തിരുവനന്തപുരം- യു.എ.ഇ കോൺസുലേറ്റിലേക്ക് 2018 മുതൽ നയതന്ത്ര ചാനലിലൂടെ ബാഗേജുകൾ വന്നിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ റിപ്പോർട്ട്.
നയതന്ത്ര ബാഗേജ് വഴി വന്ന പാക്കേജുകളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഇന്നലെയാണ് റിപ്പോർട്ട് കൈമാറിയത്. നയതന്ത്ര ബാഗേജുകളിലൂടെ മതഗ്രന്ഥങ്ങൾക്ക് ടാക്‌സ് ഇളവ് നൽകാനോ മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ പാടില്ലെന്നും റിപ്പോർട്ട് നൽകി. 2018 മുതലുള്ള റിപ്പോർട്ടുകൾ എൻ.ഐ.എയ്ക്കും കസ്റ്റംസിനും നേരത്തെ കൈമാറിയിരുന്നു. 2020 മാർച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങൾക്ക് ടാക്‌സ് ഇളവ് നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് ബിൽ പുറത്തുവന്നതിന് പിന്നാലെയാണ് പ്രോട്ടോകോൾ ഓഫീസറുടെ റിപ്പോർട്ട്.
യു.എ.ഇ കോൺസുലേറ്റ് വഴി നടന്നിട്ടുള്ള മുഴുവൻ ഇടപാടുകളുമാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. 2016 ലാണ് തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് സ്ഥാപിതമാകുന്നത്. അന്നുമുതൽ 2018 വരെ 11 തവണ നയതന്ത്ര ബാഗേജുകളുടെ നികുതി ഇളവിനുള്ള സർട്ടിഫിക്കറ്റ് യു.എ.ഇ കോൺസുലേറ്റിന് നൽകിയിരുന്നു. ഇതിനായി യു.എ.ഇ കോൺസുലേറ്റ് ജനറൽ സമർപ്പിച്ച ഫോം 7, 8 എന്നിവ ഉൾപ്പെടെയാണ് ഇ.ഡിക്ക് കൈമാറിയത്. ഇതിനായി ബാഗേജിലുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് പ്രോട്ടോകോൾ ഓഫീസർക്ക് യു.എ.ഇ കോൺസുലേറ്റ് ജനറൽ മൊഴിനൽകണം. ഇതിന്റെ പകർപ്പും നൽകിയിട്ടുണ്ട്. എന്നാൽ 2018 ന് ശേഷം ബാഗേജുകൾ വന്നതിനും നികുതി ഇളവ് നൽകിയതിനും സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽ രേഖകൾ ഇല്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എൻ.ഐ.എയ്ക്കും കസ്റ്റംസിനും സമാന റിപ്പോർട്ട് നൽകിയിരുന്നു.
മതഗ്രന്ഥങ്ങൾ വന്നത് സംബന്ധിച്ചുള്ള വിവരങ്ങളും എൻഫോഴ്‌സ്‌മെന്റ് ചോദിച്ചിരുന്നു. മതഗ്രന്ഥങ്ങൾ കൊണ്ടുവരുന്നതിന് നികുതി ഇളവ് നൽകാൻ പാടില്ല. മാത്രമല്ല നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങൾ കൊണ്ടുവരാനോ അത് വിതരണം ചെയ്യാനോ പാടില്ലെന്നും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരായ നിയമ ലംഘനത്തിന്റെ കുരുക്ക് മുറുകി. മാത്രമല്ല 2020 മാർച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങൾക്ക് ടാക്‌സ് ഇളവ് നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് ബിൽ സൂചിപ്പിക്കുന്നു. 250 പാക്കറ്റുകൾ വന്നതിന് 8,95,806 രൂപയുടെ വിലയുണ്ട്. ഇതിന് 4479 കിലോഗ്രാം ഭാരവും ഉണ്ടെന്ന് ബില്ലിലുണ്ട്. ഇതിനുള്ള എല്ലാ വിധ നികുതികളും ഒഴിവാക്കി നൽകിയെന്നാണ് ബില്ലിലുള്ളത്.
പ്രോട്ടോകോൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ നയതന്ത്ര ബാഗേജുകൾക്ക് ഇത്തരത്തിൽ ടാക്‌സ് ഇളവ് നൽകാനാകില്ല. 'ഹോളി ഖുറാൻ' എന്ന് രേഖപ്പെടുത്തിയ ബില്ലിന് ടാക്‌സ് ഇളവ് നൽകാൻ പ്രോട്ടകോൾ ഓഫീസർക്ക് കത്തും നൽകാനാകില്ല. ഇതോടെ ഈ പാക്കേജുകൾ പുറത്ത് വന്നതിലും വിതരണം ചെയ്തതിലും ദുരൂഹത ഉയരുകയാണ്.
മന്ത്രി ജലീൽ യു.എ.ഇ കോൺസുലേറ്റിൽനിന്നും പണം വാങ്ങി റമദാൻ കിറ്റ് വിതരണം ചെയ്തതിലും ഖുർആനുകൾ വിതരണം ചെയ്തതിലും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണത്തിന് ഒരുങ്ങുകയാണ്. കോൺസുലേറ്റിൽ വന്ന പാക്കേജുകൾ സിആപ്ടിന്റെ വാഹനത്തിൽ കടത്തിയ സംഭവം എൻ.ഐ.എയും കസ്റ്റംസും അന്വേഷിക്കുന്നുണ്ട്.