പാവപ്പെട്ടവർക്കായുള്ള സർക്കാരിന്റെ ''സ്വപ്‌ന'' പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് അനുദിനം പുറത്തു വരുന്നത്. അവസാനം ഫയലുകൾ പരിശോധിക്കാൻ തന്നെ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നു. കേന്ദ്രവും വിഷയത്തിൽ ഇടപെടുന്നതായാണ് സൂചന. അതോടൊപ്പം തന്നെ സ്വർണക്കടത്തും നയതന്ത്ര പരിരക്ഷയുള്ള ബാഗുമൊക്കെ വാർത്തകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. അഴിമതി സർവലോക പ്രതിഭാസമാണെന്നു പണ്ടൊരു മന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓണക്കിറ്റിൽ പോലും അഴിമതിയെന്നു വിജിലൻസ് പറയുന്നു. ഈ വർഷത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടും അഴിമതി വാർത്ത പുറത്തു വന്നു. പി.എസ്.സി വഴി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ഭരണകക്ഷി നേതാവ് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ വാർത്തയും കണ്ടു. കുട്ടികൾക്കായി സ്‌കൂളിൽ സൂക്ഷിച്ചിരിക്കുന്ന അരി മറച്ചുവിറ്റതായും വാർത്ത വന്നു. കോവഡിനേക്കാൾ ഭീകരനാണ് അഴിമതിയെന്നതിന് പോയവാരത്തിലെ ഈ വാർത്തകളേക്കാൾ വലിയ തെളിവു വേണോ? എന്നാൽ അഴിമതിക്കൊപ്പം ജീവിക്കാൻ ഒരു ജനാധിപത്യ സംവിധാനത്തിൽ ആർക്കും ഉത്തരവാദിത്തമില്ല. അതിനാൽ തന്നെ ശക്തമായി പ്രതികരിക്കാനാണ് ജനാധിപത്യ വിശ്വാസികൾ തയാറാകേണ്ടത്.
അതിനിടയിലാണ് മറ്റൊരു മെഗാ അഴിമതിയുടെ വാർത്ത പുറത്തു വന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കേൽപിക്കാനുള്ള തീരുമാനം തന്നെയാണ് ഉദ്ദേശിക്കുന്നത്. കേരള സർക്കാരും മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെതിരെ രംഗത്തുണ്ട്. സംഭവത്തിൽ കോടതി കയറാനാണ് കേരള സർക്കാർ നീക്കം. സത്യത്തിൽ സർക്കാരിന് ടെൻഡറിൽ പങ്കെടുക്കാതിരിക്കാമായിരുന്നു. ടെൻഡറിൽ പങ്കെടുത്ത് കിട്ടാത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിനു ഫലമുണ്ടാകുമോ? എല്ലാ നപടിക്രമവും പാലിച്ചാണ് കൈമാറ്റം എന്നാണ് അവകാശവാദം. എന്നാൽ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു വിമാനത്താവളം എന്തിനാണ് കൈമാറ്റം ചെയ്യുന്നതെന്ന ചോദ്യം തികച്ചും ന്യായമാണ്. അതു തന്നെ അഴിമതിക്കുള്ള തെളിവാണ്. അതേസമയം വികസനത്തിൽ വളരെ പിറകിലാണ് ഈ വിമാനത്താവളമെന്നതിൽ സംശയമൊന്നുമില്ല. അതിനു പരിഹാരം കാണേണ്ടത് ആവശ്യമാണ്.
പൊതുമേഖല വിശുദ്ധ പശുവും സ്വകാര്യ മേഖല തട്ടിപ്പുമാണെന്ന സങ്കൽപത്തിൽ വലിയ കാര്യമൊന്നുമില്ല. അഴിമതിയിൽ പൊതുമേഖലയും മോശമല്ല. പൊതുമേഖല എത്രമാത്രം അധഃപതിക്കാമെന്നതിന് ഉദാഹരണമാണല്ലോ കെ.എസ്.ആർ.ടി.സി. പൊതുമേഖല അധഃപതിച്ചാൽ സ്വകാര്യ മേഖലയേക്കാൾ ദയനീയമാകും. അതിന്റെ മുഴുവൻ ബാധ്യതയും ജനങ്ങളുടെ തലയിലാകും. പൊതുമേഖല മാത്രമുണ്ടായിരുന്ന രാജ്യങ്ങളിലെ ജീർണതയൊക്കെ ലോകം കണ്ടതാണല്ലോ. പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിൽ ആരോഗ്യകരമായ മത്സരമാണ് ഉണ്ടാകേണ്ടത്. അതിൽ കൃത്യമായ മീഡിയേറ്ററായി സർക്കാർ ഉണ്ടാകുകയും വേണം. കുടിവെള്ള വിതരണം, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ സംസ്‌കരണം തുടങ്ങിയവ പൊതുമേഖലയിൽ നിലനിർത്തണം. മറ്റു മേഖലകൾ സർക്കാരിന്റെ എല്ലാ നിയന്ത്രണത്തോടെയും ആരോഗ്യകരമായ മത്സരത്തിനു വിട്ടുകൊടുക്കണം. അപ്പോൾ ജനങ്ങൾക്ക് എത്ര ഉപകാരമായിരിക്കും എന്നതിന് മൊബൈൽ ഫോൺ മേഖല തെളിവ്. പക്ഷേ നമ്മൾ ഈ സുപ്രധാന മേഖലകൾ സ്വകാര്യ മേഖലക്ക് കൊടുത്തിരിക്കുന്നു. മറുവശത്ത് സർക്കാർ നഷടത്തിലുള്ള കുറെ വ്യവസായങ്ങളും എന്തിന്, കുറി കമ്പനി പോലും നടത്തുന്നു. എത്രയോ പൊതുമേഖലാ സ്ഥാപനങ്ങളാണ് നഷ്ടത്തിലുള്ളത്. കുറെ നേതാക്കൾക്കും ഉദ്യാഗസ്ഥന്മാർക്കും തിന്നുമുടിക്കാനായാണ് അവ പൊതുമേഖലയിൽ നിലനിർത്തുന്നത്. വർഷങ്ങളായി കോടികളുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് പോലുള്ള വ്യവസായ സ്ഥാപനങ്ങൾ വേറെ. ഇതൊന്നുമല്ല ഒരു ജനാധിപത്യ സർക്കാരിന്റെ ജോലി. ഇവയെല്ലാം സംരംഭകർക്ക് വിട്ടുകൊടുത്ത് സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കലാണ്. അഡ്മിനിസ്‌ട്രേഷൻ കുറ്റമറ്റതാക്കലാണ്. അതിലാകട്ടെ നമ്മൾ പരാജയവുമാണ്.
അതേസമയം ഇതെല്ലാം പറയുമ്പോഴും കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലും സ്വകാര്യ പങ്കാളിത്തമാണ് കൂടുതൽ എന്നു മറക്കരുത്. സത്യത്തിൽ യഥാർത്ഥ മുതലാളിത്തത്തിന് ചില നൈതികതകളുണ്ട്. ഉണ്ടാകണം. മത്സരം ആരോഗ്യകരമാകുമെന്നതാണ് അതിൽ പ്രധാനം. സ്വാതന്ത്ര്യാനന്തര ആദ്യകാലത്തൊക്കെ അത് പ്രകടമാണ്. എന്നാലതൊക്കെ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. യാതൊരുവിധ നൈതികതയുമില്ലാതെ അദാനിക്കും അംബാനിക്കും എല്ലാം തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തിൽ തന്നെ വിഴിഞ്ഞം തുറമുഖം തീറെഴുതിക്കൊടുത്തതിനെതിരെ ആർക്കും കാര്യമായ പ്രതിഷേധമൊന്നുമില്ല. അതുപോലെ പ്രധാനമാണ് സ്വകാര്യ മേഖലിയിലും സംവരണം പാലിക്കണമെന്ന നിയമം കൊണ്ടുവരണമെന്നത്. അതും പാലിക്കപ്പെടുന്നില്ല.
തീർച്ചയായും ഇതൊന്നും ലാഭത്തിലുള്ള വിമാനത്താവളം അദാനിക്കുകൊടുക്കുന്നതിനു ന്യായീകരണമല്ല. ഇത് കൃത്യമായ അഴിമതി തന്നെയാണ്. ഇപ്പോഴത്തെ അവസ്ഥ നിലനിർത്തുകയും കാലത്തിനനുസരിച്ച വികസനം കൊണ്ടുവരികയുമാണ് വേണ്ടത്. അദാനിയും അംബാനിയുമൊക്കെ ചേർന്ന് രാജ്യം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനു ഒത്താശ ചെയ്യലല്ല കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. അതിനാൽ ഈ തീരുമാനം തിരുത്തുകയും അതേസമയം വികസനത്തിൽ പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കിനെ കുറിച്ച് ആരോഗ്യകരമായ സംവാദം ഉർത്തിക്കൊണ്ടുവരികയുമാണ് ഇപ്പോൾ ചേയ്യേണ്ടത്.