Sorry, you need to enable JavaScript to visit this website.

പുനരുപയോഗ ഊർജ മേഖലയിൽ ഏഴര ലക്ഷം തൊഴിലവസരങ്ങൾ

റിയാദ്- സൗദിയിൽ പുനരുപയോഗ ഊർജ മേഖലയിൽ നിലവിലെ നിക്ഷേപ നിലവാരങ്ങൾ പത്തു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം മുതൽ ഏഴര ലക്ഷം വരെ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് സൗദി-അമേരിക്ക ബിസിനസ് കൗൺസിൽ റിപ്പോർട്ട് പറഞ്ഞു. സൗദി യുവാക്കളുടെ ശേഷികൾ പരിപോഷിപ്പിക്കുന്നതിൽ മുൻനിര മേഖലകളിൽ ഒന്നായി പുനരുപയോഗ ഊർജ മേഖല മാറും. 2030 ഓടെ സൗദിയിൽ പുനരുപയോഗ ഊർജ ഉൽപാദന ശേഷി 5.3 ജിഗാവാട്ട് ആയി ഉയരും. ഇത് രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ ഏഴു ശതമാനത്തിന് തുല്യമായിരിക്കും. 
2030 ൽ സൗദിയിലെ ആകെ വൈദ്യുതി ഉൽപാദനം 102 ജിഗാവാട്ട് ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ൽ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ 77 ശതമാനവും സൗരോർജമായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 
വൈദ്യുതിക്കുള്ള വർധിച്ച ആവശ്യം നേരിടുന്നതിന് സൗദിയിൽ ഊർജ മേഖല വലിയ വികസനങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഊർജ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം സർക്കാർ ലക്ഷ്യമിടുന്നു. ഊർജ മേഖലയിൽ കാര്യക്ഷമത ഉയർത്തേണ്ടതും ആവശ്യമാണ്. ബദൽ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന് ചെലവും കുറവാണ്. രാജ്യത്തെങ്ങും ഇഷ്ടാനുസരണം സൗരോർജ ലഭ്യതയുമുണ്ട്. 2030 ഓടെ ബദൽ സ്രോതസ്സുകളിൽ നിന്ന് 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കാൻ സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. 
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയും വിദേശ നിക്ഷേപങ്ങൾ ആകർഷിച്ചും ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ഊർജ മേഖലയിലെ പുതിയ പദ്ധതികൾ നിരവധി സ്വദേശി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പ്രകാരം രണ്ടായിരാമാണ്ടു മുതൽ 2019 വരെയുള്ള കാലത്ത് സൗദിയിൽ ശരാശരി വാർഷിക ജനസംഖ്യാ വളർച്ച 2.8 ശതമാനമാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 34.2 ദശലക്ഷമാണ്. ഇതോടൊപ്പം വൈദ്യുതി ശൃംഖലയിലെ ഏറ്റവും കൂടിയ ലോഡ് 68.1 മെഗാവാട്ട് ആയി കഴിഞ്ഞ വർഷം ഉയർന്നു. രണ്ടായിരാമാണ്ടിൽ ഇത് 21.7 മെഗാവാട്ട് ആയിരുന്നു. വൈദ്യുതി ശൃംഖലയിലെ പരമാവധി ലോഡിൽ 5.7 ശതമാനം വാർഷിക വളർച്ചയാണ് 20 വർഷത്തിനിടെ രേഖപ്പെടുത്തിയത്. രണ്ടായിരമാണ്ടിൽ പ്രതിശീർഷ വൈദ്യുതി ഉപഭോഗം 5,575 കിലോവാട്ട് ആയിരുന്നു. 2019 ൽ ഇത് 8,434 കിലോവാട്ട് ആയി ഉയർന്നു. പ്രതിശീർഷ വൈദ്യുതി ഉപഭോഗത്തിൽ 2.2 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. 2015 മുതൽ പ്രതിശീർഷ വൈദ്യുതി ഉപഭോഗം കുറഞ്ഞുവരികയാണ്. 2015 ൽ പ്രതിശീർഷ വൈദ്യുതി ഉപഭോഗം 9,484 കിലോവാട്ട് ആയിരുന്നു. വൈദ്യുതി സബ്‌സിഡി ഭാഗികമായി എടുത്തുകളഞ്ഞതിന്റെ ഫലമായാണ് 2015 മുതൽ പ്രതിശീർഷ വൈദ്യുതി ഉപഭോഗം കുറഞ്ഞത്. 2018 ൽ ഗാർഹിക, വാണിജ്യ മേഖലകൾക്കുള്ള വൈദ്യുതി സബ്‌സിഡി വീണ്ടും എടുത്തുകളഞ്ഞിരുന്നു. 
കഴിഞ്ഞ പത്തു വർഷത്തിനിടെ പൂർത്തിയാക്കിയ വൻകിട നിർമാണ പദ്ധതികൾ വൈദ്യുതി ആവശ്യം വർധിക്കാൻ ഇടയാക്കി. 2010 മുതൽ 2019 വരെയുള്ള കാലത്ത് രണ്ടു ട്രില്യൺ റിയാലിന്റെ നിർമാണ പദ്ധതികൾക്ക് കരാറുകൾ നൽകിയതായാണ് കണക്കാക്കുന്നത്. 
പുനരുപയോഗ ഊർജ മേഖല നിരവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് സൗദി-അമേരിക്ക ബിസിനസ് കൗൺസിലിലെ സാമ്പത്തിക വിദഗ്ധൻ അൽബറാ അൽവസീർ പ്രതീക്ഷ പ്രകടിപ്പിച്ചു. പുനരുപയോഗ ഊർജ മേഖലയിൽ നിക്ഷേപങ്ങൾ വർധിച്ചുവരികയാണ്. 
ഈ മേഖലയിലെ പുതിയ പദ്ധതികൾ പത്തു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം മുതൽ ഏഴര ലക്ഷം വരെ തൊഴിലവസരങ്ങൾ ലഭ്യമാക്കും. 
സൗരോർജത്തിന്റെയും കാറ്റിന്റെയും ലഭ്യത പുനരുപയോഗ ഊർജ മേഖലയിൽ മധ്യപൗരസ്ത്യദേശത്ത് മുൻനിര സ്ഥാനം കൈവരിക്കാൻ സൗദി അറേബ്യയെ സഹായിക്കും. 
സൗരോർജ മേഖലയിൽ ആഗോള തലത്തിൽ ആറാം സ്ഥാനത്തും കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മേഖലയിൽ ആഗോള തലത്തിൽ 13-ാം സ്ഥാനത്തുമാണ് സൗദി അറേബ്യ. സൗദിയിൽ പുനരുപയോഗ ഊർജ മേഖല ആദ്യ ഘട്ടങ്ങളിലാണെങ്കിലും പുനരുപയോഗ ഊർജ മേഖലയിൽ ശേഷി ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതികൾ സ്വദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
പുനരുപയോഗ ഊർജ മേഖലയിൽ നിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് വൈദ്യുതി ഉൽപാദനത്തിനുള്ള ക്രൂഡ് ഓയിൽ, ഗ്യാസ് ഉപഭോഗം കുറക്കാനും ഊർജ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനും സഹായിക്കും. സൗദിയിൽ നിലവിൽ പുനരുപയോഗ ഊർജ മേഖലയിൽ ഏഴു പദ്ധതികൾ നടപ്പാക്കിവരികയാണ്. 2030 ഓടെ ഈ മേഖലയിൽ 3,000 കോടി ഡോളർ മുതൽ 7,000 കോടി ഡോളർ വരെ നിക്ഷേപങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Tags

Latest News