പാലക്കാട് - യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരായി ഉയർന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു.
തനിക്കെതിരേ അപകീർത്തികരമായ വാർത്ത നൽകിയതിന് ദേശാഭിമാനി ദിനപ്പത്രത്തിന് രമ്യ ഹരിദാസ് എം.പി വക്കീൽ നോട്ടീസ് അയച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശിവരാജന് എതിരേ കൊല്ലങ്കോട് പോലീസ് എടുത്ത കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എം.പി പ്രതിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി സമ്മർദം ചെലുത്തി എന്ന വാർത്തക്കെതിരേയാണ് രമ്യ ഹരിദാസ് അഡ്വ. വി. രവികുമാർ മുഖേന സി.പി.എം മുഖപത്രത്തിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അതിന് തയാറായില്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നൽകണം എന്നുമാണ് എം.പിയുടെ ആവശ്യം.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുതലമട അംബേദ്കർ കോളനിയിലെ ശിവരാജനെതിരേ കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് വിവാദത്തിന്റെ കേന്ദ്രം. കോളനിയിലെ ഒരു വീട്ടമ്മ തന്നെയാണ് പരാതിക്കാരി. വീട്ടിലേക്ക് വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് ശരീരത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും അതു വെച്ച് ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ചെയ്തു എന്നുമായിരുന്നു പരാതിയിലെ ആരോപണം. സംഭവം പുറത്തു പറഞ്ഞാൽ ഭർത്താവിനേയും മക്കളേയും കൊല്ലുമെന്നായിരുന്നു ഭീഷണി എന്നും ചൂഷണം സഹിക്കാനാവാതെയായപ്പോഴാണ് പോലീസിനെ സമീപിക്കാൻ നിർബന്ധിതയായത് എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യംമൂലം തനിക്കെതിരേ കെട്ടിച്ചമച്ചതാണ് പരാതി എന്നാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വാദം. സി.പി.എമ്മിന്റെ സൈബർ വിഭാഗം വിഷയം ഏറ്റെടുത്ത് ശക്തമായ പ്രചരണമാണ് അഴിച്ചു വിട്ടിരിക്കുന്നത്.
ആലത്തൂർ എം.പിക്ക് പുറമേ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരേയും പ്രശ്‌നവുമായി ബന്ധപ്പെട്ട് സി.പി.എം ശക്തമായി ആക്രമിക്കുന്നുണ്ട്. പരാതിയിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.