Sorry, you need to enable JavaScript to visit this website.

ദലിത് കുടുംബത്തിന് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചു

ഉള്ള്യേരി- ദലിത് കുടുംബത്തിന് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചതായി പരാതി. അത്തോളി ഗ്രാമ പഞ്ചായത്തിലെ കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ദലിത് കുടുംബത്തിന് പ്രവേശനം നിഷേധിച്ചത്. കൂമുള്ളി സ്വദേശിയായ യുവതിയും കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ വരനും തമ്മില്‍ വെള്ളിയാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17ന് വിവാഹ നിശ്ചയത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ ക്ഷേത്ര ഭാരവാഹികളില്‍ നിന്നും അനുമതി തേടിയിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ കഴിയില്ലെന്ന് മൂന്നു ദിവസം മുമ്പ് ബന്ധപ്പെട്ടവര്‍ അറിയിച്ചതായാണ് പരാതി.  ഇതേത്തുടര്‍ന്ന് സി.പി.എം നേതൃത്വത്തില്‍ കൂമുള്ളി നോര്‍ത്ത് വായനശാലയില്‍വെച്ച്, നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടക്കുകയും ചെയ്തു. അതേസമയം ദലിത് കുടുംബത്തിന് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

Latest News