Sorry, you need to enable JavaScript to visit this website.

ഒമ്പതു മേഖലകളിലെ സൗദിവൽക്കരണം: 35,000 പേർക്ക് തൊഴിൽ ലഭിക്കും

റിയാദ് - പുതുതായി ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ 35,000 സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. ഒമ്പതു മേഖലകളിൽ വ്യാഴാഴ്ച മുതലാണ് സൗദിവൽക്കരണം നിർബന്ധമാക്കിയത്. തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, മിനറൽ വാട്ടർ-പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി ഉൽപന്നങ്ങൾ-വിദ്യാർഥി സേവനം, പ്രസന്റേഷൻ-ആക്‌സസറീസ്-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, ഗെയിമുകൾ-കളിക്കോപ്പുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ എണ്ണകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വിൽക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയിരിക്കുന്നത്. 


ഒമ്പതു വ്യാപാര മേഖകളിലെ പബ്ലിക് റിലേഷൻസ് മാനേജർ, കാഷ്യർ, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, സൂപ്പർവൈസർ, സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന മേധാവി, മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, കോഫി മേയ്ക്കർ, സെയിൽസ്മാൻ എന്നീ തസ്തികകൾക്ക് സൗദിവൽക്കരണം ബാധകമാണ്. പുതിയ സൗദിവൽക്കരണത്തിലൂടെ അര ലക്ഷത്തോളം സൗദികൾ തൊഴിൽ വിപണിയിൽ പ്രവേശിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 
സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനു മുമ്പ് ഈ മേഖലകളിൽ സ്വദേശിവൽക്കരണം 18 ശതമാനമായിരുന്നു. സ്വദേശിവൽക്കരണ തീരുമാനം നിർബന്ധമാക്കുന്നതിനു മുമ്പ് ഈ മേഖലകളിൽ 21,000 സൗദികളാണ് ജോലി ചെയ്തിരുന്നത്. ഒമ്പതു മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 50 ശതമാനം തോതിൽ കുറക്കാൻ പുതിയ തീരുമാനം സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു. 

Latest News