റിയാദ്- കോവിഡ് കാലത്ത് ദുരിതമനുഭവിച്ച പ്രവാസികൾക്ക് ആശ്വാസം പകരാൻ കഠിനധ്വാനം ചെയ്ത സന്നദ്ധ പ്രവർത്തകരെ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി ആദരിച്ചു. നൂറ്റി അൻപതോളം പ്രവർത്തകരാണ് മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴിൽ 'കരുതലായി ഞങ്ങളുണ്ട്' എന്ന പേരിൽ നടത്തിയ കോവിഡ്കാല കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സല്യൂട്ട് 2020 എന്ന പേരിൽ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹമീദ് ക്ലാരി അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി ദേശീയ സമിതി അംഗം എസ്.വി. അർഷുൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് റിയാദിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റിയാണ്. എല്ലാവർക്കും മാതൃകയാവുന്ന രീതിയിലാണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തിയത്. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത് ഇന്ത്യൻ എംബസി നൽകിയ അനുമതി പത്രവുമായി കർമ്മനിരതരായ സന്നദ്ധ പ്രവർത്തകരുടെ സേവനം റിയാദിലെ പ്രവാസി സമൂഹം എല്ലാ കാലത്തും ഓർമ്മിക്കുമെന്നും അർഷുൽ അഹമ്മദ് പറഞ്ഞു.
കമ്മിറ്റിക്ക് കീഴിലുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്ന് പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികൾ വഴി വന്ന ചികിത്സാ ധനസഹായ അപേക്ഷകൾ പരിഗണിച്ച് മൂന്ന് ലക്ഷം രൂപ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്ക് പരിപാടിയിൽ വിതരണം ചെയ്തു. ഭക്ഷണക്കിറ്റ് വിതരണം, കോവിഡ് ഹെൽപ് ഡസ്‌ക്, മെഡിചെയിൻ, പെരുന്നാൾ റിലീഫ്, നോർക്ക ഹെൽപ് ഡസ്‌ക്, നാട്ടിലേക്കുള്ള യാത്രക്കാരുടെ മുൻഗണന പട്ടിക തയ്യാറാക്കൽ, വഴികാട്ടിയവർക്ക് സ്‌നേഹാദരം, നാട്ടിലുള്ള പ്രവാസികൾക് സഹായം, ചർട്ടേർഡ് ഫ്‌ളൈറ്റ് മിഷൻ തുടങ്ങി വിവിധ ഘടകങ്ങളിലായി പ്രവർത്തിച്ചവരാണ് ആദരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ജൂണിൽ മലപ്പുറം ജില്ല കെ.എം.സി.സി അന്തർദേശീയ തലത്തിൽ 'തഹ്‌സീൻ ഖുർആൻ' എന്ന പേരിൽ നടത്തിയ ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ സംഘാടക സമിതി ചെയർമാൻ സൈതലവി ഫൈസി പ്രഖ്യാപിച്ചു. സൗദി ദേശീയ സമിതി അംഗങ്ങളായ കെ. കോയാമുഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മൊയ്തീൻ കുട്ടി തെന്നല, സത്താർ താമരത്ത്, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് മഞ്ചേരി, അഷ്‌റഫ് മോയൻ എന്നിവരും വിവിധ സമിതി അംഗങ്ങളും പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായ മുനീർ വാഴക്കാട്, യൂനുസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപ്പാറ, യൂനസ് താഴേക്കോട്, സിദ്ദീക്ക് കോനാരി നേതൃത്വം നൽകി. ശരീഫ് അരീക്കോട് സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു.