ജിദ്ദ - രാജ്യത്തെ ഇൻഡസ്ട്രിയൽ സിറ്റികളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 17,000 ആയി ഉയർന്നതായി സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റി വെളിപ്പെടുത്തി. വ്യവസായ മേഖലയിൽ വനിതാ നിക്ഷേപ ശാക്തീകരണം എന്ന ശീർഷകത്തിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വിർച്വൽ ശിൽപശാലയിൽ പങ്കെടുത്ത് സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റി അധികൃതർ ആണ് വ്യവസായ നഗരങ്ങളിൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ കണക്ക് വെളിപ്പെടുത്തിയത്.
വ്യവസായ മേഖലയിൽ വനിതാ നിക്ഷേപങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ് ശിൽപശാല സംഘടിപ്പിച്ചതെന്ന് അതോറിറ്റി വക്താവ് ഖുസയ് അൽഅബ്ദുൽ കരീം പറഞ്ഞു. ഇൻഡസ്ട്രിയൽ സിറ്റികളിൽ ക്രഷെ, നഴ്‌സറി വികസന പദ്ധതി നടപ്പാക്കുന്നതിന് തത്‌വീർ അൽമബാനി കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. വ്യവസായ പദ്ധതികൾ ആരംഭിക്കുന്ന സൗദി വനിതകൾക്ക് ലഘുവായ്പാ പദ്ധതികളും മറ്റു സേവനങ്ങളും ഉൽപന്നങ്ങളും പ്രയോജനപ്പെടുത്താവുന്നതാണെന്നും ഖുസയ് അൽഅബ്ദുൽ കരീം പറഞ്ഞു.