ദമാം- പുതിയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമായി ഇന്ത്യൻ സംസ്‌കാരത്തിനും ഭാഷക്കും പ്രോത്സാഹനം നൽകാനെന്ന പേരിൽ സംഘ്പരിവാർ അജണ്ടകളെ വിദ്യാഭ്യാസ രംഗത്ത് കടത്തി കൂട്ടാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ഗൗരവപൂർവം പ്രതിരോധിക്കണമെന്ന് ഇന്റഗ്രെറ്റഡ് എജ്യൂക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ ആവശ്യപ്പെട്ടു. തനിമ സാംസ്‌കാരിക വേദി ഈസ്‌റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച വെബിനാറിൽ ദേശീയ വിദ്യാഭ്യാസ നയം; ഉള്ളടക്കം, അജണ്ടകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാമൂഹ്യ ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ഘടകം ജാതി വ്യവസ്ഥയാണ്. പിന്നോക്ക ജാതി, സമുദായങ്ങളുടെ വിദ്യാഭ്യാസാവകാശത്തെ സംരക്ഷിക്കുന്ന സംവരണത്തെ കുറിച്ച പ്രത്യേക പരാമർശം രേഖയിലില്ല. ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിച്ചിട്ടുള്ള സംവരണം ഉറപ്പുവരുത്താനുള്ള ജാഗ്രത പൊതു സമൂഹം സ്വീകരിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാണിജ്യ വൽക്കരണം ഇല്ലാതാക്കാനുള്ള ശ്രമം നടത്തും എന്ന പോളിസി പരാമർശം ശ്രദ്ധേയമാണ്. എന്നാൽ ഇത്തരം നടപടികൾ മിക്കപ്പോഴും ലാഭേച്ഛയില്ലാതെ നടത്തുന്ന സ്ഥാപനങ്ങളെകൂടി ദോഷകരമായി ബാധിക്കുകയാണ് പതിവ്. അത്തരം സാധ്യതകൾ ഇല്ലാതിരിക്കാൻ വേണ്ട ശ്രദ്ധ ന്യൂനപക്ഷങ്ങൾ പുലർത്തണം.
ബ്രിട്ടീഷ് ഇന്ത്യക്ക് മുമ്പുണ്ടായിരുന്ന ഇന്ത്യൻ ചരിത്രത്തെയും സാമ്പത്തിക സാംസ്‌കാരിക പാരമ്പര്യത്തെയും തമസ്‌കരിച്ചത് പോലെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ മുന്നേറ്റങ്ങളെ പരാമർശിക്കാതെ പുരാതന ഇന്ത്യയെ കുറിച്ച് മാത്രം പറയുന്ന പുതിയ പോളിസി ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. നിർദേശിച്ചിരിക്കുന്ന ത്രിഭാഷാ പദ്ധതിയിൽ ഒരു വിദേശ ഭാഷമാത്രമാണ് പഠിക്കാനാകുക. അത് സ്വാഭാവികമായും ഇംഗ്ലീഷിലേക്ക് ചുരുങ്ങുകയും അറബി ഉൾപ്പടെയുള്ള വിദേശഭാഷാ പഠനം സാധ്യമാകാതെ വരികയും ചെയ്യും. അതോടൊപ്പം സംസ്‌കൃതം അക്കാദമിക തൊഴിൽ മേഖലയായി വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ നയരേഖയിൽ കാണാമെന്നും ആദ്ദേഹം പറഞ്ഞു.
വൈവിധ്യ പൂർണമായ വിഷയങ്ങൾ ഉൾപ്പെടുന്ന പാഠ്യ പദ്ധതിയിൽ വിവിധ വിഷയങ്ങളുടെ സങ്കലനം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിനായി നിർദേശിക്കപ്പെട്ടിട്ടുള്ള പുതിയ സംവിധാനം അധികാര കേന്ദ്രീകരണത്തിലേക്കും, ജനാധിപത്യ വിരുദ്ധതയിലേക്കും നീങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമാണ്. ന്യൂനപക്ഷ ദുർബല വിഭാഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, മാനേജ്‌മെന്റുകൾ തുടങ്ങിയവർ ഇതിനകം പ്രകടിപ്പിച്ച ആശങ്കകൾ കണക്കിലെടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗുണനിലവാരം ഉയർത്തുന്നതിനും വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അക്കാദമിക സ്വയം ഭരണം നടപ്പിലാക്കുന്നതിനുമുള്ള നിർദേശങ്ങൾ സ്ഥാപനങ്ങൾക്ക് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ മുൻ പ്രൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിച്ചു. തനിമ പ്രൊവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് കെ.എം. ബഷീർ സമാപന പ്രഭാഷണം നിർവഹിച്ചു. അയ്മൻ സഈദ് ഖിറാഅത്തും അൻവർ ശാഫി നന്ദിയും പറഞ്ഞു.