റിയാദ് - എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ 20 ശതമാനം സൗദിവൽക്കരണം നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഉത്തരവിട്ടു.
വിവിധ പ്രവർത്തന മേഖലകൾക്ക് മേൽനോട്ടം വഹിക്കുന്ന ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക തൊഴിൽ മേഖലകൾ സൗദിവൽക്കരിക്കാൻ നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കൈക്കൊണ്ട തീരുമാനങ്ങളുടെ തുടർച്ചയായാണ് സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ 20 ശതമാനം സൗദിവൽക്കരണം ബാധകമാക്കാനുള്ള പുതിയ തീരുമാനം. യോഗ്യരായ സ്വദേശി യുവതീയുവാക്കൾക്ക് അനുയോജ്യവും ആകർഷകവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉറപ്പു വരുത്താനും തന്ത്രപ്രധാന തൊഴിൽ മേഖലകളിൽ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും സാമ്പത്തിക മേഖലയിൽ സ്വദേശികളുടെ സംഭാവന വർധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.
അഞ്ചും അതിൽ കൂടുതലും എൻജിനീയർമാരെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.
സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി എൻജിനീയർമാരുടെ മിനിമം വേതനം 7000 റിയാലിൽ കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
ഏഴായിരം സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാക്കാൻ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. നിലവിൽ രാജ്യത്ത് ഉദ്യോഗാർഥികളായി കഴിയുന്ന മുഴുവൻ സ്വദേശി എൻജിനീയർമാർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഇരുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ സാധിക്കും.
നിലവിൽ 5000 ഓളം സൗദി എൻജിനീയർമാരാണ് ഉദ്യോഗാർഥികളായി കഴിയുന്നത്. സമീപ ഭാവിയിൽ എൻജിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഇരുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ സാധിക്കും.
ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന എൻജിനീയറിംഗ് ബിരുദധാരികളുടെ എണ്ണത്തിന് അനുസരിച്ച് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ സൗദിവൽക്കരണ അനുപാതം ഓരോ കൊല്ലവും ഉയർത്തുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.