Sorry, you need to enable JavaScript to visit this website.

ജ്വലിക്കുന്ന ഓർമകൾ, നയിക്കുന്ന പ്രകാശം

രാജീവ് ഗാന്ധി

(സദ്ഭാവന ദിവസിൽ ഡോ. സാം പിട്രോഡ ചെയ്ത രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണത്തെ അധികരിച്ച് ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ  മൻസൂർ പള്ളൂർ തയാറാക്കിയത്) 

 

രാജീവ് ഗാന്ധിയെന്ന വ്യക്തിപ്രഭാവത്തെ അനുസ്മരിക്കുക എന്നത്  ഒരു സവിശേഷ പ്രാധാന്യമുള്ള കാര്യമായി ഞാൻ കരുതുന്നു. 1980 ലാണ് രാജീവ് ഗാന്ധിയെ  ഞാൻ ആദ്യമായി കാണുന്നത്. മാറുന്ന ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയൊരു പങ്ക് വഹിക്കാൻ ടെലികോം രംഗത്തിനു എത്രമാത്രം സാധിക്കും എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനു വേണ്ടി  അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയപ്പോഴായിരുന്നു രാജീവ് ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ച. ഇന്ത്യയിൽ ടെലികോമിന്റെ ആരംഭനാളുകൾ  ആയിരുന്നു. അന്ന് എഴുപത് കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ ഇരുപത് ലക്ഷം  ടെലിഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ  ടെലിഫോൺ എന്ന് പറയുന്നത് വളരെ കൗതുകകരമായ ഒരു കാര്യമായിരുന്നു. എണ്ണത്തിലെന്ന പോലെ ടെലിഫോണിന്റെ   പ്രവർത്തന ക്ഷമതയുടെ കാര്യത്തിലും ഇന്ത്യ അന്ന്  വളരെ പിന്നിലായിരുന്നു. എന്നാൽ  പത്തു  വർഷങ്ങൾ കൊണ്ട്  ടെലികോം രംഗത്ത് ഇന്ത്യക്ക്  മുന്നേറ്റം നടത്താനാവും എന്ന ദൃഢനിശ്ചയവുമായിട്ടായിരുന്നു ഞാൻ അന്ന് ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്റെ ജീവിതത്തിൽ ഉണ്ടായ ഒരനുഭവം അങ്ങനെ തീരുമാനമെടുക്കാൻ  ഒരുനിമിത്തമായി എന്നു വേണമെങ്കിൽ പറയാം. ഞാൻ  ഇന്ത്യയിലായിരുന്നപ്പോൾ  ചിക്കാഗോയിൽ ഉള്ള ഭാര്യയെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോണിലൂടെ സംഭാഷണത്തിന് തടസ്സങ്ങൾ നേരിട്ടു. അടുത്ത പത്തു വർഷത്തിനുള്ളിൽ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കും എന്ന് അമേരിക്കയിൽ  ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന ഞാൻ  മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുക്കുന്നത് അങ്ങനെയാണ്. ആ തീരുമാനമാണ് ഒടുവിൽ എന്നെ ഇന്ദിരാഗാന്ധിയുടെ മുമ്പിൽ എത്തിച്ചത്.  

 

ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ അന്നത്തെ അംഗങ്ങളായിരുന്ന പ്രണബ് കുമാർ മുഖർജി, ആർ. വെങ്കിട്ടരാമൻ, അർജുൻ സിംഗ്, ഗുണ്ടുറാവു  തുടങ്ങിയ  മന്ത്രിമാരും അന്ന് ഇന്ദിരാഗാന്ധിയോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്ത്  അരുൺ നെഹ്റു, അരുൺ സിംഗ് എന്നിവരൊക്കെ അന്നവിടെ  സന്നിഹിതരായിരുന്നു.
ഒരേ പ്രായമായിരുന്നതുകൊണ്ടാകാം രാജീവ് ഗാന്ധിയുമായി വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ  അന്ന് എനിക്ക് സാധിച്ചിരുന്നു. അദ്ദേഹം ഒരു പൈലറ്റ് ആയിരുന്നതുകൊണ്ട് തന്നെ ടെക്‌നോളോജിയെക്കുറിച്ചും ഭാവിയിൽ അതുകൊണ്ടുണ്ടാകാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു .ടെക്‌നോളജിയെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ആ അറിവുകൊണ്ട് തന്നെ ടെക്‌നോളജിയുടെ വളർച്ച ആയിരിക്കും ഇന്ത്യയിൽ പുതിയ മാറ്റത്തിനുള്ള കാരണം എന്നത് അദ്ദേഹം വേഗത്തിൽ തന്നെ അംഗീകരിക്കുകയായിരുന്നു.


1985 ൽ ഇന്ദിരാഗാന്ധി മരണപ്പെട്ടതിനെ തുടർന്ന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ ഈ വിഷയത്തിൽ   അദ്ദേഹവുമായി ഒരു മണിക്കൂറോളം നീണ്ട ഒരു ചർച്ച അദ്ദേഹത്തിന്റ വീട്ടിൽ വെച്ച്   നടത്തുകയുണ്ടായി. ആ ചർച്ചക്കു ശേഷമാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള  മടങ്ങി വരവിനെക്കുറിച്ച് ഞാൻ ആലോചിച്ചത്. പ്രായം കുറഞ്ഞ ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. കാരണം അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. ആധുനികമായ പുതിയ ചിന്തകൾ ഉള്ള വളരെ ആവേശത്തോടെ ഓരോന്നിനെയും സമീപിക്കാൻ കഴിവുള്ള ഊർജസ്വലനും ചുറുചുറുക്കുമുള്ള ഒരു വ്യക്തിത്വം. അതായിരുന്നു ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. വളരെയധികം പ്രതീക്ഷയായിരുന്നു ഞങ്ങളെപ്പോലുള്ളവർക്ക് അദ്ദേഹം നൽകിയത്. 


ടെലികോം, ഐ.ടി തുടങ്ങിയ  മേഖലകളെക്കുറിച്ച്  മാത്രമായിരുന്നില്ല ടെക്‌നോളജിയെക്കുറിച്ചും ആ സമയത്ത് ചർച്ച ചെയ്യുമായിരുന്നു. ജയറാം രമേഷ് ആ സമയത്തൊക്കെ ഞങ്ങളുടെ കൂടെ ഈ ചർച്ചകളിൽ ഭാഗമാകാറുണ്ടായിരുന്നു. അന്നദ്ദേഹം വളരെ ചെറുപ്പമാണ്. ഗ്രാമീണ വികസനം, സാക്ഷരത, പ്രതിരോധ കുത്തിവെപ്പുകൾ, ക്ഷീരോൽപാദനം , ടെലികോം രംഗം, കാർഷികോൽപാദനം തുടങ്ങിയ മേഖലകളിൽ ടെക്‌നോളജിയുടെ സാധ്യത പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനായുള്ള പദ്ധതികളിൽ ജയറാം രമേഷിന്റെ പങ്കും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്. അന്ന് ഇന്ത്യയിൽ ഒരു വാക്സിൻ മരുന്ന് പോലും ഉൽപാദിപ്പിക്കപ്പെട്ടിരുന്നില്ല. ഏറ്റവും കൂടുതൽ പോളിയോ ബാധിതർ ഉണ്ടായിരുന്ന കാലഘട്ടം കൂടി ആയിരുന്നു അത്. പിന്നീട് ഇന്ത്യയിൽ വാക്സിൻ സ്വന്തമായി നിർമിച്ചു തുടങ്ങി. ഇന്നിപ്പോൾ വാക്സിനേഷൻ നിർമിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യമാണ് നമ്മുടേത്. പോളിയോ  നിർമാർജനം പൂർണമായി നടപ്പിലാക്കാൻ സാധിച്ചതും ക്ഷീരോൽപാദന രംഗത്തും ടെലികോം രംഗത്തുമുള്ള മുന്നേറ്റം സാധ്യമായതും രാജീവ് ഗാന്ധിയെന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണെന്ന് തന്നെ പറയാം.


ഡിജിറ്റൽ സാങ്കേതികത ഉൾപ്പെടെ ഇന്ന് കാണുന്ന പല  വികസന പ്രവർത്തങ്ങൾക്കും ഇന്ത്യയിൽ തുടക്കം കുറിച്ചത്  രാജീവ് ഗാന്ധിയുടെ ഭരണ കാലത്തായിരുന്നു. 
ലോക നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ ഭാഗമാകാൻ എന്നെയും അദ്ദേഹം ക്ഷണിക്കാറുണ്ടായിരുന്നു. എന്നാൽ ആ കാലത്ത് ഒരിക്കൽ സോവിയറ്റ് യൂനിയന്റെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് ഇന്ത്യ സന്ദർശനത്തിനായി എത്തിയപ്പോൾ ചില നയതന്ത്ര കാരണങ്ങളാൽ ഞങ്ങൾക്ക്   അദ്ദേഹത്തെ കാണാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഗോർബച്ചേവിനെ പോലൊരു നേതാവുമായി അടുത്ത് ആശയ വിനിമയം നടത്താനുള്ള  അവസരം നഷ്ടമാകും എന്നതിനാൽ  പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട്  ഞങ്ങൾ ഗോർബച്ചേവിനെ കാണാനുള്ള ആഗ്രഹം അറിയിച്ചു.  അങ്ങനെ രാജീവ് ഗാന്ധി ഞങ്ങൾക്ക് വേണ്ടി അനൗദ്യോഗികമായ ഒരു കൂടിക്കാഴ്ചക്ക് വേദിയൊരുക്കിത്തരികയായിരുന്നു അന്ന്. ഞാനും ജയറാം രമേഷും 35 എം.എം പ്രോജക്ടർ ഒക്കെ തയാറാക്കി അദ്ദേഹത്തെ കാണാൻ തയാറായി ഇരുന്നതും ഒരു മണിക്കൂർ നേരം ഗോർബച്ചേവിനോടൊപ്പം സംസാരിച്ചിരുന്നതും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്. വിയറ്റനാം പ്രസിഡന്റടക്കമുള്ള ലോകനേതാക്കളെ നേരിട്ട് കാണാനും സംസാരിക്കാനും  സാധിച്ചത് പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ഗാന്ധി അതിനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ഒരുക്കിത്തന്നതുകൊണ്ടു കൂടിയാണ്. തടസ്സമായി നിന്നിരുന്ന പല സാഹചര്യങ്ങളുണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കുന്നതിനായി രാജീവ് ഗാന്ധി  തന്നെ മുൻകൈയെടുത്തിരുന്നത് ഞങ്ങൾക്ക് ലഭിച്ച വലിയൊരു ഭാഗ്യം കൂടിയായിരുന്നു. 


ആരെയും ആകർഷിക്കുന്ന വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത്. ഒരിക്കൽ കുറച്ച് എൻജിനീയർമാർ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തി. അദ്ദേഹം പിരിയുന്നതിനു മുമ്പ്  എല്ലാവർക്കും ഹസ്തദാനം നൽകിക്കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ഹുസൈൻ എന്ന ഒരു എൻജിനീയർ  പറഞ്ഞു, ഈ കൈ കഴുകാതെ ഞാൻ സൂക്ഷിക്കും. രാജീവ് ഗാന്ധി ഹസ്തദാനം ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് പിന്നീടുള്ള മുപ്പതോളം ദിവസം അദ്ദേഹം കൈയുറ  അണിഞ്ഞിരുന്നു. കണ്ടുമുട്ടുന്നവരിലൊക്കെയും വലിയൊരു സ്വാധീനമുണ്ടാക്കാൻ സാധിച്ച ആരോടും എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്ന വ്യക്തിപ്രഭാവം തന്നെയായിരുന്നു രാജീവ് ഗാന്ധി.


ഇന്ത്യയെ ഉയരങ്ങളിലെത്തിക്കുക എന്ന ഒരൊറ്റ ചിന്തയോടെയായിരുന്നു ഞങ്ങളെല്ലാവരും അന്ന് പ്രവർത്തിച്ചിരുന്നത്. ഒരു തരം ലഹരിയായിരുന്നു ഞങ്ങൾക്ക് അന്ന്. ഇന്ത്യയുടെ മുന്നേറ്റത്തിനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെയും നടപ്പിലാക്കാൻ ഞങ്ങളെല്ലാവരും ഒരുപോലെ പ്രയത്‌നിച്ചുക്കൊണ്ടിരുന്ന ഒരു സുവർണ കാലഘട്ടമായിരുന്നു അത്. ഒരർത്ഥത്തിൽ രാജീവ് ഗാന്ധിയോടൊപ്പം  ഇന്ത്യയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തോടൊപ്പം കഠിനമായി ഞങ്ങൾ യത്‌നിച്ച നാളുകളായിരുന്നു  അതെന്ന് പറയാം. 


ഓരോരുത്തരോടും സംസാരിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്കുണ്ടായ വ്യക്തിപരമായ ഒരനുഭവം ഞാനിവിടെ ഓർക്കുകയാണ്. റീഗൺ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് രാജീവ് ഗാന്ധിയുടെ  അമേരിക്കൻ സന്ദർശന വേളയിൽ അമേരിക്കയിലുണ്ടായിരുന്ന എനിക്കും കുടുംബത്തിനുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചക്ക് രാജീവ് ഗാന്ധി  സമയം കണ്ടെത്തിയിരുന്നു. കുറെ നാളുകളായി എന്റെ ഭാര്യയെ  ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള  അനുനയ ശ്രമങ്ങൾ ഞാൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ രാജീവ് ഗാന്ധിയുമായുള്ള ആ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് എന്റെ ഭാര്യ അനുവിനെ  വളരെ എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ അവരെ എളുപ്പത്തിൽ പറഞ്ഞു ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. എന്നെ ഞാൻ ആക്കുന്നതിൽ  നിർണായകമായ പങ്ക് വഹിച്ച വ്യക്തിയെന്ന  നിലയിൽ രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഓർമകൾ എന്നിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

 

Latest News