഗരമാണ്  യാമ്പു. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും അനുബന്ധ വ്യവസായങ്ങളും ധാരാളമായി പ്രവർത്തിക്കുന്ന ചെങ്കടൽ തീരമായ  യാമ്പു രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ നഗരവുമാണ്.


സൗദി അറേബ്യയിലുള്ള 17 ഹൈപ്പർമാർക്കറ്റുകൾ  ഉൾപ്പെടെ 191 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിലായുള്ളത്. ഹൈപ്പർമാർക്കറ്റുകൾ കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസ്സറികളും, സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിൻ്റെ 8 മിനി മാർക്കറ്റുകളുടെ നടത്തിപ്പ് ചുമതലയും ലുലുവിനാണ്.

Latest News