ആലപ്പുഴ- കായംകുളത്ത് ക്വട്ടേഷൻ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ സിയാദ് കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയ കൊലപാതകമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് മന്ത്രി ജി സുധാകരൻ. കായംകുളത്ത് നടന്നത് രാഷ്ട്രീയ സംഘട്ടനമല്ല. അതുകൊണ്ട് തന്നെ അത് രാഷ്ട്രീയ കൊലപാതകമെന്ന് പറയാൻ കഴിയില്ല. കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് അരും കൊല ചെയ്തത്. സിയാദിനെ കൊലപ്പെടുത്തിയത് ഗുണ്ടാ മാഫിയാ സംഘമാണ്. ഇവിടെ രാഷ്ട്രീയ വിഷയം ഉയർന്നുവരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. കൊല്ലപ്പെട്ട സിയാദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകം ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയും ജില്ലാ സെക്രട്ടറി ആർ നാസറും പ്രാദേശിക സി പി എം നേതൃത്വവും ആരോപിച്ചിരുന്നു. എന്നാൽ ഇതിനെ പാടെ തള്ളിയാണ് മന്ത്രി കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ സി പി എം രക്തസാക്ഷി കൃഷിക്കിറങ്ങിയിരിക്കുകയാണെന്ന് കോടിയേരിയുടെ ആരോപണത്തോട് ഡി സി സി പ്രസിഡന്റ് എം ലിജു കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി സി പി എമ്മിന് അറിയാമെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഭവത്തിന് രാഷ്ട്രീയനിറം നൽകാനാണ് നേതൃത്വം ശ്രമിച്ചത്.